യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി; രാജിയില്‍ നിന്ന് പിന്‍മാറി ദിനേശ് ഖത്തിക്

ലഖ്നോ: ഉത്തര്‍പ്രദേശില്‍ ദലിതനായതിന്റെ പേരില്‍ മാറ്റി നിര്‍ത്തുന്നുവെന്നാരോപിച്ച്‌ രാജിപ്രഖ്യാപിച്ച മന്ത്രി ദിനേശ് ഖത്തിക് സ്ഥാനത്ത് തുടരാന്‍ തീരുമാനിച്ചു.

രാജി പ്രഖ്യാപിച്ചതിനു പിന്നാലെ വ്യാഴാഴ്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ദിനേശ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് രാജിയില്‍ നിന്ന് പിന്‍മാറിയത്. ജല വിഭവ വകുപ്പിന്റെ ചുമതലയാണ് ദിനേശിന്.

അഴിമതിക്കാരെ ഒരു തരത്തിലും വച്ചുപൊറുപ്പിക്കാന്‍ തയാറാകാത്ത മുഖ്യമന്ത്രിയുടെ കീഴിലാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. അതിനാല്‍ നടപടിയുണ്ടാകും. താനും ജോലികള്‍ തുടരുമെന്ന് ദിനേശ് അറിയിച്ചു. ഗവര്‍ണര്‍ക്കും ദിനേശ് രാജിക്കത്ത് നല്‍കിയിരുന്നു. സമൂഹമാധ്യമത്തിലും രാജിക്കത്ത് പ്രചരിച്ചതോടെ സംഭവം വലിയ ചര്‍ച്ചയായി. ഡല്‍ഹിയിലെത്തിയ ദിനേശ് മുതിര്‍ന്ന നേതാക്കളെ കാണുകയും ചെയ്തിരുന്നു.

ചുമതല ഏറ്റെടുത്ത് 100 ദിവസമായിട്ടും തന്നെ ഒരു ജോലിയും ഏല്‍പ്പിച്ചിട്ടില്ലെന്ന് ദിനേശ് ആരോപിച്ചിരുന്നു. വലിയ മനോവേദന അനുഭവപ്പെട്ടതിനാലാണ് രാജിക്ക് മുതിര്‍ന്നതെന്നും മന്ത്രി പറഞ്ഞിരുന്നു. ജലവിഭവ വകുപ്പിലെ സ്ഥലംമാറ്റത്തിലെ ക്രമക്കേടുകളെ കുറച്ചും മന്ത്രി രാജിക്കത്തില്‍ പ്രതിപാദിക്കുന്നുണ്ട്.

”ദലിത് ആയതുകൊണ്ടാണ് മന്ത്രിസഭയില്‍ എന്നെ മാറ്റിനിര്‍ത്തുന്നത്. മന്ത്രിയെന്ന നിലയില്‍ എനിക്ക് യാതൊരു അധികാരവുമില്ല. ദലിത് സമൂഹത്തില്‍ നിന്ന് വന്ന ഒരാള്‍ എന്ന നിലയില്‍ എന്റെ മന്ത്രിസ്ഥാനം വെറുതെയായി. ഇതുവരെ ഒരു മന്ത്രിസഭ യോഗത്തിലും പ​ങ്കെടുപ്പിച്ചിട്ടില്ല. എന്റെ വകുപ്പിനെ കുറിച്ച്‌ ആരും ഒന്നും ചോദിച്ചിട്ടുമില്ല. ദലിത് സമുദായത്തെ തന്നെ അപമാനിക്കുന്നതിന് തുല്യമാണിത്” -ദിനേശ് ഖത്തിക് ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *