നെടുമ്ബാശേരിയില്‍ സ്വര്‍ണവേട്ട; മലപ്പുറം സ്വദേശി മലദ്വാരത്തില്‍ കടത്തിയത് 1 കിലോ സ്വര്‍ണം

നെടുമ്ബാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റ് വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ 50 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി.

ഗള്‍ഫ് എയര്‍ വിമാനത്തില്‍ ജിദ്ദയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി ഫയാസിന്റെ പക്കല്‍ നിന്നാണ് 1.071 കിലോ സ്വര്‍ണം പിടിച്ചത്. ഫയാസില്‍ നിന്ന് സ്വര്‍ണം ഏറ്റുവാങ്ങാനെത്തിയ കൊണ്ടോട്ടി സ്വദേശികളായ രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടാതെ ഇവര്‍ സഞ്ചരിച്ചിരുന്ന കാറും 82,000 രൂപയും പിടിച്ചെടുത്തു. സ്വര്‍ണം കടത്തിക്കൊണ്ടുവന്നതിന് പ്രതിഫലമായി ഫയാസിന് നല്‍കാന്‍ കൊണ്ടുവന്ന തുകയാണ് പിടിച്ചെടുത്തിരിക്കുന്നത്.

ഫയാസ് സ്വര്‍ണ മിശ്രിതം കാപ്‌സ്യൂള്‍ രൂപത്തിലാക്കി മലദ്വാരത്തിലൊളിപ്പിച്ചാണ് കടത്തിക്കൊണ്ടുവന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ കൊച്ചി ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍നിന്ന് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റിലെ ഉദ്യോഗസ്ഥരാണ് വിമാനത്താവളത്തില്‍ പരിശോധനയ്‌ക്കെത്തിയത്. അന്താരാഷ്ട്ര ടെര്‍മിനലിനു പുറത്ത് ടോള്‍ ബൂത്തിലും കാര്‍ പാര്‍ക്കിങ് ഏരിയയിലും നിലയുറപ്പിച്ച ഉദ്യോഗസ്ഥര്‍ അതുവഴി കടന്നുവന്ന ഓരോ വാഹനവും പരിശോധിച്ചു. ഫയാസും സംഘവും സഞ്ചരിച്ചിരുന്ന കാറില്‍ മലദ്വാരത്തില്‍നിന്നു സ്വര്‍ണം പുറത്തെടുക്കുന്നതിനായി ഉപയോഗിക്കുന്ന ഓയില്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ കണ്ടെത്തി. തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സ്വര്‍ണം കടത്തിക്കൊണ്ടുവന്നിട്ടുണ്ടെന്ന് അറിയുന്നത്. പിടിയിലായ മൂന്നുപേരെയും വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *