ഒരുമാധ്യമ സ്ഥാപനവും പൂട്ടിക്കണമെന്ന നിലപാട് പാര്‍ട്ടിക്കില്ല; എം വി ജയരാജന്‍

കണ്ണൂര്‍: ഒരു മാധ്യമസ്ഥാപനവും നിരോധിക്കണമെന്ന നിലപാട് പാര്‍ട്ടിക്കില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍.

കണ്ണൂരില്‍, ഈ വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘മാധ്യമം’ നിരോധിക്കണമെന്ന അഭിപ്രായം പാര്‍ട്ടിക്കില്ല. ജലീല്‍ ചെയ്തതായി പറയുന്നത് വിദേശത്തെ എഡിഷനില്‍ ചില വാര്‍ത്തകള്‍ വന്നപ്പോള്‍ അത് തെറ്റായിരുന്നു, അത് ചിലരെ അപമാനിക്കുന്നതായിരുന്നു, അതാണ് സൂചിപ്പിച്ചത്. പാര്‍ട്ടി ഒരു മാധ്യമവും നിരോധിക്കുന്നതിനോട് യോജിക്കുന്നില്ല.’ -എം വി ജയരാജന്‍ പറഞ്ഞു.

‘മാധ്യമം’ പത്രത്തിനെതിരെ നടപടിയാവശ്യപ്പെട്ട് യു.ഇ.ഇ അധികൃതര്‍ക്ക് മുന്‍ മന്ത്രി കെ.ടി. ജലീല്‍ കത്തയച്ചത് പാര്‍ട്ടി അറിവോടെയല്ലെന്ന് കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചിരുന്നു. ‘മാധ്യമം’ പത്രം നിരോധിക്കുക എന്നത് പാര്‍ട്ടി നിലപാടല്ല. കെ.ടി. ജലീലിന്റേത് പ്രോട്ടോകോള്‍ ലംഘനമാണെങ്കില്‍ നടപടി സ്വീകരിക്കേണ്ടത് വിദേശകാര്യമന്ത്രാലയമാണെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു..

അതേസമയം, സ്വപ്ന കോണ്‍സല്‍ ജനറലിന്റെ പി.എയായിരിക്കെയാണ് ‘മാധ്യമം’ പത്രത്തിനെതിരെ വാട്‌സ്‌ആപ്പില്‍ കത്തയച്ചത് എന്ന മുന്മന്ത്രി കെ.ടി. ജലീലിന്റെ വാദം കള്ളമാണെന്ന് സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷ് പറഞ്ഞു. ‘ജലീല്‍ സര്‍ പറഞ്ഞത് കള്ളമാണ്. മാധ്യമം പത്രത്തെ എങ്ങനെയെങ്കിലും തകര്‍ക്കണമെന്നും പൂട്ടിക്കണമെന്നും ആവശ്യപ്പെട്ട് മന്ത്രിയായിരിക്കെ അദ്ദേഹം നിരന്തരം വിളിക്കാറുണ്ടായിരുന്നു. ആ സമയത്ത് ഞാന്‍ പി.എ ആയിരുന്നില്ല. പി.എ ടു കോണ്‍സല്‍ ജനറല്‍ എന്ന ബന്ധത്തിലല്ല എനിക്ക് ആ കത്ത് അയച്ചുതന്നത്. ഞാന്‍ 2019 സെപ്റ്റംബറില്‍ ജോലി വിട്ടിരുന്നു. 2020 ജൂണ്‍ 25നാണ് കത്തയച്ചത്’ -സ്വപ്ന സുരേഷ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *