തിരുവനന്തപുരം: സി.പി.എം സംസ്ഥാന ഓഫീസായ എ.കെ.ജി സെന്റര്‍ ആക്രമിച്ച സമയത്ത് അതുവഴി സഞ്ചരിച്ച തട്ടുകടക്കാരനെ കേന്ദ്രീകരിച്ചുള്ള അന്വേഷണം അവസാനിപ്പിച്ചതില്‍ ദുരൂഹത.
സ്ഫോടകവസ്തു എറിഞ്ഞയാളെ സഹായിച്ചെന്ന സംശയത്തില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ കൃത്യമായ വിവരം ലഭിക്കുന്നതിന് മുമ്ബ് വിട്ടയച്ചിരുന്നു. ഒന്നര ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം പ്രാദേശിക സി.പി.എം നേതാവുമായുള്ള അടുപ്പം വ്യക്തമായതോടെ ഉന്നത ഉദ്യോഗസ്ഥന് ഇടപെട്ട് വിട്ടയച്ചെന്നാണ് ആരോപണം.
ഇയാളുടെ ഫോണ്‍ കോള്‍ ഉള്‍പ്പെടെ മറ്റ് അന്വേഷണങ്ങളിലേക്ക് പോകണ്ടതില്ലെന്ന നിര്‍ദേശവും പ്രത്യേക സംഘത്തിന് ലഭിച്ചു. ഇതോടെ കേസില്‍ രണ്ട് പ്രതികളുണ്ടെന്ന നിഗമനം പൊലീസ് തിരുത്തി. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ഇയാളെ സംശയിക്കേണ്ട ആവശ്യമില്ലെന്ന് ഉറപ്പായതിനാലാണ് വിട്ടയച്ചതെന്നും പൊലീസ് വിശദീകരിച്ചു.
ജൂണ്‍ 30ന് രാത്രിയാണ് എകെജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞത്. തുടര്‍ന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ സംശയാസ്പദമായ സാഹചര്യത്തില്‍ രണ്ട് പേരെ കണ്ടെത്തി. ആദ്യത്തേത് സ്ഫോടകവസ്തു എറിഞ്ഞയാളും രണ്ടാമത്തേത് ആക്രമണത്തിന് മുമ്ബും ശേഷവും കടന്നുപോയ സ്കൂട്ടര്‍ യാത്രക്കാരനുമാണ്.
