ദുബൈ: താമസ കുടിയേറ്റ വകുപ്പിന്‍റെ (ജി.ഡി.ആര്‍.എഫ്.എ) വിഡിയോ കാള്‍ സേവനം ഏറ്റെടുത്ത് പ്രവാസികള്‍. സേവനം ആരംഭിച്ച് രണ്ടു മാസത്തിനുള്ളില്‍ 2.50 ലക്ഷം വിഡിയോ കാളുകളാണ് ലഭിച്ചതെന്ന് ജി.ഡി.ആര്‍.എഫ്.എ അറിയിച്ചു.
ജനുവരി 11 മുതലാണ് വിസ അടക്കമുള്ള വിവിധ സേവനങ്ങള്‍ക്ക് വിഡിയോ കാള്‍ സംവിധാനം ഏര്‍പ്പെടുത്തിയത്. ആദ്യ ഘട്ടത്തില്‍ തന്നെ പ്രതീക്ഷിച്ചതിലേറെ സ്വീകാര്യതയാണ് ലഭിച്ചത്.
സാമ്ബത്തിക ഇടപാടുകള്‍, ഗോള്‍ഡന്‍ വിസ, മാനുഷിക പരിഗണന ആവശ്യമായ കേസുകള്‍, നിയമ സഹായം, റിയല്‍ എസ്റ്റേറ്റ് നടപടിക്രമങ്ങള്‍, എന്‍ട്രി പെര്‍മിറ്റ്, അന്വേഷണങ്ങള്‍, വസ്തുവിലെ നിക്ഷേപം, പൗരത്വം തുടങ്ങിയ സേവനങ്ങളെല്ലാം വിഡിയോ കാള്‍ വഴി ലഭ്യമാകും. സൈറ്റിലെ വിഡിയോ കാള്‍ സര്‍വിസ് ക്ലിക് ചെയ്ത് പേര്, ഇ-മെയില്‍ ഐ.ഡി, മൊബൈല്‍ നമ്ബര്‍, എമിറേറ്റ്സ് ഐ.ഡി, പാസ്പോര്‍ട്ട് വിവരങ്ങള്‍ നല്‍കണം. തുടര്‍ന്ന് എന്ത് സേവനമാണ് ആവശ്യമുള്ളതെന്ന് ക്ലിക് ചെയ്താല്‍ ഏതാനും മിനിറ്റുകള്‍ക്കകം എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുമായി വിഡിയോ കാള്‍ വഴി ആശയവിനിമയം നടത്താന്‍ കഴിയും. സമയബന്ധിതമായി എല്ലാ ഇടപാടുകളും പൂര്‍ത്തീകരിക്കാനാകും.
ഓഫിസുകള്‍ സന്ദര്‍ശിക്കാതെ അഞ്ചു മിനിറ്റിനുള്ളില്‍ രേഖകള്‍ സമര്‍പ്പിക്കാനാകും. ജി.ഡി.ആര്‍.എഫ്.എയുടെ ആപ് വഴിയും ഫ്രന്‍ഡ് കാമറ പ്രവര്‍ത്തിക്കുന്ന മൊബൈലോ ടാബോ വഴിയും ഈ സേവനം ലഭിക്കും. അപേക്ഷയോടൊപ്പം രേഖ സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നീട് ചാറ്റ് ബോക്സില്‍ അയക്കാനും കഴിയും. ഉപഭോക്താക്കളുടെ സമയവും ചെലവും ലാഭിക്കാനും നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനും പുതിയ സംവിധാനം ഉപകരിക്കുമെന്ന് ഇന്‍സ്റ്റിറ്റ്യൂഷനല്‍ സപ്പോര്‍ട്ട് സെക്ടര്‍ അസിസ്റ്റന്‍റ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ ഹുസൈന്‍ ഇബ്രാഹിം പറഞ്ഞു.
