കോഴിക്കോട്: രാജ്യത്തെ കോണ്‍ഗ്രസ് വലിയ വെല്ലുവിളിയിലാണെന്നു കെപിസിസി മുന്‍ പ്രസിഡന്റ് രമേശ് ചെന്നിത്തല.
കോഴിക്കോട് നടക്കുന്ന കെ.പി.സി.സി ചിന്തന്‍ ശിബിരത്തില്‍ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസില്‍ നിന്ന് ആളുകള്‍ പോകുന്നുണ്ട് എന്നത് ഒരു യാഥാര്‍ഥ്യമാണ്. അതിനാണ് ആദ്യം തടയിടേണ്ടത്. ഒരു പ്രവര്‍ത്തകനെപ്പോലും നഷ്ടപ്പെടാതിരിക്കാനുള്ള നടപടികളാണ് ഉണ്ടാകേണ്ടത്. എല്ലാവരെയും യോജിപ്പിച്ചു കൊണ്ടുപാകാനുള്ള കരുത്തും ആര്‍ജവവുമാണ് നേതൃത്വത്തിനു വേണ്ടത്. എല്ലാവരും ചേര്‍ന്ന് വെല്ലുവിളികളെ സധൈര്യം ഏറ്റെടുക്കണം -ചെന്നിത്തല പറഞ്ഞു.
കേന്ദ്രത്തിലും സംസ്ഥാനത്തും അഴിമതിയും സാമ്ബത്തിക ക്രമക്കേടുകളും വര്‍ധിക്കുകയും ഭരണകൂടങ്ങള്‍ അതിന്റെ പ്രയോക്താക്കളാവുകയും ചെയ്യുന്നു. വര്‍ഗീയ ഫാസിസ്റ്റ് അജന്‍ഡയാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നത്. കോണ്‍ഗ്രസിനെ തകര്‍ത്ത് മറ്റു രാഷ്‌ട്രീയ കക്ഷികളെ കൂട്ടുപിടിച്ച് ഈ അജന്‍ഡ് നടപ്പാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. പഞ്ചാബില്‍ ബിജെപി തോറ്റാലും കോണ്‍ഗ്രസ് ജയിക്കരുതെന്ന് അവര്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ആം ആദ്മി പാര്‍ട്ടിയെ അവര്‍ സഹായിക്കുന്നത്. ഡല്‍ഹിയിലും ഇതായിരുന്നു തന്ത്രം. ഇതു തന്നെയാണ് കേരളത്തിലെയും ബിജെപി അജന്‍ഡ. ഇവിടെ കോണ്‍ഗ്രസ് തകരണം. അതിനു സിപിഎമ്മിനെ സഹായിക്കുക. അവര്‍ തമ്മിലുള്ള ഈ പാരസ്പര്യത്തിനൊപ്പം കേരളത്തില്‍ അരാഷ്‌ട്രീയ വാദികള്‍ ഉണ്ടാക്കുന്ന വെല്ലുവിളിയും വലുതാണെന്ന് രമേശ് ചെന്നിത്തല ഓര്‍മിപ്പിച്ചു.
പ്രവര്‍ത്തന ശൈലി മാറണം
കോണ്‍ഗ്രസിന്റെ പ്രവര്‍ത്തന ശൈലി മാറണം. പാര്‍ട്ടിയും അതിന്റെ സംവിധാനങ്ങളും പഴയ ശൈലിയിലാണ് ഇപ്പോഴും നീങ്ങുന്നത്. നിയമസഭയിലും പുറത്തും അതേ ശൈലിയാണ് സ്വീകരിക്കുന്നത്. അതു മാറണം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി നടത്തിയ അഴിമതികളോരോന്നും പ്രതിപക്ഷമെന്ന നിലയില്‍ നമ്മള്‍ വെളിച്ചത്തു കൊണ്ടു വന്നു. അവ ഓരോന്നും യാഥാര്‍ഥ്യമാണെന്ന് ഓരോ ദിവസവും തെളിഞ്ഞുകൊണ്ടിരിക്കുന്നു. വെറുതേ ആരോപണം ഉന്നയിക്കുകയായിരുന്നില്ല നമ്മള്‍ ചെയ്തത്. വസ്തുതാപരമായ തെളിവുകള്‍ നിരത്തിയാണ് അന്ന് അഴിമതികള്‍ വെളിച്ചത്തു കൊണ്ടു വന്നത്. എന്നാല്‍ അതൊന്നും വേണ്ട നിലയില്‍ ജനങ്ങളിലെത്തിക്കാന്‍ കഴിഞ്ഞില്ല.
കോവിഡ് മഹാമാരി മൂലം കേരളം അടച്ചിട്ടിരിക്കുകയായിരുന്നു. അഞ്ചു പേരില്‍ കൂടുതല്‍ പേര്‍ക്ക് ഒത്തുകൂടാന്‍ പോലും അവസരം കിട്ടിയില്ല. ജനങ്ങള്‍ വല്ലാതെ ഭയപ്പെട്ടിരുന്ന അവസ്ഥയിലായിരുന്നു തെരഞ്ഞെടുപ്പ്. അതേ സമയം സൈബര്‍ സംവിധാനങ്ങള്‍ വാരിക്കോരി ഉപയോഗിച്ചും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തുമാണ് ഇടതു സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തിയത്. സാഹചര്യങ്ങള്‍ അവര്‍ അനുകൂലമാക്കി. നമുക്കതിനു കഴിഞ്ഞില്ല. ഇനി ഈ വീഴ്ച ഉണ്ടാകാതിരിക്കാന്‍ എല്ലാവരും ഒരുമിച്ചു നീങ്ങണമെന്നും ചെന്നിത്തല പറഞ്ഞു.
ആം ആദ്മി അടക്കമുള്ള അരാഷ്‌ട്രീയ വാദികള്‍ അവസരം കാത്തിരിക്കുന്നു
‘അധികാരം ആരോടൊപ്പമാണോ അവരോടൊപ്പം’ എന്ന അപകടകരമായ അവസ്ഥയിലാണു കേരളം. അധികാരം ലഭിക്കുന്നവരെ അധികാരം വല്ലാതെ ഭ്രമിപ്പിക്കുന്നു. കമ്യൂണിസ്റ്റ് ആശയങ്ങളെപ്പോലും കൈവിട്ടു കളയാന്‍ അധികാരം ചിലരെ പ്രേരിപ്പിക്കുകയാണ്. അധികാരത്തിനു വേണ്ടി എന്തു കുതന്ത്രവും പ്രകടിപ്പിക്കും. അതിനിടയിലാണ് അരാഷ്‌ട്രീയ വാദികള്‍ അവസരം കാത്തിരിക്കുന്നത്. കേരളത്തിലെ 20-20 രാഷ്‌ട്രീയവും അവരുമായുള്ള ആം ആദ്മി പാര്‍ട്ടി ചങ്ങാത്തവുമൊക്കെ അതിന്റെ ഫലമാണ്. ഇടതുപക്ഷത്തെയും യുഡിഎഫിനെയും കുറ്റപ്പെടുത്തി മൂന്നാമതൊരു മുന്നണിയിലൂടെ അക്കൗണ്ട് തുറക്കാന്‍ തക്കം പാര്‍ത്തിരിക്കയാണ് കേരളത്തിലെ ബിജെപി. ഈ പ്രതിബന്ധങ്ങള്‍ക്കെല്ലാം നടുവില്‍ നിന്നു വേണം കേരളത്തിലെ കോണ്‍ഗ്രസിനു പ്രവര്‍ത്തിക്കാനെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.
രണ്ടു ദിവസം നീളുന്ന കെപിസിസി നവയുഗ് ചിന്തന്‍ ശിബിരം കെ.സി. വേണു ഗോപാല്‍ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ അധ്യക്ഷത വഹിച്ചു.
