മാനന്തവാടിയില്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കിയത് ലഹരിസംഘത്തിന്റെ ഭീഷണിയില്‍

കല്‍പ്പറ്റ: മാനന്തവാടിയില്‍ വിദ്യാര്‍ഥി ജീവനൊടുക്കിയതിനുപിന്നില്‍ കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള ലഹരിസംഘത്തിന്റെ ഭീഷണിയെന്ന്‌ സൂചന.

പൊലീസ്‌ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ 29ന്‌ പുലര്‍ച്ചെയാണ്‌ ഇരുപത്തിരണ്ടുകാരന്‍ ജീവനൊടുക്കിയത്‌. മരണത്തിനുത്തരവാദികളായവരുടെ പേരുകള്‍ വാട്‌സ്‌ ആപ്പില്‍ കുടുംബാംഗത്തിന്‌ അയച്ചാണ്‌ ആത്മഹത്യ ചെയ്‌തത്‌. ഇത്‌ പൊലീസിന്‌ ലഭിച്ചിട്ടുണ്ട്‌. ഇവരെ കേന്ദ്രീകരിച്ച്‌ അന്വേഷണം തുടങ്ങി.

കുടുംബാംഗങ്ങളെ സംഘം ആക്രമിക്കുമോയെന്ന ഭയവും ഉണ്ടായിരുന്നു. ഇതും മരണത്തിന്‌ കാരണമായതായാണ്‌ നിഗമനം.വിദ്യാര്‍ഥിയുടെ സ്‌കൂള്‍ പഠനം കണ്ണൂരിലും ബിരുദപഠനം വയനാട്ടിലുമായിരുന്നു. പിന്നീടും കണ്ണൂരില്‍ താമസിച്ചു. ഇതിനിടയില്‍ ലഹരി മാഫിയ ആസൂത്രിതമായി കെണിയില്‍പ്പെടുത്തി. ലഹരിയുടെ സ്വാധീനം തിരിച്ചറിഞ്ഞ വീട്ടുകാര്‍ ചികിത്സയുള്‍പ്പെടെ നല്‍കി. തങ്ങളുടെ വലയില്‍നിന്ന്‌ വിദ്യാര്‍ഥി രക്ഷപ്പെട്ടതായി മനസ്സിലാക്കിയതോടെ ലഹരിസംഘം ഭീഷണിപ്പെടുത്തിയിരുന്നതായാണ്‌ ബന്ധുക്കളുടെ സംശയം. ഇക്കാര്യങ്ങള്‍ പൊലീസിനും മനസ്സിലായിട്ടുണ്ട്‌. വരും ദിവസങ്ങളില്‍ അന്വേഷണം ഊര്‍ജിതമാക്കും.

മരണം നാടിനെ നടുക്കി. ശാന്തസ്വഭാവക്കാരനും ആളുകള്‍ക്ക്‌ ഏറെ പ്രിയപ്പെട്ടവനുമായിരുന്നു. വീട്ടുകാരും ബന്ധുക്കളും ഇപ്പോഴും മരണത്തിന്റെ ആഘാതത്തില്‍നിന്ന്‌ മുക്തരായിട്ടില്ല. ഇവരുടെ മൊഴി പൊലീസ്‌ ഉടന്‍ എടുക്കും. ഇതേദിവസം തന്നെ മറ്റൊരു യുവാവും മാനന്തവാടിയില്‍ തൂങ്ങിമരിച്ചു. ഇവ തമ്മില്‍ ബന്ധമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്‌. യുവാക്കളുടെ മരണത്തില്‍ എക്‌സൈസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *