കൊച്ചി: മദ്യപിച്ച് വാഹനമോടിക്കുന്നത് ഇന്‍ഷുറന്‍സ് പോളിസി നിബന്ധനകളുടെയും വ്യവസ്ഥകളുടെയും ലംഘനമാണെന്ന് വ്യവസ്ഥയുണ്ടെങ്കിലും അപകടത്തിന് ഇരയാകുന്നയാള്‍ക്ക് നഷ്ടപരിഹാരം നല്കാന് ഇന്‍ഷുറന്‍സ് കമ്ബനി ബാധ്യസ്ഥമാണെന്ന് ഹൈക്കോടതി.
മഞ്ചേരി മോട്ടോര്‍ ആക്സിഡന്റ്സ് ക്ലെയിം ട്രിബ്യൂണല്‍ (എംഎസിടി) നല്കിയ നഷ്ടപരിഹാരം അപര്യാപ്തമാണെന്ന് കാണിച്ച് നിലമ്ബൂര്‍ നടുവക്കാട് മുഹമ്മദ് റാഷിദ് നല്കിയ അപ്പീല്‍ ഹര്‍ജിയിലാണ് ജസ്റ്റിസ് സോഫി തോമസിന്റെ ഉത്തരവ്.
2013ല്‍ ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുമ്ബോള്‍ ഒന്നാംപ്രതി ഗിരിവാസന്‍ ഓടിച്ച കാറിടിച്ച് പരാതിക്കാരന് ഗുരുതരമായി പരിക്കേറ്റു. ഏഴുദിവസം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് ആറുമാസം വിശ്രമിക്കണമെന്നും പറഞ്ഞു. 12,000 രൂപ മാസവരുമാനമുള്ള ഡ്രൈവറായ ഹര്ജിക്കാരന് നാലുലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ട്രിബ്യൂണലിനെ സമീപിച്ചതിനെ തുടര്‍ന്ന് 2.4 ലക്ഷം രൂപ നഷ്ടപരിഹാരം നല്കി. നഷ്ടപരിഹാരത്തുകയും 12,000 രൂപ മാസവരുമാനമുള്ള ഹര്‍ജിക്കാരന്റെ വരുമാനം 7000 രൂപയായി നിശ്ചയിച്ചതും കുറഞ്ഞുപോയെന്ന് ചൂണ്ടിക്കാണിച്ചാണ് പരാതിക്കാരന് ഹൈക്കോടതിയെ സമീപിച്ചത്.
അപകടത്തിനിടയാക്കിയ കാര്‍ ഇന്‍ഷുര്‍ ചെയ്തിട്ടുണ്ടെങ്കിലും ഡ്രൈവര്‍ മദ്യപിച്ചിരുന്നതിനാല്‍ നഷ്ടപരിഹാരം നല്കാന് ബാധ്യതയില്ലെന്ന് ഇന്‍ഷുറന്‍സ് കമ്ബനി വാദിച്ചു. ഇത് വാഹന ഉടമയോ ഡ്രൈവറോ ചോദ്യംചെയ്തിട്ടില്ലെന്നും കമ്ബനി വ്യക്തമാക്കി. എന്നാല്‍, പോളിസിയനുസരിച്ചുള്ള ബാധ്യത നിയമപരമായ സ്വഭാവമുള്ളതാണെന്നും നഷ്ടപരിഹാരം നല്‍കുന്നതില്‍നിന്ന് കമ്ബനി ഒഴിവാക്കപ്പെടില്ലെന്നും കോടതി വ്യക്തമാക്കി. അതിനാല്‍, ഇരയ്ക്ക് നഷ്ടപരിഹാരം നല്കാന് കമ്ബനി ബാധ്യസ്ഥമാണെന്നും ഇത് ഡ്രൈവറില്‍നിന്നും ഉടമയില്‍നിന്നും ഈടാക്കാമെന്നും കോടതി വ്യക്തമാക്കി. അതിനാല്‍, ട്രിബ്യൂണല്‍ അനുവദിച്ച തുകയ്ക്കുപുറമെ 39,000 രൂപ വര്‍ഷം ഏഴുശതമാനം പലിശനിരക്കില്‍ ഹര്‍ജിക്കാരന്റെ ബാങ്ക് അക്കൗണ്ടില്‍ രണ്ടുമാസത്തിനകം നിക്ഷേപിക്കാന്‍ കോടതി നിര്‍ദേശിച്ചു.
