ലക്നോ: ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലക്നോവില്‍ പ്രവര്‍ത്തിക്കുന്ന ലുലു മാളിനെ തകര്‍ക്കാന്‍ നടക്കുന്ന നീക്കങ്ങള്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മുന്നറിയിപ്പ്.
ബോധപൂര്‍വം മതസ്പര്‍ധയും വിദ്വേഷവും സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ ക്രിമിനല്‍ നടപടി ഉറപ്പാക്കണമെന്ന് യോഗി ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്കി. ഉദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിംഗ് യോഗത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.
രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ ലുലുമാളിനെ വിവാദ കേന്ദ്രമാക്കാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമം നടത്തുകയാണ്. അധികൃതര്‍ ഇതിനെതിരേ ശക്തമായ നടപടി സ്വീകരിക്കുമ്ബോഴും ഒരു വിഭാഗം പ്രകോപനം തുടരുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഇല്ലാതാക്കിയുള്ള പ്രതിഷേധങ്ങള്‍ അനുവദിക്കില്ല. ലുലു മാളിന്റെ സുരക്ഷയ്ക്കായി എല്ലാ നടപടികളും സ്വീകരിക്കണമെന്നും യോഗി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി.
ജൂലൈ 10ന് യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്ത ഷോപ്പിംഗ് മാളിനെതിരേ ദിവസങ്ങള്‍ക്കുള്ളില്‍ ഹിന്ദു മഹാ സഭ രംഗത്തെത്തിയിരുന്നു. മാളില്‍ പരസ്യമായി മുസ്ലിം വിഭാഗക്കാര്‍ ആരാധന നടത്തുന്നുവെന്നും മുസ്ലിം വിഭാഗക്കാരാണ് ജോലിക്ക് കൂടുതലെന്നും പ്രചരണം നടന്നു. മാള്‍ ബഹിഷ്കരിക്കണമെന്ന ആഹ്വാനവും ചില സംഘടനകള്‍ നടത്തിയിരുന്നു.
