നോര്‍ത്ത് കരോലിനയില്‍ തന്നെ ചതിച്ച കാമുകനോട് പ്രതികാരം തീര്‍ക്കാന്‍ യുവതി വീടിന് തീയിട്ടു. പക്ഷേ, വീട് മാറിപ്പോയി.
49 കാരിയായ ക്രിസ്റ്റി ലൂയിസ് ജോണ്‍സാണ് തന്റെ കാമുകനെ കൊല്ലണമെന്ന ചിന്തയില്‍ വീടിന് തീവയ്ക്കാന്‍ ഒരുങ്ങിയത്. പക്ഷേ, വീട് മാറിപ്പോയി കാമുകനോട് പ്രതികാരം തീര്‍ക്കാന്‍ തീയിട്ടത് മറ്റേതോ വീടിനായിരുന്നു.
ക്രിസ്റ്റി ഇപ്പോള്‍ ജയിലിനകത്താണ്. അഡ്രസ് മാറി മറ്റൊരു വീടിന് തീയിട്ട അവളെ തീയിടല്‍, മാരകമായ ആയുധം ഉപയോഗിച്ചുള്ള ആക്രമണം, കൊള്ളയടിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ഇപ്പോള്‍ അകത്തിട്ടിരിക്കയാണ്. വീടിന് ഏകദേശം 20,000 ഡോളറിന്റെ നാശനഷ്ടമുണ്ടായതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണക്കാക്കുന്നു.
നോര്‍ത്ത് കരോലിനയിലെ ഗോള്‍ഡ് ഹില്ലില്‍ വെള്ളിയാഴ്ചയാണ് സംഭവം. ഒരു സ്ത്രീ വീടിന് തീയിടാന്‍ ശ്രമിക്കുന്നത് കണ്ട അയല്‍വാസിയാണ് വീട്ടുടമയെ വിളിച്ച് കാര്യം പറഞ്ഞത്. വീടിന്റെ പൂമുഖത്ത് വിറക് കെട്ടുകള്‍ അടുക്കി വച്ചിരിക്കയായിരുന്നു. അതിനടുത്തായി തീയും, ഒരു കുപ്പി എണ്ണയും പൊലീസ് കണ്ടെത്തി.
വീടിന്റെ മുന്‍വശം കത്തുന്നത് കണ്ട വീട്ടുടമ തോക്കുമായി വീടിന് പുറത്തിറങ്ങി. പൂന്തോട്ടത്തിലുള്ള ഹോസ് ഉപയോഗിച്ച് തീ അണക്കാന്‍ അയാള്‍ ശ്രമിച്ചു. അപ്പോഴാണ് ഹോസ് തുറക്കാതിരിക്കാന്‍ അതും അവള്‍ സീല്‍ ചെയ്ത് അടച്ചു വച്ചിരുന്നു. കൂടാതെ, വീട്ടുവളപ്പിലുള്ള ഗ്യാസ് ടാങ്കിന് ചുറ്റും വിറക് കഷ്ണങ്ങള്‍ ഉപയോഗിച്ച് തീ കത്തിക്കാന്‍ അവള്‍ ശ്രമിച്ചതായും വീട്ടുടമ കണ്ടെത്തി.
