റബാത്: ലോകകപ്പില്‍ അത്ഭുത പ്രകടനവുമായി സെമി ഫൈനലിലെത്തിയ മൊറോക്കോ ടീമിന് ജന്മനാട്ടില്‍ തകര്‍പ്പന്‍ വരവേല്‍പ്.
വിമാനത്താവളം മുതല്‍ ടീമിന് രാജകീയ വരവേല്‍പാണ് ലഭിച്ചത്. തലസ്ഥാനമായ റബാതിന്റെ വീഥികളിലുടെ ചുവന്ന ബസില്‍ ടീം വലംവെച്ചു. പൂത്തിരി കത്തിച്ചും പടക്കംപൊടിച്ചും ആരാധകര്‍ വരവേല്‍പ് ഗംഭീരമാക്കി.
രാജാവ് മുഹമ്മദ് ആറാമന്‍, കിരീടവകാശി മൗലായ് അല്‍ ഹസ്സന്‍, പ്രിന്‍സ് മൗലായ് റഷീദ് എന്നിവര്‍ രാജകൊട്ടാരത്തില്‍ ടീംമംഗങ്ങളെയും ഉമ്മമാരെയും ആദരിച്ചു. രാജാവിന്റെ രണ്ടാമത്തെ വലിയ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് ദ ത്രോണ്‍ പുരസ്കാരം കോച്ച് വാലിദ് റെഗ്രാഗുയിക്കും മൊറോക്കന്‍ ഫുട്ബാള്‍ ഫെഡറേഷന്‍ പ്രസിഡന്റ് ഫൗസി ലെക്ജാക്കും സമര്‍പ്പിച്ചു.
മൂന്നാമത്തെ വലിയ ബഹുമതിയായ ഓഫീസര്‍ പദവിയാണ് താരങ്ങള്‍ക്ക് ലഭിച്ചത്. 0.01 ശതമാനം മാത്രം സാധ്യതയുണ്ടായിരുന്ന ടീം നാലാം സ്ഥാനത്തെത്തിയത് ആഹ്ലാദകരമാണെന്ന് കോച്ച് പറഞ്ഞു. ലോകത്തെ നാലാമത്തെ മികച്ച ടീം മൊറോക്കോയാണെന്നും അദ്ദേഹം പറഞ്ഞു.
