ഒരു കത്തും യു എ ഇ ഭരണാധികാരിക്ക് താന്‍ നല്‍കിയിട്ടില്ല: കെ ടി ജലീല്‍

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ഇപ്പോള്‍ സ്വപ്‌ന പറഞ്ഞ കാര്യങ്ങളെല്ലാം നേരത്തെ നല്‍കിയ മൊഴിയുടെ ആവര്‍ത്തനം മാത്രമാണെന്ന് കെ ടി ജലീല്‍.

സ്വപ്‌നയുമായി താന്‍ നടത്തിയ വാട്ട്‌സ് ആപ് ചാറ്റുകള്‍ വലിയ സ്‌ക്രീനിലാക്കി അന്വേഷണ ഏജന്‍സി തന്നെ തനിക്ക് കാണിച്ച്‌ തന്നിട്ടുണ്ട്. ആ തെളിവുകള്‍ തനിക്ക് ശരിക്കും അനുഗ്രഹമായി മാറുകയായിരുന്നു.

മാധ്യമം പത്രം നിരോധിക്കുന്നതടക്കമുള്ള ഒരു ആവശ്യവുമായി ഒരു കത്തും യു എ ഇ ഭരണാധികാരിക്ക് താന്‍ അയച്ചിട്ടില്ല. തന്റെ മെയില്‍ പരിശോധിച്ചാല്‍ വ്യക്തമാകും. ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് ബാധിച്ച്‌ മരിച്ച ആളുകളുടെ ഫോട്ടോവെച്ച്‌ മാധ്യമം ഒരു ഫീച്ചര്‍ തയ്യാറാക്കി. ഇത് ഇവിടെയുള്ള അവരുടെ ബന്ധുക്കളില്‍ വലിയ പ്രയാസമുണ്ടാക്കി. ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് ചികിത്സ ലഭിക്കാതെ മരണപ്പെട്ടുവെന്നാണ് മാധ്യമം പത്രത്തില്‍ വന്നത്. ഇതിന്റെ നിജസ്ഥിതി അന്വേഷിച്ച്‌ കോണ്‍സുല്‍ ജനറലിന്റെ പി എക്ക് ഒരു വാട്ട്‌സ് ആപ് മെസേജ് അയച്ചു. അതില്‍ എവിടേയും ഒരു പത്രം നിരോധിക്കണമെന്ന് പറഞ്ഞിട്ടില്ല. ഈ പത്രം നിരോധിച്ചാല്‍ തനിക്ക് എന്തെങ്കിലും ലാഭം ലഭിക്കുമെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അവര്‍ അത് തെളിയിക്കട്ടെ.

കോണ്‍സുല്‍ ജനറലുമായി ചേര്‍ന്ന് ഒരു ബിസിനസും നടത്തിയിട്ടില്ല. തന്റെ ജീവിതത്തില്‍ ആകെ ചെയ്ത ഒരു ബിസിനസ് യൂത്ത്‌ലീഗ് ഭാരവാഹിയായിരിക്കെ ഒരു ട്രാവല്‍ ഏജന്‍സി നടത്തിയതായിരുന്നു. അത് പിന്നീട് പൂട്ടി. ഇതല്ലാതെ തന്റെ ജീവിതത്തില്‍ ലോകത്ത് എവിടേയും ഒരു ബിസിനസും നടത്തിയിട്ടില്ല. തന്റെ എല്ലാ എക്കൗണ്ടുകളും സാമ്ബത്തിക അവസ്ഥയുമെല്ലാം ഇ ഡി പരിശോധിച്ചതാണ്. അനധികൃതമായി ഒരു രൂപ പോലും താന്‍ സമ്ബാദിച്ചിട്ടില്ല. തനിക്ക് പത്തൊമ്ബതര സെന്റ് സ്ഥലവും ഒരു വീടുമുണ്ട്. നികുതിയടക്കാത്ത ഒരു രൂപ തന്റെ പക്കലില്ല.
സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ തനിക്കുള്ള ബന്ധം അവരായിരുന്നു പറയേണ്ടിരുന്നത്. എന്നാല്‍ ഇതുവരെ ഒരു തെളിവ് പോലും ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *