ശ്രീനഗര്‍: ജമ്മുകാശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുലാം നബി ആസാദിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുന്നതിന് തത്വത്തില്‍ അംഗീകാരം നല്‍കി കോണ്‍ഗ്രസ്.
ജമ്മുകാശ്മീരിലെ നേതാക്കളുടെ ആവശ്യപ്രകാരമാണ് ഗുലാം നബി ആസാദിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചത്. പ്രത്യേക പദവി എടുത്തു മാറ്റിയതിന് ശേഷം പ്രഖ്യപിച്ച ആദ്യ നിയമസഭാ തെരഞ്ഞെടുപ്പ് ഈ വര്‍ഷം അവസാനം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.
വിവിധ ഘടകങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ ഡല്‍ഹിയില്‍ നടന്ന യോഗത്തില്‍ ഐക്യഖണ്ഡേനെയാണ് ഗുലാം നബി ആസാദിനെ പിന്തുണച്ചത്. യോഗത്തിന്റെ തീരുമാനത്തെ ആരും എതിര്‍ത്തില്ല. ഗുലാം നബി ആസാദല്ലാതെ മറ്റൊരു ബദല്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ കഴിയില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ജി എം സരൂരി പറഞ്ഞു.
ഗുലാം നബി ആസാദ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ജമ്മു കാശ്മീരില്‍ മികച്ച ഭരണമാണ് ഉണ്ടായിരുന്നതെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു. ജമ്മുകാശ്മീരില്‍ പാര്‍ട്ടിയുടെ മുഖമായി ഗുലാം നബി ആസാദ് മാറുമെന്നും മറ്റൊരു നേതാവായ ഗുലാം നബി മോംഗ പറഞ്ഞു. അദ്ദേഹത്തിന്റെ ഭരണം ജനങ്ങള്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ജമ്മു കാശ്മീര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനായിരുന്ന ജി ആര്‍ മീര്‍ സ്ഥാനമൊഴിഞ്ഞ സാഹചര്യത്തില്‍ പുതിയ അധ്യക്ഷനെ നിയമിക്കുമെന്നും നേതൃത്വം അറിയിച്ചു. 2014ലാണ് മിര്‍ പിസിസിയുടെ അധ്യക്ഷനായത്. 2014 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് മികച്ച പ്രകടനം കാഴ്ചവെക്കാനായില്ല. 2019 ലെ അനന്ത്നാഗ് ലോക്സഭാ സീറ്റില്‍ നിന്ന് അദ്ദേഹം മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. വികാര്‍ റസൂല്‍, ജി എം സറൂരി, മനോഹര്‍ ലാല്‍, പീര്‍സാദ മുഹമ്മദ് സയീദ്, താരിഖ് ഹമീദ് കര്‍റ, ഗുലാം നബി മോംഗ എന്നിങ്ങനെ ആറ് പേരെയാണ് ഈ സ്ഥാനത്തേക്ക് പരിഗണിച്ചിട്ടുള്ളത്. ജമ്മു കശ്മീരിലെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനും താഴെത്തട്ടില്‍ പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളോട് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടു.
