ന്യൂഡല്‍ഹി : സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച് രാജ്യത്ത് വീണ്ടും നരബലി. ദാദ്ര ആന്‍ഡ് നഗര്‍ ഹവേലിയിലാണ് ദാരുണ സംഭവം നടന്നത്.
സ്വത്ത് സമ്ബാദിക്കാനായി ഒമ്ബതുവയസുകാരനെ തട്ടിക്കൊണ്ടുപോയി തലയറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഒന്നിലധികം കഷണങ്ങളാക്കി മുറിക്കുകയായിരുന്നു. അയല്‍ സംസ്ഥാനമായ ഗുജറാത്തിലെ വല്‍സാദ് ജില്ലയിലെ വാപിയില്‍ കനാലിന് സമീപം തലയില്ലാത്ത നിലയില്‍ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രൂരകൃത്യം പുറത്തറിഞ്ഞത്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളടക്കം മൂന്നു പേര്‍ അറസ്റ്റിലായി.
ഡിസംബര്‍ 29നാണ് ദാദ്ര നഗര്‍ ഹവേലിയിലെ സെയിലി ഗ്രാമത്തില്‍ നിന്ന് ഒമ്ബതുവയസുകാരനെ കാണാതായത്. കുട്ടിയെ കണ്ടെത്താന്‍ ഒന്നിലധികം സംഘങ്ങളായി തിരിഞ്ഞ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ശൈലേഷ് കോഹ്‌കേര, രമേശ് സന്‍വാര്‍ എന്നിവരാണ് അറസ്റ്റിലായ രണ്ടുപേര്‍. ബലി നടന്ന സെയ്ലി ഗ്രാമത്തില്‍ നിന്ന് ഒമ്ബതുകാരന്റെ ചില ശരീരഭാഗങ്ങള്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പ്രതിയാണ് ആദ്യം അറസ്റ്റിലായത്. ചോദ്യം ചെയ്യലില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയി നരബലിക്കിരയാക്കിയതായി പ്രതി വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. സുഹൃത്തായ ശൈലേഷാണ് കൊലപ്പെടുത്താന്‍ സഹായിച്ചത്. രമേശ് സന്‍വാര്‍ ഗൂഢാലോചനയില്‍ പങ്കാളിയായി. സമ്ബത്ത് വര്‍ദ്ധിക്കുമെന്ന് വിശ്വസിപ്പിച്ചാണ് ഇയാള്‍ നരബലിക്ക് പ്രേരിപ്പിച്ചത്.
