‘പപ്പു’വാക്കാന്‍ ബി.ജെ.പി ചെലവിട്ടത് ആയിരക്കണക്കിന് കോടി, ഇപ്പോള്‍ സത്യം തെളിഞ്ഞില്ലേ -രാഹുല്‍ ഗാന്ധി

ജമ്മു: തന്റെ പ്രതിച്ഛായ തകര്‍ക്കാനും ‘പപ്പു’ ആക്കി മാറ്റാനും ബി.ജെ.പിയും ആര്‍.എസ്.എസും ആയിരക്കണക്കിന് കോടി രൂപ ചെലവാക്കിയെങ്കിലും ഒടുവില്‍ സത്യം പുറത്തുവരുകതന്നെ ചെയ്തെന്ന് രാഹുല്‍ ഗാന്ധി.

സമൂഹ മാധ്യമങ്ങളില്‍ ‘പപ്പു’വാക്കി മാറ്റുന്നതിന് ആസൂത്രിത നീക്കമാണ് നടത്തിയത്. പണം, അധികാരം, അഹങ്കാരം എന്നിവയല്ല; സത്യമാണ് ഈ രാജ്യത്ത് പ്രവര്‍ത്തിക്കുകയെന്ന പാഠം ബി.ജെ.പിയെ പഠിപ്പിക്കുമെന്നും രാഹുല്‍ പറഞ്ഞു. ചൊവ്വാഴ്ച ഭാരത് ജോഡോ യാത്ര കശ്മീരിലേക്ക് തിരിക്കുംമുമ്ബ് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സത്യം മൂടിവെക്കാനും തന്റെ പ്രതിച്ഛായ ഇല്ലാതാക്കാനും ബി.ജെ.പി-ആര്‍.എസ്.എസ് നേതാക്കള്‍ ആസൂത്രിതമായി ആയിരക്കണക്കിന് കോടികള്‍ ചെലവാക്കിയതിന് നിങ്ങള്‍ സാക്ഷികളാണെന്ന് രാഹുല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നിട്ടും സത്യം പുറത്തുവരുകതന്നെ ചെയ്തു. പണമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ആരെയും തരം താഴ്ത്താം, ആരുടെ പ്രതിച്ഛായയും തകര്‍ക്കാം, ഏത് സര്‍ക്കാറിനെയും വിലക്കു വാങ്ങാം. എന്നാല്‍, അത് സത്യമല്ല. പണത്തെയും അധികാരത്തെയും തള്ളിമാറ്റി സത്യം പുറത്തുവരുക തന്നെ ചെയ്യും. ഈ നഗ്നയാഥാര്‍ഥ്യം ബി.ജെ.പി നേതാക്കള്‍ സാവധാനം മനസ്സിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജോഡോ യാത്രക്ക് ജമ്മുവില്‍ ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. 2019 സെപ്റ്റംബറില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് ആറു മാസത്തിനകം പാര്‍ട്ടി വിട്ട് ശിവസേനയില്‍ അംഗമായ നടി ഊര്‍മിള മാതോന്ദ്കര്‍ അടക്കം യാത്രയില്‍ ഭാഗമായി. പരമ്ബരാഗത കശ്മീരീ വസ്ത്രമണിഞ്ഞാണ് ഊര്‍മിള എത്തിയത്. സാഹിത്യകാരന്‍ പെരുമാള്‍ മുരുകന്‍, ജമ്മു-കശ്മീര്‍ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് വികര്‍ റസൂല്‍ വാനി, മുന്‍ പ്രസിഡന്റ് ജി.എ. മിര്‍ തുടങ്ങിയവരും നൂറുകണക്കിന് പ്രവര്‍ത്തകരും റാലിയില്‍ അണിനിരന്നു.

Leave a Reply

Your email address will not be published. Required fields are marked *