വനിതാ ഡോക്ടറോട് ലൈംഗികാതിക്രമം: സീനിയര്‍ ഡോക്ടര്‍ക്കെതിരേ കേസ്

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ വനിതാ ഡോക്ടറെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയില്‍ ഡോക്ടര്‍ക്കെതിരേ കേസ്.

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ജനറല്‍ മെഡിസിന്‍ വിഭാഗം മേധാവിയായിരുന്ന ഡോ.ജി. മനോജിനെതിരേയാണ് യുവ വനിതാ ഡോക്ടര്‍ നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ സെന്‍ട്രല്‍ പോലീസ് കേസെടുത്തത്. വിദേശത്ത് ജോലി ചെയ്യുന്ന വനിതാ ഡോക്ടറില്‍നിന്ന് ഇ മെയില്‍ വഴി വിശദാംശങ്ങള്‍ ശേഖരിച്ച ശേഷമാണ് നടപടി.

കേസില്‍ ആരോഗ്യവിഭാഗം വിജിലന്‍സ് അന്വേഷണം ആരംഭിച്ചിരുന്നു. വനിതാ ഡോക്ടര്‍ സമൂഹമാധ്യമത്തിലിട്ട കുറിപ്പ് ശ്രദ്ധയില്‍പ്പെട്ടതോടെ ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. സ്ത്രീത്വത്തെ അപമാനിച്ചതിന് 354-ാം വകുപ്പ് അനുസരിച്ചാണ് മനോജിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

2019ല്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന കാലത്ത് ഡോ. മനോജ് തന്നെ കടന്നുേപിടിക്കുകയും ബലമായി മുഖത്ത് ചുംബിക്കുകയും ചെയ്തതായി ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് വനിതാ ഡോക്ടര്‍ ആരോപണം ഉന്നയിച്ചത്. അന്ന് ഡോ. മനോജ് എറണാകുളം ജനറല്‍ ആശുപത്രിയിലെ ജനറല്‍ മെഡിസിന്‍ വിഭാഗം മേധാവിയായിരുന്നു.
ആശുപത്രിക്ക് പുറത്ത് ഡോ. മനോജ് സ്വകാര്യ പ്രാക്ടീസ് ചെയ്യുന്ന മുറിയില്‍ രാത്രി ഏഴിനായിരുന്നു സംഭവമെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരുന്നു. പരാതിക്കാരിയായ വനിതാ ഡോക്ടര്‍ ഇപ്പോള്‍ ദുബായിലാണ്.

Leave a Reply

Your email address will not be published. Required fields are marked *