ബൈക്കില്‍ സഞ്ചരിക്കവെ അപകടം; റോഡില്‍ വീണ ഗര്‍ഭിണി പ്രസവിച്ചു; യുവതിയ്ക്ക് ദാരുണാന്ത്യം

ഫിറോസാബാദ്: റോഡപകടത്തില്‍പ്പെട്ട് ജീവന്‍ നഷ്ടപ്പെടുന്നതിന് മുമ്പ് യുവതി കുഞ്ഞിന് ജന്മം നല്‍കി. ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലാണ് ഞെട്ടിക്കുന്ന സംഭവം. ഭര്‍ത്താവിനൊപ്പം ബൈക്കില്‍ വരികയായിരുന്ന കാമിനി എന്ന യുവതിയാണ് അപകടത്തില്‍പ്പെട്ട് മരിച്ചത്. എട്ടുമാസം ഗര്‍ഭിണിയായിരുന്നു ഇവര്‍. ഫിറോസാബാദിലെ നാര്‍ഖിയില്‍ ബുധനാഴ്ചയായിരുന്നു സംഭവമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ ആണ് റിപ്പോര്‍ട്ട് ചെയ്തത്.
ഫിറോസാബാദിലെ ധനൗല സ്വദേശിയാണ് മരിച്ച കാമിനി. ഭര്‍ത്താവ് രാമുവിനൊപ്പം ബൈക്കില്‍ പോകവെയാണ് എട്ട് മാസം ഗര്‍ഭിണിയായിരുന്ന ഇവര്‍ക്ക് അപകടം സംഭവിക്കുന്നത്. ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ ഒരു ട്രക്ക് വന്ന് ഇടിക്കുകയായിരുന്നു. ബത്ര ഗ്രാമത്തിനടുത്ത് വച്ചായിരുന്നു അപകടമെന്ന് അഡീഷണല്‍ സൂപ്രണ്ട് മുകേഷ് ചന്ദ്ര മിശ്ര പറഞ്ഞു.
ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ കാമിനി, അവിടെ വച്ചു പ്രസവവിക്കുകയായിരുന്നു. പിന്നാലെ തന്നെ ഇവര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു. അതേസമയം കുട്ടിയുടെ ആരോഗ്യനിലയ്ക്ക് പ്രശ്‌നമൊന്നുമില്ല. രാമുവിനെയും കുട്ടിയെയും ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന് പിന്നാലെ നാട്ടുകാര്‍ റോഡ് തടഞ്ഞത് സംഘര്‍ഷാവസ്ഥയ്ക്ക് ഇടയാക്കി. പിന്നീട് പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കാമിനിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *