കിഫ്ബിക്കെതിരെ സിഎജി; ബജറ്റിന് പുറത്തു നിന്നുള്ള കടമെടുപ്പ് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്നു

തിരുവനന്തപുരം: പുറത്തുനിന്നുള്ള കടമെടുപ്പ് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്നുവെന്ന് സിഎജി. കിഫ്ബി വായ്പയെ കുറിച്ച് പരാര്‍മര്‍ശിക്കുന്ന റിപ്പോര്‍ട്ടിലാണ് സിഎജി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാനത്ത് 8604.19 കോടി കിഫ്ബി വഴി ബജറ്റിന് പുറത്ത് വായ്പയെടുത്തു, പെന്‍ഷന്‍ കമ്പനി 669. 05 കോടി രൂപയും വായ്പയെടുത്തു. ഈ രണ്ട് ഇനങ്ങളിലായി 9273.24 കോടി രൂപ ബജറ്റിന് പുറത്ത് ആകെ കടം എടുത്തതായും ഇത് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്നതുമായാണ് സിഎജിയുടെ കണ്ടെത്തല്‍. സംസ്ഥാനത്തിന്റെ ആകെ കടം 3,24,855.06 കോടിയായി. ഇത് തുടര്‍ന്നാല്‍ കടം കുമിഞ്ഞ് കൂടും. പലിശ കൊടുക്കല്‍ മാത്രം കടത്തിന് കാരണമാകും. കാലക്രമേണ ഭാവി തലമുറയ്ക്ക് ഭാരമാകും.
കിഫ്ബിയില്‍ സര്‍ക്കാരിന്റെ വാദങ്ങള്‍ തള്ളുകയാണ് സിഎജി. കിഫ്ബി ആകസ്മിത ബാധ്യതയെന്ന സര്‍ക്കാര്‍ വാദമാണ് തള്ളുന്നത്. കിഫ്ബി നേരിട്ടുള്ള ബാധ്യത തന്നെയാണ്. കിഫ്ബിക്ക് സ്വന്തമായി വരുമാനമില്ല. ബാധ്യത സര്‍ക്കാര്‍ തന്നെ തീര്‍ക്കണം. സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കണമെങ്കില്‍ റവന്യു കമ്മിയും ധനകമ്മിയും നിയന്ത്രിക്കുകയാണ് വേണ്ടെന്നും സിഎജി റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.
കിഫ്ബി വിദേശ നാണയ ചട്ടം ലംഘിച്ചെന്ന പരാതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് മുന്‍ ധനമന്ത്രി തോമസ് ഐസകിന് കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചിരുന്നു. കിഫ്ബിക്ക് വിദേശത്ത് നിന്ന് നിക്ഷേപം സ്വീകരിച്ചത് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചില്ലെന്നും മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നുമായിരുന്നു പരാതി. എന്നാല്‍
മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ ചൂണ്ടിക്കാട്ടി ഐസക് ചോദ്യം ചെയ്യലിന് ഹാജരായില്ല. ഈ സാഹചര്യത്തില്‍ വീണ്ടും നോട്ടീസ് നല്‍കാനാണ് ഇഡിയുടെ തീരുമാനം. പുതിയ തീയതി നിശ്ചയിച്ച് ഉടന്‍ നോട്ടീസ് അയക്കും. നോട്ടീസ് കിട്ടിയാലും ഹാജരാകണോയെന്ന് പാര്‍ട്ടിയോട് ആലോചിച്ച് തീരുമാനിക്കുമെന്നാണ് തോമസ് ഐസക് വ്യക്തമാക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *