പൂക്കോട്ടുംപാടം ടി.കെ കോളനിയില്‍ കരടിയുടെ ആക്രമണത്തില്‍ മധ്യവയസ്കന് പരിക്ക്

പൂക്കോട്ടുംപാടം (മലപ്പുറം): വനത്തിനകത്ത് കിഴങ്ങുവര്‍ഗ്ഗങ്ങള്‍ ശേഖരിക്കുന്നതിനിടെ കരടിയുടെ ആക്രമണത്തില്‍ മധ്യവയസ്കന് പരിക്കേറ്റു.

തേള്‍പ്പാറ ടി.കെ കോളനിയിലെ മൊരടന്‍ കുഞ്ഞനാണ് (56) പരിക്കേറ്റത്. തലക്കു പുറകില്‍ സാരമായ പരിക്കേറ്റ കുഞ്ഞനെ നിലമ്ബൂര്‍ ജില്ല ആശുപത്രിയില്‍ എത്തിച്ച്‌ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. വള്ളിമാങ്ങയും കൂണും ശേഖരിക്കാനായാണ് ടി.കെ കോളനിക്ക് സമീപം വനാതിര്‍ത്തിയിലേക്ക് കുഞ്ഞന്‍ തനിച്ച്‌ പോയത്. ഇയാളെ കരടി മാന്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഓടി രക്ഷപ്പെട്ട ഇയാളെ ഉടന്‍ തന്നെ കോളനി നിവാസികളും മറ്റും ചേര്‍ന്ന് ജില്ല ആശുപത്രിയിലെത്തിക്കുകയായിരുന്നു.

മുത്തേടം, കരുളായി, ടി.കെ കോളനി ഭാഗങ്ങളില്‍ നേരത്തെ തന്നെ കരടിയുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കാട്ടാനകള്‍ ഉള്‍പ്പെടെ ഭീതി പരത്തുമ്ബോഴാണ് കരടിയുടെ സാന്നിധ്യം കൂടി ഉണ്ടായിരിക്കുന്നത്. പുലിയുടെ ആക്രമണം ഉണ്ടായി എന്നാണ് ആദ്യം പറഞ്ഞു കേട്ടതെങ്കിലും കരടിയാണ് തന്നെ ആക്രമിച്ചതെന്ന് കുഞ്ഞന്‍ പറഞ്ഞതായി ഒപ്പം എത്തിയവര്‍ അറിയിച്ചു. ചക്കിക്കഴി വനം സ്റ്റേഷനിലെ വനപാലകരും ഗ്രാമപഞ്ചായത്തംഗം ബാലസുബ്രഹ്മണ്യനുമുള്‍പ്പെടെ കരടിയുടെ ആക്രമണമുണ്ടായ ടി.കെ കോളനിയില്‍ എത്തി.

Leave a Reply

Your email address will not be published. Required fields are marked *