കൊച്ചി • പിണറായി സര്‍ക്കാരിനു കീഴില്‍ പാര്‍ട്ടി നേതാക്കളുടെ മക്കളും ബന്ധുക്കളും ജോലി നേടുമ്‌ബോള്‍ ജീവിതം മുന്നോട്ടുകൊണ്ടുപോകാനാകാതെ പാര്‍ട്ടിയുടെ ‘ജീവിക്കുന്ന രക്തസാക്ഷി’യുടെ കുടുംബം. എണ്‍പതുകളിലെ കലാലയ രാഷ്ട്രീയത്തില്‍ എതിരാളികളുടെ കുത്തേറ്റു തളര്‍ന്നുപോയ സൈമണ്‍ ബ്രിട്ടോയെ നേതാക്കള്‍ക്കു മറക്കാമെങ്കിലും പാര്‍ട്ടിക്ക് എളുപ്പം മറക്കാനാവില്ല.
ഒന്നും നേടാനില്ലെന്നറിഞ്ഞുതന്നെ ബ്രിട്ടോയുടെ ജീവിതത്തിലേക്കു കടന്നുവന്ന സീന ഭാസ്‌കര്‍ എന്ന യുവജന നേതാവിനെയും പാര്‍ട്ടിക്കു മറക്കാനാവില്ല. എല്ലാം ശരിയാക്കുന്ന സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ താല്‍ക്കാലിക ജോലിയോ, ഏതെങ്കിലും മന്ത്രിയുടെ സ്റ്റാഫില്‍ നിയമനമോ നല്‍കണമെന്നുള്ള സീനയുടെ ആവശ്യം പാര്‍ട്ടി പരിഗണിച്ചില്ല.
ആറു മാസമായി തൊഴില്‍ രഹിതയാണു സീന. ആംഗ്ലോഇന്ത്യന്‍ പ്രതിനിധിയായി ബ്രിട്ടോയെ സിപിഎം നിയമസഭയിലെത്തിച്ചിരുന്നു. മുന്‍ എംഎല്‍എ എന്ന നിലയ്ക്കു ലഭിക്കുന്ന 10000 രൂപമാത്രമാണ് ഈ കുടുംബത്തിന്റെ ഇന്നുള്ള ആശ്രയം. ഇതില്‍ പകുതിയോളം ബ്രിട്ടോയെ സഹായിക്കാന്‍ നില്‍ക്കുന്നയാള്‍ക്കു ശമ്ബളം നല്‍കണം. മകളെ പഠിപ്പിക്കണം. ചികില്‍സാ ചെലവുകള്‍ പുറമെ.
ബിരുദത്തിനു പഠിക്കുമ്പോഴായിരുന്നു എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന സീന ഭാസ്‌കറിന്റെയും ബ്രിട്ടോയുടെയും വിവാഹം. സീന പിന്നീട് ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗവും സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ലോക്കല്‍ കമ്മിറ്റി അംഗവുമായി. നിയമബിരുദവും പത്രപ്രവര്‍ത്തനത്തില്‍ ഡിപ്ലോമയും സീനയ്ക്കുണ്ട്. ദേശാഭിമാനിയില്‍ ക്ലറിക്കല്‍ തസ്തികയില്‍ നിയമനം ലഭിച്ചുവെന്നതു നേര്. ലൈബ്രറിയിലും കംപ്യൂട്ടര്‍ ഓപ്പറേറ്ററായുമൊക്കെ മാറ്റിയിരുത്തി. വിഷ്വല്‍ എഡിറ്റിങ് പഠിക്കാന്‍ മറ്റൊരു സ്ഥാപനത്തില്‍ പോയി എന്നാരോപിച്ചാണ് ദേശാഭിമാനിയില്‍ നിന്നു പുറത്താക്കിയത്. ഇതേക്കുറിച്ചു അന്നു ജില്ലാ സെക്രട്ടറിയോടു പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല.
പത്രപ്രവര്‍ത്തന മേഖലയിലെ പരിചയം കണക്കിലെടുത്തു പിആര്‍ഡിയില്‍ താല്‍ക്കാലികമായെങ്കിലും ജോലി തരണമെന്നു പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ പാര്‍ട്ടി സെക്രട്ടറിയോട് അഭ്യര്‍ഥിച്ചു. അതല്ലെങ്കില്‍ ഏതെങ്കിലും മന്ത്രിമാരുടെ സ്റ്റാഫിലെങ്കിലും നിയമിക്കണമെന്ന് അപേക്ഷിച്ചു. നാലു മന്ത്രിമാരെയും ഇക്കാര്യം ധരിപ്പിച്ചു. ബ്രിട്ടോ അംഗമായ വടുതല ലോക്കല്‍ കമ്മിറ്റിയില്‍ നിന്നും എറണാകുളം ഏരിയാ കമ്മിറ്റിയില്‍ നിന്നും ജില്ലാ കമ്മിറ്റിക്കു കത്തുനല്‍കി. പക്ഷേ ഫലമൊന്നും ഉണ്ടായില്ലെന്നു മാത്രം.
