ന്യൂഡല്‍ഹി: തുടര്‍ച്ചയായി സാങ്കേതിക തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് സ്‌പൈസ്‌ജെറ്റ് വിമാന സര്‍വീസുകള്‍ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) നിയന്ത്രണം. അടുത്ത എട്ട് ആഴ്ചത്തേക്ക് നിലവില്‍ ഉള്ളതിന്റെ 50 ശതമാനം വിമാന സര്‍വീസുകള്‍ മാത്രമേ പാടുള്ളൂവെന്ന് ഡിജിസിഎ നിര്‍ദേശിച്ചു. ഈ കാലയളവില്‍ ഡിജിസിഎയുടെ കര്‍ശന നിരീക്ഷണം ഉണ്ടാകുമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
18 ദിവസത്തിനുള്ളില്‍ വിമാന സുരക്ഷയുമായി ബന്ധപ്പെട്ട എട്ട് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് കാരണം കാണിക്കല്‍ നോട്ടിസ് നേരത്തേ ഡിജിസിഎ അയച്ചിരുന്നു. ജൂലൈ 6ന് നല്‍കിയ കാണിക്കല്‍ നോട്ടിസിന്റെ കാലാവധി ഇന്നലെ അവസാനിച്ചു. ഇതിനു രണ്ടു ദിവസം മുന്‍പ് നോട്ടിസിന് സ്‌പൈസ്‌ജെറ്റ് മറുപടി നല്‍കിയിരുന്നു. മറുപടിയില്‍ തൃപ്തികരമാകാത്തതിനെത്തുടര്‍ന്നാണ് കടുത്ത നടപടിയിലേക്കു കടന്നത്.
