ജസിന്‍ഡ ആര്‍ഡേണ്‍ രാജിവച്ചു

ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേണ്‍ രാജി പ്രഖ്യാപിച്ചു. അഞ്ചര വര്‍ഷം പദവിയില്‍ തുടര്‍ന്നശേഷമാണ് പടിയിറക്കം.

ഫെബ്രുവരി ഏഴിന് പ്രധാനമന്ത്രിപദത്തില്‍ തന്റെ അവസാന ദിനമായിരിക്കുമെന്ന് നേപിയറില്‍ അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ലോകത്ത് തീവ്രവലതുപക്ഷം ശക്തിപ്രാപിക്കുന്ന ഘട്ടത്തില്‍ മധ്യ ഇടതുപക്ഷത്തുനിന്ന് ശക്തമായ നടപടികള്‍ സ്വീകരിച്ച്‌ ലോകശ്രദ്ധ നേടിയ നേതാവാണ് ആകസ്മിക രാജിപ്രഖ്യാപനത്തിലൂടെ ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. രാജി തീരുമാനത്തിന് കൃത്യമായ കാരണങ്ങളൊന്നും ജസിന്‍ഡ നല്‍കിയിട്ടില്ല. പ്രധാനമന്ത്രിപദം വെല്ലുവിളി നിറഞ്ഞതാണെന്നും അതിനോട് ഇനി നീതി പുലര്‍ത്താനാകില്ലെന്നും മാത്രമാണ് വിശദീകരണം.

കൃത്യമായ പ്രതിരോധം തീര്‍ത്ത് 18 മാസക്കാലം കോവിഡ് മഹാമാരിയെ രാജ്യത്ത് പ്രവേശിപ്പിക്കാതിരിക്കാന്‍ ജസിന്‍ഡയ്ക്കായി. 2019 മാര്‍ച്ചില്‍ വെളുത്ത വംശജനായ അക്രമി ക്രൈസ്റ്റ്ചര്‍ച്ചിലെ രണ്ട് മോസ്കുകളിലായി 51 പേരെ വെടിവച്ച്‌ കൊന്നതിനെ തുടര്‍ന്ന് ജസിന്‍ഡ നടത്തിയ ഇടപെടലുകളും ശ്രദ്ധേയമായി. 2017ല്‍ 37–-ാം വയസ്സില്‍ അധികാരത്തിലെത്തിയ ജസിന്‍ഡ അധികാരത്തിലിരിക്കവെ അമ്മയാകുന്ന രണ്ടാമത്തെ ലോകനേതാവായി. ന്യൂയോര്‍ക്കില്‍ ചേര്‍ന്ന യുഎന്‍ പൊതുസഭായോഗത്തില്‍ കൈക്കുഞ്ഞുമായെത്തി.

എന്നാല്‍, കടുത്ത കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ വിവിധ വിഭാഗങ്ങളുടെ എതിര്‍പ്പും നേരിട്ടു. ഈവര്‍ഷം സ്കൂളില്‍ ചേരുന്ന മകള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച ജസിന്‍ഡ പങ്കാളിയായ ക്ലര്‍ക്ക് ഗേഫോര്‍ഡുമായി വിവാഹിതയാകുമെന്നും സൂചിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *