ചെന്നൈ: ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചെന്നൈയിലെത്തി. ഉത്തര്‍പ്രദേശില്‍നിന്നാരംഭിച്ച കിസാന്‍ യാത്ര ഡല്‍ഹിയില്‍ സമാപിച്ചശേഷമാണ് അദ്ദേഹം ചെന്നൈ അപ്പോളോ ആശുപത്രിയിലെത്തിയത്. രാഷ്ട്രീയ നേതാക്കള്‍ സന്ദര്‍ശിക്കാന്‍ എത്തുമെന്ന് അറിയിച്ചിരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ആശുപത്രി പരിസരത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
നേരത്തെ, ജയലളിത ദീര്‍ഘകാലം ആശുപത്രിയില്‍ തുടരേണ്ടിവരുമെന്ന് അപ്പോളാ ആശുപത്രി അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ജയലളിതയ്ക്കു ശ്വാസതടസം ഒഴിവാക്കാന്‍ തുടര്‍ച്ചയായി ശ്വസന സഹായം നല്‍കുന്നുണ്ട്. ശ്വാസതടസത്തിനും അണുബാധയ്ക്കുമുള്ള മരുന്നുകള്‍ നല്‍കുന്നതു തുടരും. എയിംസില്‍നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം വെള്ളിയാഴ്ചയും ജയലളിതയെ പരിശോധിക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ജയലളിതയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. സാമൂഹ്യപ്രവര്‍ത്തകര്‍ ട്രാഫിക് രാമസ്വാമിയാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ജയലളിതയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. സെപ്റ്റംബര്‍ 22നാണ് ജയലളിതയെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
