മാലിന്യ സംസ്കരണത്തില്‍ കേരളം പരാജയപ്പെട്ടിട്ടില്ല; മാര്‍ക്സിസ്റ്റ് ഇക്കോളജി ശാസ്ത്രം വായിച്ചു നോക്കണമെന്ന് തോമസ് ഐസക്ക്

കൊച്ചി: ഒരു ജനത വിഷപുക ശ്വസിക്കുന്നതിന്റെ പ്രധാന കാരണം സര്‍ക്കാരും കൊച്ചിയിലെ പ്രദേശിക ഭരണകൂടവുമാണ്. ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ നിന്നും ഉയരുന്നത് വിഷപുക മാത്രമല്ല, അഴിമതിയുടെ ദുര്‍ഗന്ധം കൂടിയാണ്.

കേരളം കണ്ട ഏറ്റവും വലിയ പാരിസ്ഥിക ദുരന്തമെന്ന് വിശേഷിപ്പിക്കാവുന്ന വിഷയത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കാത്തതും ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളത്തതും വലിയ ജനരോഷത്തിനാണ് വഴിയൊരുക്കിയിരിക്കുന്നത്. ഇതിനിടെ, കേന്ദ്രീകൃത മാലിന്യ സംസ്കരണവും ഉറവില മാലിന്യ സംസ്കരണവും കേരളത്തില്‍ പരാജയപ്പെട്ടിട്ടില്ല എന്ന വാദവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുന്‍ ധനമന്ത്രി തോമസ് ഐസക്. ഉറവിട മാലിന്യ സംസ്കരണം ലളിതമാണെന്നും മാര്‍ക്സിന്റെ ചിന്താ പദ്ധതിയിലെ ഇക്കോളജിക്കല്‍ സമീപനം ഇന്ന് ആഴത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെന്നും തോമസ് ഐസക് പറഞ്ഞു.

മാര്‍ക്സിന്റെ ചിന്താ പദ്ധതിയിലെ ഇക്കോളജിക്കല്‍ സമീപനം ഇന്ന് ആഴത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. പ്രകൃതിയെ മാറ്റുന്നവരാണ് മനുഷ്യരെങ്കിലും അവര്‍ പ്രകൃതിയുടെ ഭാഗമാണ്. പ്രകൃതിയും മനുഷ്യനും തമ്മിലുണ്ടാകേണ്ടുന്ന പാരസ്പര്യം ഇല്ലായ്മ ചെയ്യപ്പെടുന്നതിന്റെ ഉദാഹരണമായി മാര്‍ക്സ് ചൂണ്ടിക്കാണിക്കുന്ന ഒന്ന് മണ്ണിന്റെ ഫലഭൂയിഷ്ഠതയില്‍ വരുന്ന തകര്‍ച്ചയാണ്. മണ്ണിന്റെ ഫലങ്ങളെല്ലാം നഗരങ്ങളിലേക്കു പോയി. അവയുടെ അവശിഷ്ഠങ്ങള്‍ മണ്ണിലേക്കു തിരിച്ചു വരുന്നില്ല. മറിച്ച്‌, നഗരത്തെ മലിനീകരിക്കുന്നു. മാര്‍ക്സിസ്റ്റ് ഇക്കോളജി ശാസ്ത്രം ഈ സമസ്യയുടെ ചര്‍ച്ചയില്‍ നിന്നാണ് ആരംഭിക്കുന്നത്. താല്‍പ്പര്യമുള്ളവര്‍ക്ക് മന്തിലി റിവ്യു പ്രസാദകശാല പുറത്തിറക്കിയിട്ടുള്ള മാര്‍ക്സിസവും ഇക്കോളജിയും സംബന്ധിച്ച ഗ്രന്ഥങ്ങള്‍ വായിച്ചു നോക്കാവുന്നതാണ്.

കേരളത്തില്‍ കേന്ദ്രീകൃത മാലിന്യ സംസ്കരണവും ഉറവില മാലിന്യ സംസ്കരണവും ഒരുപോലെ പരാജയപ്പെട്ടുവെന്ന മുരളി തുമ്മാരകുടിയുടെ നിലപാടിനോട് യോജിപ്പില്ല. ഉറവിട മാലിന്യ സംസ്കരണം വിജയകരമായി നടപ്പാക്കുന്ന നിരവധി തദ്ദേശഭരണസ്ഥാപനങ്ങളെ കാണിച്ചു തരാനാകും. ഇന്ന് കേരളത്തില്‍ ഏതാണ്ട് 20 ലക്ഷം ആളുകളെങ്കിലും തങ്ങളുടെ വീടുകളില്‍ തന്നെ അല്ലെങ്കില്‍ തൊട്ടടുത്ത പ്രദേശത്ത് ജൈവമാലിന്യം സംസ്കരിക്കുന്നവരാണ്. ഈ ആപത്ത് ഒരു അവസരമാക്കി മാറ്റാന്‍ കേരളത്തിനു കഴിയണം. ഒത്തുപിടിച്ചാല്‍ ഒരു വര്‍ഷം കൊണ്ട് കേരളത്തെ ശുചിത്വ സംസ്ഥാനമാക്കി മാറ്റാം എന്നാണ് തോമസ് ഐസക് ഫേയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

തോമസ് ഐസക്കിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്,

ഉറവിട മാലിന്യ സംസ്കരണം ലളിതമാണ്. അതിനെ അതിലളിതവല്‍ക്കരിച്ച്‌ വക്രീകരിക്കുന്ന സമീപനമാണ് മുരളി തുമ്മാരകുടിയുടെ പോസ്റ്റിലേതെന്നു പറയാതെ നിര്‍വ്വാഹമില്ല. എഴുത്തിലെ അനൗപചാരികതയും നര്‍മ്മവും മറന്നുകൊണ്ടല്ല ഈ വിമര്‍ശനം. ആദ്യത്തെ പ്രശ്നം എല്ലാ മാലിന്യങ്ങളും അതായത് അജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍തന്നെ സംസ്കരിക്കാനാകുമോ എന്നുളളതാണ്. ആവില്ല എന്നു വ്യക്തമാണ്. ഉറവിട മാലിന്യ സംസ്കരണം അതിനു ശ്രമിക്കുന്നുമില്ല. ഉറവിട മാലിന്യ സംസ്കരണം എന്നാല്‍ മൂന്ന് കാര്യങ്ങളാണ്. ഒന്ന്, ഉറവിടത്തില്‍ തന്നെ മാലിന്യം വേര്‍തിരിക്കുക. രണ്ട്, ജൈവ മാലിന്യം ഉറവിടത്തില്‍ തന്നെ സംസ്കരിക്കുക. മൂന്ന്, അജൈവ മാലിന്യം ഇനം തിരിച്ച്‌ പുനരുപയോഗത്തിനോ പുനചംക്രമണത്തിനോ അല്ലെങ്കില്‍ ലാന്റ് ഫില്ലിംഗിനോ ആയി നീക്കം ചെയ്യുക.

രണ്ടാമത്തെ പ്രശ്നം ബയോഗ്യാസുമായി ബന്ധപ്പെട്ട സങ്കീര്‍ണ്ണതകളാണ്. അവ സങ്കീര്‍ണ്ണമാണെന്ന് ആര്‍ക്കെങ്കിലും തോന്നുന്നുവെങ്കില്‍ ബയോഗ്യാസ് വേണ്ട. അതിലളിതമായ കമ്ബോസ്റ്റിംഗ് രീതികളുണ്ട്. അതിനുള്ള ഒട്ടനവധി വ്യത്യസ്ത മാതൃകകള്‍ ഇന്നു ലഭ്യമാണ്. മൂന്നാമത്തെ പ്രശ്നം ഇങ്ങനെ കേരളത്തിലെ ഭൂരിപക്ഷം ആളുകളും ഇതു ചെയ്യാന്‍ തയ്യാറാകുമോ എന്നുള്ളതാണ്. കേരളത്തിലെ എല്ലാ വീടുകളും അവരുടെ മലവിസര്‍ജ്ജ്യം വീടുകള്‍ക്കുള്ളിലോ സമീപപ്രദേശങ്ങളിലോ ആണ് സംസ്കരിക്കുന്നത്. പിന്നെ ഇത്തിരിപോന്ന അടുക്കള മാലിന്യത്തിന്റെ കാര്യത്തില്‍ എന്തിനാണ് അറയ്‌ക്കുന്നത്. ഇതെല്ലാം മൈന്‍ഡ് സെറ്റിന്റെ പ്രശ്നമാണ്. അത് മാറ്റാവുന്നതേയുള്ളൂ. കൂടുതല്‍ ഗൗരവമായ പ്രശ്നം വേസ്റ്റ് റ്റു എനര്‍ജി പ്ലാന്റുകളുടെ സാമ്ബത്തികമാണ്. തുമ്മാര്‍കുടി അത് പരിശോധിക്കുന്നേയില്ല. 15 രൂപ ഒരു യൂണിറ്റ് എനര്‍ജിക്ക് വേണ്ടിവരും. ശരാശരി വേണ്ടിവരുന്ന ചെലവിനേക്കാള്‍ 10 രൂപയെങ്കിലും കൂടുതല്‍ വേണ്ടിവരും. ഈ നഷ്ടം എല്ലാ കാലത്തും സഹിക്കണം. അതേസമയം ഒരു കിലോ കമ്ബോസ്റ്റ് ഉല്‍പ്പാദിപ്പിക്കുമ്ബോള്‍ 10 രൂപയെങ്കിലും ഓരോ കിലോയ്‌ക്കും ലാഭംകിട്ടും. ഇത്തരമൊരു നേട്ട-കോട്ട വിശ്ലേഷണം അനിവാര്യമാണ്.

വേസ്റ്റ് റ്റു എനര്‍ജി പ്ലാന്റുകള്‍ പ്രവര്‍ത്തിക്കാന്‍ മിനിമം മാലിന്യം ഉറപ്പുവരുത്തിയേ തീരൂ. അത് ഉറപ്പുവരുത്തുന്നതിനുള്ള തന്ത്രപ്പാടാണ് ബ്രഹ്മപുരത്തേക്ക് മാലിന്യങ്ങള്‍ വേര്‍തിരിക്കാതെ കൊണ്ടുപോകുന്നതിനു പ്രേരകമായത്. കൊച്ചിയിലെ മാത്രമല്ല, സമീപപ്രദേശത്തെ മുനിസിപ്പാലിറ്റിളിലെല്ലാം ഉറവിട മാലിന്യ സംസ്കരണ രീതികള്‍ അവസാനിപ്പിച്ചത് വരാന്‍ പോകുന്ന എനര്‍ജി പ്ലാന്റില്‍ ആവശ്യത്തിനു മാലിന്യം ലഭിക്കുമെന്ന് ഉറപ്പുവരുത്താനാണ്. പാരിസ്ഥിതികമായി നോക്കുമ്ബോള്‍ മാലിന്യം കുറയ്‌ക്കാനാണു നമ്മള്‍ നോക്കേണ്ടത്. എന്നാല്‍ എനര്‍ജി പ്ലാന്റിന്റെ ദര്‍ശനം മാലിന്യം വര്‍ദ്ധിപ്പിക്കുകയാണ്. ഇതൊക്കെയാണെങ്കിലും ചില സവിശേഷ സാഹചര്യങ്ങളില്‍ ചിലപ്പോള്‍ വേസ്റ്റ് എനര്‍ജി പ്ലാന്റുകള്‍ അനിവാര്യമായി തീരാം. അതിനെ എതിര്‍ക്കുന്നില്ല. പക്ഷേ, എറണാകുളം ജില്ലയിലെയും അതുപോലെ കേരളത്തിലെ മുഴുവനും ജൈവ മാലിന്യം എനര്‍ജിയാക്കി മാറ്റാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് അപകടകരമാണ്. മണ്ണിന്റെ ഫലഭൂയിഷ്ഠത കുറയ്‌ക്കുന്നതിനും കാര്‍ഷിക പ്രതിസന്ധിക്കും ഇടവരുത്തും.

മണ്ണില്‍ നിന്നും നാം എടുക്കുന്ന ഫലങ്ങളുടെ അവശിഷ്ടങ്ങള്‍ മണ്ണിലേക്കു തന്നെ തിരിച്ച്‌ ഏല്‍പ്പിക്കണം. ഇത് സുപ്രധാനമായ ഒരു പ്രകൃതി സന്തുലനചക്രമാണ്. ഈ പാരസ്പര്യത്തിന്റെ തകര്‍ച്ച സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രതിസന്ധിയെക്കുറിച്ച്‌ മാര്‍ക്സ് തന്നെ സവിസ്തരം പ്രതിപാദിക്കുന്നു. മാര്‍ക്സിന്റെ ചിന്താ പദ്ധതിയിലെ ഇക്കോളജിക്കല്‍ സമീപനം ഇന്ന് ആഴത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. പ്രകൃതിയെ മാറ്റുന്നവരാണ് മനുഷ്യരെങ്കിലും അവര്‍ പ്രകൃതിയുടെ ഭാഗമാണ്. പ്രകൃതിയും മനുഷ്യനും തമ്മിലുണ്ടാകേണ്ടുന്ന പാരസ്പര്യം ഇല്ലായ്മ ചെയ്യപ്പെടുന്നതിന്റെ ഉദാഹരണമായി മാര്‍ക്സ് ചൂണ്ടിക്കാണിക്കുന്ന ഒന്ന് മണ്ണിന്റെ ഫലഭൂയിഷ്ഠതയില്‍ വരുന്ന തകര്‍ച്ചയാണ്. മണ്ണിന്റെ ഫലങ്ങളെല്ലാം നഗരങ്ങളിലേക്കു പോയി. അവയുടെ അവശിഷ്ഠങ്ങള്‍ മണ്ണിലേക്കു തിരിച്ചു വരുന്നില്ല. മറിച്ച്‌, നഗരത്തെ മലിനീകരിക്കുന്നു. മാര്‍ക്സിസ്റ്റ് ഇക്കോളജി ശാസ്ത്രം ഈ സമസ്യയുടെ ചര്‍ച്ചയില്‍ നിന്നാണ് ആരംഭിക്കുന്നത്. താല്‍പ്പര്യമുള്ളവര്‍ക്ക് മന്തിലി റിവ്യു പ്രസാദകശാല പുറത്തിറക്കിയിട്ടുള്ള മാര്‍ക്സിസവും ഇക്കോളജിയും സംബന്ധിച്ച ഗ്രന്ഥങ്ങള്‍ വായിച്ചുനോക്കാവുന്നതാണ്.

കേരളത്തില്‍ കേന്ദ്രീകൃത മാലിന്യ സംസ്കരണവും ഉറവില മാലിന്യ സംസ്കരണവും ഒരുപോലെ പരാജയപ്പെട്ടുവെന്ന മുരളി തുമ്മാരകുടിയുടെ നിലപാടിനോടും യോജിപ്പില്ല. ഉറവിട മാലിന്യ സംസ്കരണം വിജയകരമായി നടപ്പാക്കുന്ന നിരവധി തദ്ദേശഭരണസ്ഥാപനങ്ങളെ കാണിച്ചുതരാനാകും. ഇന്ന് കേരളത്തില്‍ ഏതാണ്ട് 20 ലക്ഷം ആളുകളെങ്കിലും തങ്ങളുടെ വീടുകളില്‍ തന്നെ അല്ലെങ്കില്‍ തൊട്ടടുത്ത പ്രദേശത്ത് ജൈവമാലിന്യം സംസ്കരിക്കുന്നവരാണ്. ഈ ആപത്ത് ഒരു അവസരമാക്കി മാറ്റാന്‍ കേരളത്തിനു കഴിയണം. ഒത്തുപിടിച്ചാല്‍ ഒരുവര്‍ഷംകൊണ്ട് കേരളത്തെ ശുചിത്വ സംസ്ഥാനമാക്കി മാറ്റാം.

Leave a Reply

Your email address will not be published. Required fields are marked *