അബഹ: രക്തസമ്മര്‍ദ്ദവും പ്രമേഹവും മൂര്‍ച്ഛിച്ച് പക്ഷാഘാതമുണ്ടായി ശരീരത്തിന്റെ ഇടതുഭാഗം ചലനമറ്റ് ഒരു മാസമായി അസീര്‍ സെന്‍ട്രല്‍ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലായ ഉത്തര്‍പ്രദേശ്, ആസാദ് മാര്‍ക്കറ്റ് സ്വദേശി അഷ്റഫ് അലിഖാന്‍ (60) നാടണഞ്ഞു.
ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഇടപെടലാണ് തുണയായത്. ഗാര്‍ഹിക തൊഴിലാളിയായി സൗദിയില്‍ വന്ന അഷ്റഫ് അലി കഴിഞ്ഞ കുറേവര്‍ഷമായി കൃത്യമായ ജോലിയോ ശമ്ബളമോ ഇല്ലാതെ പരിചയക്കാരായ നാട്ടുകാര്‍ക്ക് ഭക്ഷണമുണ്ടാക്കികൊടുത്തും അവര്‍ക്കൊപ്പം താമസിച്ചും കഴിയുകയായിന്നു. തന്റെ കീഴില്‍നിന്ന് ഒളിച്ചോടിയെന്ന് സ്പോണ്‍സര്‍ പരാതിനല്‍കി ഒളിച്ചോട്ടക്കാരന്‍ (ഹൂറൂബ്) ഗണത്തില്‍പ്പെടുത്തിയതിനാല്‍ അതിന്റെ നിയമക്കുരുക്കിലായിരുന്നു.
നാട്ടില്‍ ഭാര്യയും അഞ്ചു പെണ്‍മക്കളും ഒരു മകനും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയാമായിരുന്നു. അപ്രതീക്ഷിതമായി ഉണ്ടായ അസുഖത്തെ തുടര്‍ന്ന് അസീര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇയാളുടെ സുഹൃത്ത് ബിലാല്‍ സഹായം തേടി ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെടുകയായിരുന്നു. അബഹയിലെ സാമൂഹികപ്രവര്‍ത്തകനും കോണ്‍സുലേറ്റ് കമ്യൂണിറ്റി വെല്‍ഫെയര്‍ മെമ്ബറുമായ അഷ്റഫ് കുറ്റിച്ചലിനെ ചുമതലയേല്‍പിച്ചു. അദ്ദേഹം സ്പോണ്‍സറെ ബന്ധപ്പെട്ട് പാസ്പോര്‍ട്ട് തിരിച്ചുവാങ്ങി. എന്നാല്‍ ‘ഹുറൂബ്’ ആയതിനാല്‍ ജവാസത്തിന്റെ നാടുകടത്തല്‍ കേന്ദ്രത്തില്‍ നിന്നായിരുന്നു എക്സിറ്റ് നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടിയിരുന്നത്. എന്നാല്‍ അവിടെ കൊണ്ടുപോയി കൈരേഖ പതിപ്പിച്ച് എക്സിറ്റ് അടിക്കാന്‍ കഴിയുന്ന ശാരീരികാരോഗ്യം ഇല്ലാത്തതിനാല്‍ കോണ്‍സുലേറ്റില്‍നിന്നും സഹായം അഭ്യര്‍ഥിച്ചുള്ള കത്ത് വാങ്ങി നാടുകടത്തല്‍ കേന്ദ്രം മേധാവി കേണല്‍ മുഹമ്മദ് മാന അല്‍-ഖഹ്താനിയോടും ഉപമേധാവി കേണല്‍ സാലിം ഖഹ്താനിയോടും രോഗിയുടെ അവസ്ഥ ധരിപ്പിക്കുകയും അവരുടെ സഹായത്തോടെ ഫൈനല്‍ എക്സിറ്റ് തരപ്പെടുത്തുകയും ചെയ്തു.
തുടര്‍ന്ന് അഷ്റഫ് കുറ്റിച്ചലും യു.പി സ്വദേശികളായ സയ്യദ് ജാവേദ്, മഹറൂഫ്, ബിലാല്‍ അന്‍സാരി, മിത്താബ് തുടങ്ങിയവര്‍ രോഗിക്കും കൂടെ പോകുന്ന ആളിനുമുള്ള ബിസിനസ്സ് ക്ലാസ്സ് ടിക്കറ്റ് എടുത്തു നല്‍കി. സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ ജിദ്ദ വഴി ഡല്‍ഹിയിലേക്ക് അയക്കാന്‍ അബഹ എയര്‍പ്പോര്‍ട്ടില്‍ എത്തിച്ചെങ്കിലും ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് യാത്രക്ക് അനുമതി കിട്ടിയില്ല. തുടര്‍ന്നു വീണ്ടും അസീര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം സൗദി എയര്‍ലൈന്‍ വിമാനത്തില്‍ ജിദ്ദയിലേക്കും അവിടെ നിന്നും രാത്രി 8.30 നുള്ള വിമാനത്തില്‍ ഡല്‍ഹിയിലേക്കും കൊണ്ടുപോയി.
