അന്താരാഷ്ട്ര ഏജന്‍സി പഠനറിപ്പോര്‍ട്ട് തയാറാക്കും

കോതമംഗലം: മുല്ലപ്പെരിയാര്‍ ഡാം വിഷയത്തില്‍ സര്‍ക്കാര്‍ ചുവടുമാറ്റുന്നു. ഇതുവരെയുള്ള നിയമപോരാട്ടത്തില്‍ ആശാവഹമായ പുരോഗതി ഉണ്ടാവാത്ത സാഹചര്യത്തില്‍ കൂടുതല്‍ കരുതലോടെ തുടര്‍നീക്കം നടത്തണമെന്നാണ് ഇക്കാര്യത്തില്‍ മന്ത്രിസഭയുടെ പൊതുവികാരമെന്ന് ജലസേചന വകുപ്പ് മന്ത്രി മാത്യൂ ടി തോമസ് പറഞ്ഞു.

ഇന്നലെ ഭൂതത്താന്‍ കെട്ടില്‍ പെരിയാറിന് കുറുകെയുള്ള സമാന്തര പാലത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനത്തിനെത്തിയപ്പോഴായിരുന്നു മന്ത്രി മുല്ലപ്പെരിയാര്‍ ഡാം സുരക്ഷാ വിഷയത്തിലെ സര്‍ക്കാരിന്റെ ഭാവി നടപടികളെക്കുറിച്ച് വ്യക്തമാക്കിയത്.
ഇതുവരെ നടത്തിയ പഠനറിപ്പോര്‍ട്ടുകള്‍ പരമോന്നത നീതിപീഠം കണക്കിലെടുത്തിട്ടില്ല.

അതുകൊണ്ട് ഇനി ഇതുസംബന്ധിച്ച് ഒരു പഠനറിപ്പോര്‍ട്ട് തയ്യാറാക്കുന്നത് അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള ഏജന്‍സി തന്നെ വേണമെന്നാണ് മുഖ്യമന്ത്രിയുടെയും താല്‍പര്യം. ഇനി ഇത്തരത്തില്‍ ഒരു നീക്കം മാത്രമാണ് നമ്മുടെ മുന്നിലുള്ള പ്രതീക്ഷ അദ്ദേഹം തുടര്‍ന്നു പറഞ്ഞു.

അഞ്ചുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് എല്ലാവര്‍ക്കും ശുദ്ധജലം ലഭ്യമാക്കുക എന്ന ബൃഹത് പദ്ധിയുടെ പിന്നാലെയാണിപ്പോള്‍ ജലസേചന വകുപ്പ്. ഇക്കാര്യത്തില്‍ ജനങ്ങളുടെ പരിപൂര്‍ണ്ണ പിന്‍തുണ ആവശ്യമാണ്. 280 കോടി ലിറ്റര്‍ വെള്ളം സംസ്ഥാനത്ത് ശുദ്ധീകരിക്കുന്നുണ്ട്. എന്നാല്‍ 162 ലിറ്റര്‍ വെള്ളത്തിന് മാത്രമാണ് ബില്‍ ഇടാന്‍ കഴിയുന്നുള്ളു. ബാക്കിയുള്ള ജലം പലവഴിക്കായി നഷ്ടപ്പെടുന്നു. ഈ സ്ഥിതിമാറണം.ഇക്കാര്യത്തില്‍ ശക്തമായ ഇടപെടല്‍ നടത്തുന്നുണ്ട്. എല്ലാവര്‍ക്കും ശുദ്ധജലമെത്തിക്കുന്ന പദ്ധതിക്കായി 20000 കോടി രൂപയുടെ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്.

ഈ മണ്‍സൂണില്‍ മഴ വേണ്ടത്ര മഴ ലഭിച്ചില്ല. ഇനി തുലാമഴയിലാണ് പ്രതീക്ഷ. തുലാവര്‍ഷവും കനിഞ്ഞില്ലെങ്കില്‍ സംസ്ഥാനത്ത് ജലക്ഷാമം രൂക്ഷമാവും. ഈ സ്ഥിതിവിശേഷം മുന്നില്‍ക്കണ്ട് ഇപ്പോഴെ ഇക്കാര്യത്തില്‍ ജലസേചന വകുപ്പ് ശക്തമായ നീക്കം ആരംഭിച്ചിട്ടുണ്ട്. ജലസ്രോതസ്സുകള്‍ എന്തുതന്നെയായലും അത് നിലനിര്‍ത്താന്‍ നമ്മള്‍ തയ്യാറാവണം. ഇല്ലെങ്കില്‍ ഇനിയുള്ള കാലം ശുദ്ധജലം കിട്ടാക്കനിയായി മാറും, മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *