മാനന്തവാടി: വൈദ്യുതി ബില്‍ കുടിശ്ശികയുടെ പേരില്‍, രോഗിയായ വയോധികന്റെ ഭൂമി ജപ്തി ചെയ്തു. ആകെയുള്ള ഒമ്ബതു സെന്റില്‍ മൂന്ന് സെന്റാണ് കെ.എസ്.ഇ.ബിക്കുവേണ്ടി റവന്യു അധികൃതര്‍ ജപ്തി ചെയ്തത്.
തിരുനെല്ലി അപ്പപ്പാറ ചെറുമാത്തൂര്‍കുന്ന് തിമ്മപ്പന് ചെട്ടി (48) യുടെ 86/179 സര്‍വേ നമ്ബറിലെ ഭൂമിയാണ് ജപ്തി ചെയ്തത്.
ജൂണ്‍ 16നാണ് ജപ്തി ചെയ്തതായി മാനന്തവാടി താഹസില്‍ദാര്‍ നോട്ടീസ് നല്‍കിയത്. 2017 ജൂലൈ 20 മുതല്‍ 2018 ജൂലൈ നാലുവരെ ഉപയോഗിച്ച വൈദ്യുതിയുടെ തുകയായ 11,293 രൂപയും 18 ശതമാനം പലിശയും ഈടാക്കാനാണ് നടപടി. കുടിശ്ശിക അടക്കാന്‍ മൂന്നുമാസം സാവകാശം നല്‍കുമെന്നും ഈ സമയത്തിനുശേഷവും അടച്ചില്ലെങ്കില്‍ സ്ഥലം ലേലം ചെയ്യുമെന്നുമാണ് നോട്ടീസില്‍ വ്യക്തമാക്കുന്നത്.
എന്നാല്‍, താന്‍ 7474 രൂപ മാത്രമാണ് അടക്കാനുള്ളതെന്നും ഇതില്‍ 2019 മാര്‍ച്ച് അഞ്ചിന് 2636 രൂപയും 2020 ഫെബ്രുവരി നാലിന് 2806 രൂപയും അടച്ചെന്നും തിമ്മപ്പന് ചെട്ടി പറയുന്നു. നിലവില്‍ ഇയാളും ഭാര്യ അമ്മിണിയും മകള്‍ ദിവ്യയുടെ ബാവലി ചേകാടിയിലെ വീട്ടിലാണ് താമസിക്കുന്നത്. ജപ്തി നോട്ടീസ് ഇവിടേക്ക് എത്തിക്കുകയായിരുന്നു. നിത്യരോഗിയായ ചെട്ടിക്ക് ആകെ ലഭിക്കുന്ന വാര്‍ധക്യകാല പെന്ഷന് മാത്രമാണ് ഏക ആശ്വാസം.
