പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കേസ് ഇന്ന് ഹൈക്കോടതിയില്‍. വിശദമായ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്.
മലപ്പുറം ജില്ലാ കളക്ടര്‍ രണ്ട് ദിവസത്തിനുള്ളില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് റിപ്പോര്‍ട്ട് കൈമാറും. ബാലറ്റ് പെട്ടികള്‍ മലപ്പുറം സഹകരണ രജിസ്ട്രാര്‍ ഓഫീസിലെത്തിയതില്‍ വിശദമായ അന്വേഷണം വേണമെന്ന് യു.ഡി.എഫും എല്‍.ഡി.എഫും ആവശ്യപ്പെട്ടിട്ടുണ്ട്.
2021 ഏപ്രിലിലായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി നജീബ് കാന്തപുരം 38 വോട്ടിനാണ് വിജയിച്ചത്. വിജയം ചോദ്യംചെയ്ത് എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി കെ.പി.എം മുസ്തഫയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കൊവിഡ് പശ്ചാത്തലത്തില്‍ രേഖപ്പെടുത്തിയ പ്രത്യേക തപാല്‍ വോട്ടുകള്‍ എണ്ണാതെ മാറ്റിവച്ചിരുന്നു. ക്രമനമ്ബര്‍, ഒപ്പ് എന്നിവ ഇല്ലാത്തതിന്‍റെ പേരിലാണ് ഇവ എണ്ണാതിരുന്നത്. ഈ വോട്ടുകള്‍ എണ്ണണമെന്ന് എല്‍.ഡി.എഫ് രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും വരണാധികാരി അനുവദിച്ചില്ല. പരാതിയുണ്ടെങ്കില്‍ കോടതിയെ സമീപിക്കാമെന്നും അറിയിച്ചിരുന്നു.
തുടര്‍ന്നാണ് മുസ്തഫ ഹൈക്കോടതിയെ സമീപിച്ചത്. ഇതിനെതിരെ നജീബ് കാന്തപുരം തടസ വാദഹര്‍ജി നല്‍കിയിരുന്നെങ്കിലും കെ.പി.എം മുസ്തഫയുടെ ഹര്‍ജി നിലനില്‍ക്കുന്നതാണെന്ന് കഴിഞ്ഞ നവംബറില്‍ കോടതി വ്യക്തമാക്കി.
ഇതിനിടെ കഴിഞ്ഞ ദിവസമാണ് നിര്‍ണായകമായ ബാലറ്റ് പെട്ടികളിലൊന്ന് കാണാതായതായി എം.എല്‍.എയും മുസ്തഫയും പരാതി ഉന്നയിച്ചത്. പിന്നീട് ജില്ലാ സഹകരണ ജോയിന്‍റ് രജിസ്ട്രാറുടെ മലപ്പുറത്തെ ഓഫീസില്‍നിന്ന് പെട്ടി കണ്ടെത്തി. 348 തപാല്‍ വോട്ടുകള്‍ അടങ്ങിയ മൂന്ന് പെട്ടികളും പെരിന്തല്‍മണ്ണ ട്രഷറിയിലാണ് സൂക്ഷിച്ചിരുന്നത്. നിലവിലെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ തപാല്‍വോട്ടുകള്‍ ശേഖരിച്ച ബാലറ്റ് പെട്ടി കോടതിയുടെ സംരക്ഷണത്തില്‍ സൂക്ഷിക്കണമെന്നാണ് ഇരുവരുടെയും ആവശ്യം.
