പാളംതെറ്റിയസില്‍വര്‍ ലൈനു ബദല്‍ , :സ്‌റ്റാന്‍ഡേഡ്‌ ഗേജില്‍ വന്ദേഭാരത്‌ വരുന്നു

പത്തനംതിട്ട : കേരളത്തിന്റെ സില്‍വര്‍ ലൈന്‍ പദ്ധതി അനിശ്‌ചിതത്വത്തില്‍ നില്‍ക്കേ, സ്‌റ്റാന്‍ഡേഡ്‌ ഗേജില്‍ ഓടുന്ന വന്ദേഭാരത്‌ ട്രെയിനുകള്‍ നിര്‍മിക്കാനൊരുങ്ങി റെയില്‍വേ.

ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച്‌ ഫാക്‌ടറിയിലാണു നിര്‍മാണം. പ്രാരംഭനടപടികള്‍ ആരംഭിച്ചതായി സൂചന.
നിലവില്‍ ബ്രോഡ്‌ ഗേജിലുള്ള വന്ദേഭാരത്‌ ട്രെയിനുകള്‍ക്കു മണിക്കൂറില്‍ 200 കിലോമീറ്റര്‍ ശേഷിയുണ്ടെങ്കിലും 130-160 കി.മീ. വേഗത്തിലാകും ഓടുക. പരീക്ഷണയോട്ടത്തില്‍ 180 കി.മീ. പ്രഖ്യാപിതവേഗം കൈവരിച്ചെങ്കിലും തുടക്കത്തില്‍ ശരാശരി 80-100 കി.മീ. വേഗത്തിലാണു പല പാതകളിലെയും സര്‍വീസ്‌.സ്‌റ്റാന്‍ഡേഡ്‌ ഗേജിനായി നിര്‍മിക്കുന്ന ട്രെയിനുകളുടെ പരീക്ഷണയോട്ടം രാജസ്‌ഥാനിലാകും.
ഇതിനുള്ള പാളങ്ങളും തദ്ദേശികമായി വികസിപ്പിക്കും. സ്‌റ്റാന്‍ഡേഡ്‌ ഗേജില്‍ 220 കി.മീ. വരെ വേഗത്തില്‍ വന്ദേഭാരത്‌ ട്രെയിനുകള്‍ ഓടിക്കാനാകുമെന്നാണു വിലയിരുത്തല്‍. സ്‌റ്റാന്‍ഡേഡ്‌ ഗേജ്‌ പാതകള്‍ തദ്ദേശീയമായി വികസിപ്പിക്കുന്നതോടെ അതിവേഗ റെയില്‍ പദ്ധതികള്‍ക്കായി വിദേശരാജ്യങ്ങളെ ആശ്രയിക്കേണ്ടിവരില്ല. സില്‍വര്‍ ലൈന്‍ പദ്ധതിക്കു ജപ്പാന്റെ സാമ്ബത്തിക-സാങ്കേതികസഹായമാണു കേരളം തേടിയിരുന്നത്‌.
വന്ദേഭാരത്‌ പദ്ധതി പൂര്‍ണമായും റെയില്‍വേയുടെ മേല്‍നോട്ടത്തിലാണ്‌. കേരളത്തില്‍ പദ്ധതി നടപ്പാക്കാന്‍ പുതിയ അലൈന്‍മെന്റ്‌ കണ്ടെത്തേണ്ടിവരും. രാജ്യത്തു രണ്ടുവര്‍ഷത്തിനുള്ളില്‍ 400 വന്ദേഭാരത്‌ ട്രെയിനുകള്‍ നിര്‍മിക്കുമെന്നാണു കഴിഞ്ഞ കേന്ദ്രബജറ്റിലെ പ്രഖ്യാപനം.
ആസാദി കാ അമൃത്‌ മഹോത്സവത്തിന്റെ ഭാഗമായി 75 ആഴ്‌ചകൊണ്ട്‌ 75 വന്ദേഭാരത്‌ ട്രെയിനുകള്‍ നിര്‍മിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. സ്‌റ്റാന്‍ഡേഡ്‌ ഗേജ്‌ വന്ദേഭാരത്‌ ട്രെയിനുകള്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്കു കയറ്റിയയയ്‌ക്കാനും പദ്ധതിയുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *