ഡല്‍ഹി: ശിക്ഷാ കാലാവധിയുടെ ഗണ്യമായ കാലം അനുഭവിച്ച് തീര്‍ത്തവരെയും ദീര്‍ഘകാലമായി തടവില്‍ കഴിയുന്ന വിചാരണത്തടവുകാരെയും രാജ്യം 75-ാം സ്വാതന്ത്ര്യം ആഘോഷിക്കുന്നതിന്റെ ഭാഗമായി മോചിപ്പിക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം.
ദീര്‍ഘകാലമായി തെളിയിക്കാന്‍ കഴിയാത്ത കേസുകളില്‍ തടവുകാരെ ജാമ്യത്തില്‍ വിടണമെന്നും ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, എം.എം. സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദ്ദേശിച്ചു.
നിറഞ്ഞ ജയിലുകളില്‍ നിന്ന് തടവുകാരെ മോചിപ്പിക്കാനുള്ള സുവര്‍ണ്ണാവസരമാണിത്. ചെറിയ കുറ്റങ്ങള്‍ക്ക് ആദ്യമായി ശിക്ഷിക്കപ്പെട്ടവരെ നല്ല പെരുമാറ്റത്തിന്റെ അടിസ്ഥാനത്തില്‍ വിട്ടയക്കാം. അതുപോലെ, മൂന്നിലൊന്നോ അതിലധികമോ ജയില്‍ ശിക്ഷ അനുഭവിച്ചതിന് ശേഷം, വിചാരണയ്ക്ക് വിധേയനായ ആളെയും ജാമ്യത്തില്‍ വിട്ടയക്കണം. വിചാരണ നീണ്ടുപോകുന്നതിന്റെ പേരില്‍ ഒരാളെ കൂടുതല്‍ കാലം ജയിലിലടയ്‌ക്കുന്നത് ശരിയല്ല. വിചാരണത്തടവുകാരെയും ചില കുറ്റവാളികളെയും ഒരു നിശ്ചിത കാലയളവിനു ശേഷം നല്ല പെരുമാറ്റത്തിന്റെ അടിസ്ഥാനത്തില്‍ മോചിപ്പിക്കാന്‍ കഴിയുന്ന ഒരു നയം രൂപീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തു.
