കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്കെതിരെ മത്സരിക്കുമെന്ന് ശശി തരൂര്‍ എംപി. ഇന്ന് ഉച്ചയോടെ ശശി തരൂര്‍ നാമനിര്‍ദേശകപത്രിക സമര്‍പ്പിക്കും. എന്നാല്‍, ഖര്‍ഗെ രംഗത്തുണ്ടെങ്കില്‍ മത്സരിക്കാനില്ലെന്നും പാര്‍ട്ടിയോട് കൂറുപുലര്‍ത്തുമെന്നും മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി ദിഗ്വിജയ് സിങ് പറഞ്ഞു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായി ശശി തരൂര്‍ രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധി, മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി എന്നിവര്‍ക്ക് പ്രണാമം അര്‍പ്പിച്ചു. ഹൈക്കമാന്‍ഡ് പിന്തുണയോടെയാണ് മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുക. മുതിര്‍ന്ന നേതാവ് എ.കെ.ആന്റണി ഖര്‍ഗെയുടെ നാമനിര്‍ദേശപത്രികയില്‍ ഒപ്പുവച്ചു. രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ട് മത്സരത്തില്‍നിന്ന് പിന്മാറിയതോടെ ദിഗ്വിജയ് സിങ്ങിനെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നത്. എന്നാല്‍, ദിഗ്വിജയ് സിങ്ങിന് പിന്തുണ കുറവാണെന്ന് കണ്ടതോടെ ഖര്‍ഗെയെ സ്ഥാനാര്‍ഥിയാക്കുകയായിരുന്നു.
