തിരുവനന്തപുരം
സംസ്ഥാന മഹിളാ കോണ്‍ഗ്രസ് ഭാരവാഹികളെ താനറിയാതെ നിശ്ചയിച്ചതിനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ രംഗത്തുവന്നതോടെ പട്ടിക ഹൈക്കമാന്‍ഡ് മടക്കി.
സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ ഹൈക്കമാന്‍ഡിലുള്ള ഉന്നതന്റെ അറിവോടെ തയ്യാറാക്കിയ പട്ടിക അംഗീകരിക്കില്ലെന്നാണ് സുധാകരനും കൂട്ടരും നിലപാട് എടുത്തത്. സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും പട്ടികയാണ് നല്‍കിയിരുന്നത്.
ഇത് കെപിസിസി നേതൃത്വത്തിന്റെ അറിവോടെ അല്ലെന്ന് സുധാകരന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചു. രമേശ് ചെന്നിത്തല ഉള്‍പ്പെടെ മുതിര്‍ന്ന ചില നേതാക്കളും എതിര്‍ത്തു. അര്‍ഹരായ നേതാക്കള്‍ തഴയപ്പെട്ടെന്നാണ് വാദം. പുതിയ പട്ടിക ഹൈക്കമാന്‍ഡിന് അയക്കാന്‍ സുധാകരന്‍ നിര്‍ദേശം നല്‍കി. തിരുവനന്തപുരം, എറണാകുളം ജില്ലാ പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് എഐസിസി നേതാവിന്റെകൂടി താല്‍പ്പര്യക്കാരെ തിരുകിക്കയറ്റാന്‍ ശ്രമിച്ചെന്നാണ് ആക്ഷേപം. മഹിളാ കോണ്‍ഗ്രസ് നേതാവും എംപിയും ആയതോടെ എ വിഭാഗത്തെ തഴഞ്ഞ് ജെബി പുതിയ ഗ്രൂപ്പിന്റെ ഭാഗമായി എന്നതും തര്‍ക്കത്തിന് കാരണമാണ്.
