സമരവുമായി യു.ഡി.എഫ് മുന്നോട്ട്: ചെന്നിത്തല

തിരുവനത്രപുരം പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ പ്രതിപക്ഷത്തിന് സ്വീകാര്യമല്ല. പ്രശ്‌നത്തില്‍ സര്‍ക്കാരിന് ആത്മാര്‍ഥതയുണ്ടെങ്കില്‍ ആദ്യം വേണ്ടത് സ്വാശ്രയ മാനേജ്‌മെന്റുകളോട് ഫീസ് കുറയ്ക്കാന്‍ ആവശ്യപ്പെടുകയാണ്‌ചെന്നിത്തല പറഞ്ഞു.

തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നത്തില്‍ സമരവുമായി മുന്നോട്ടു പോകാനാണ് യു.ഡി.എഫിന്റെ തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മറ്റ് പ്രതിപക്ഷാംഗങ്ങള്‍ക്കൊപ്പം നിയമസഭ ബഹിഷ്‌കരിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമസഭാ നടപടികള്‍ അനിശ്ചിതമായി തടസ്സപ്പെടുത്താന്‍ യു.ഡി.എഫിന് ആഗ്രഹമില്ല. സര്‍ക്കാരിന്റെ തെറ്റായ നടപടികള്‍ തുറന്നുകാട്ടാനുള്ള പ്രതിപക്ഷത്തിന്റെ അവസരമാണ് ഇതുവഴി നഷ്ടമാകുന്നത്.
എന്നാല്‍, സ്വാശ്രയ വിഷയത്തില്‍ പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങള്‍ പരിഗണിക്കാന്‍ സര്‍ക്കാര്‍ ഒരുക്കമല്ല. അതുകൊണ്ടാണ് പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍ ബഹളം വയ്ക്കുന്നതും അംഗങ്ങള്‍ പുറത്ത് നിരാഹാര സമരം അനുഷ്ഠിക്കുന്നതും. പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ പ്രതിപക്ഷത്തിന് സ്വീകാര്യമല്ല. പ്രശ്‌നത്തില്‍ സര്‍ക്കാരിന് ആത്മാര്‍ഥതയുണ്ടെങ്കില്‍ ആദ്യം വേണ്ടത് സ്വാശ്രയ മാനേജ്‌മെന്റുകളോട് ഫീസ് കുറയ്ക്കാന്‍ ആവശ്യപ്പെടുകയാണ്.

എന്നാല്‍, അത് ഇതുവരെ ഉണ്ടായിട്ടില്ല. പ്രശ്‌നത്തിലെ ഭാവി നടപടികള്‍ യു.ഡി.എഫ് യോഗത്തില്‍ ആലോചിച്ചശേഷം കൈക്കൊള്ളുംചെന്നിത്തല പറഞ്ഞു. പരിയാരം മെഡിക്കല്‍ കോളേജില്‍ എന്നും കുറഞ്ഞ ഫീസാണ് വാങ്ങിയിരുന്നത്. ഇതിനെ ഇപ്പോഴത്തെ സര്‍ക്കാരിന്റെ നേട്ടമായി ഉയര്‍ത്തിക്കാണിക്കാന്‍ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *