ഹിന്ദു ഐക്യവേദി നേതാവും നിയമകുരുക്കിലേക്ക്

കോഴിക്കോട്: മുസ്ലിംങ്ങളല്ലാത്തവരോട് ചിരിക്കരുത്, ജോലിക്കു നിര്‍ത്തരുത്, പ്രശംസിക്കരുത് തുടങ്ങി മതവിദ്വേഷംവളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ച സലഫി പ്രഭാഷകന്‍ ഷംസുദ്ദീന്‍ ഫരീദ് പാലത്തിനെതിരെ നിയമ നടപടി ആവശ്യപ്പെട്ട് പരാതി നല്‍കിയ ഷുക്കൂര്‍ വക്കീല്‍ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയ്‌ക്കെതിരെയും പരാതി നല്‍കി. മതവിദ്വേഷംവളര്‍ത്തുന്ന പ്രസംഗം നടത്തിയതിന് ശശികലയ്‌ക്കെതിരെ ഇന്നലെയാണ് കാസര്‍കോട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.
കാസര്‍കോട് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.സി ഷുക്കൂര്‍ മുസ്ലിംലീഗ് നേതാവും എം.ജി യൂണിവേഴ്‌സിറ്റി പ്രൊ വൈസ്ചാന്‍സിലര്‍ ഷീന ഷുക്കൂറിന്റെ ഭര്‍ത്താവുമാണ്.

ശശികലയുടെ വിദ്വേഷ പ്രസംഗത്തിന്റെ യുട്യൂബ് ലിങ്കുകള്‍ സഹിതമാണ് പരാതി നല്‍കിയത്. മുസ്ലിം, ക്രിസ്ത്യന്‍ ന്യൂനപക്ഷ മത വിഭാഗങ്ങളെ അവേഹേളിക്കുന്നതും മതവിദ്വേഷം വളര്‍ത്തുന്നതുമായ 12 ലിങ്കുകളും ഇവ ഡൗണ്‍ലോഡ് ചെയ്ത് കോപ്പി ചെയ്ത സിഡികളും സഹിതമാണ് പരാതി നല്‍കിയിട്ടുള്ളത്.

സാധാരണ ഹിന്ദു വിശ്വാസികളെ പ്രകോപിപ്പിക്കുന്നതിനും ഒത്തൊരുമിച്ച് ജീവിക്കുന്ന കേരളീയരെ അകറ്റാനും പരസ്പരം ശത്രുതയുണ്ടാക്കുവാനും ഉദ്ദേശിച്ചുള്ളതുമാണ് പ്രസംഗങ്ങളെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഗുജറാത്ത് ,ഒഡീഷ, യു.പി എന്നിവിടങ്ങളിലെ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി ന്യൂനപക്ഷങ്ങളെ ഭീഷണിപ്പെടുത്തും തരത്തില്‍ മാറാട് നടത്തിയ പ്രസംഗം, മതര്‍തരേസയെ ആക്ഷേപിക്കുകയും മതം മാറ്റാന്‍ വന്ന കാട്ടുകള്ളിയാണെന്നും പറഞ്ഞ് നടത്തിയ പ്രസംഗം, ഏറ്റവും ഒടുവില്‍ മുസ്ലിം, ക്രിസ്ത്യന്‍, ഹിന്ദു കടലുകളെ കുറിച്ചു നടത്തിയ പ്രസംഗം എന്നിവയുടെ ലിങ്കുകളും പരാതിയില്‍ നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി പ്രഭാഷണം നടത്തുന്ന ശശികലയുടെ നിരവധി പ്രസംഗങ്ങളുടെ വീഡിയോ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. തെളിവുകളായി പ്രസംഗങ്ങളുടെ യുട്യൂബ് ലിങ്കുകളും സി.ഡികളും ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്.

ഇത്തരം പ്രസംഗങ്ങള്‍ ആവര്‍ത്തിക്കുന്നത് മതേതര ജാനാധിപത്യ സമൂഹത്തിന് ഗുണകരമല്ലെന്നും നിയമവാഴ്ച്ചയെ വെല്ലുവിളിക്കുന്ന ഇവരുടെ പ്രസംഗങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയില്‍ പറയുന്നത്. കാഞ്ഞങ്ങാട്ടുവച്ചാണ് ശശികയുടെ പ്രസംഗങ്ങള്‍ കേട്ടതും ഡൗണ്‍ലോഡ് ചെയ്തതെന്നും ഇക്കാര്യത്തില്‍ നിയമ നടപടികള്‍ സ്വീകരിച്ച് ഭാവിയില്‍ ഇത്തരം പ്രസംഗങ്ങള്‍ നടത്തുവാന്‍ സാഹചര്യങ്ങള്‍ നല്‍കരുതെന്നുമാണ് പരാതിയില്‍ വ്യക്തമാക്കുന്നത്.കഴിഞ്ഞ മാസം ഏഴിനായിരുന്നു മതവിദ്വേഷ പ്രസംഗം നടത്തിയതിന് ശംസുദ്ധീന്‍ പാലത്തിനെതിരെ ഇദ്ദേഹം കാസര്‍ഗോഡ് ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കിയത്. തുടര്‍ന്ന് പരാതിന്മേല്‍ കേസെടുക്കുകയും. അന്വേഷം കോഴിക്കോട് നടക്കാവ് സ്റ്റേഷനിലേക്കു കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍ രാജ്യം നിരേധിച്ച ഐസിസിന്റെ ആശയമായ വലാഉംബറാഉം പ്രസംഗിച്ച ശംസുദ്ദീനെതിരെ യു.എ.പി.എ വകുപ്പ് ചുമത്തുകയുണ്ടായി. ഈ കേസ് കോഴിക്കോട് നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ അന്വേഷിച്ചു വരികയാണ്.

ഇതിനു പിന്നാലെയാണ് ശശികലക്കെതിരെയുള്ള പരാതിയുമായി അഡ്വ.ഷുക്കൂര്‍ രംഗത്തു വന്നിട്ടുള്ളത്. വര്‍ഗീയതക്കും മതസ്പര്‍ദ വളര്‍ത്തുന്ന ഇത്തരം പ്രസംഗങ്ങള്‍ക്കുമെതിരെ ശക്തമായ നിലപാട് തുടരുക തന്നെ ചെയ്യുമെന്ന് ഷുക്കൂര്‍ വക്കീല്‍ മറുനാടന്‍ മലയാളിയോടു പറഞ്ഞു. വര്‍ഗീയ വിദ്വേഷം പരത്തുന്ന പ്രസംഗം നടത്തിയ ശംസുദ്ദീന്‍ ഫരീദ് പാലത്തിനെതിരെ പരാതിപ്പെട്ടതിന്റെ പേരില്‍ നേരെ ഭീഷണിയും സമ്മര്‍ദവും തന്തക്കു വിളിയും നിരന്തരം കേള്‍ക്കേണ്ടി വന്നിരുന്നു അഡ്വ.ഷുക്കൂറിന്. ശശികലക്കെതിരെ എന്തുകൊണ്ട് പരാതിപ്പെട്ടില്ലെന്നായിരുന്നു എതിര്‍ക്കുന്നവരുടെ ചോദ്യം. എന്നാല്‍ ഷുക്കൂര്‍ വക്കീലിനെ എതിര്‍ത്തവരാരും ശശികലക്കെതിരെ പരാതി നല്‍കാന്‍ തയ്യാറായതുമില്ല. ശംസുദ്ദീന്റേതു പോലെതന്നെ ശശികലയുടെ പ്രസംഗവും മതേതര ജനാധിപത്യ സമൂഹത്തിന് അപകടവും ഭീഷണിയുമാണെന്ന് തിരിച്ചറിഞ്ഞ വക്കീല്‍ തന്നെ ഇതിനെതിരെയും പരാതിപ്പെടുകയായിരുന്നു. ഇരു മതവിഭാഗത്തില്‍പ്പെട്ട വര്‍ഗീയ വിഷം ചീറ്റുന്ന രണ്ട് പ്രഭാഷകര്‍ക്കെതിരെ ഷുക്കൂര്‍ വക്കീല്‍ നടത്തിയ ഇടപെടലില്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ പിന്തുണ ഇതിനോടകം ലഭിച്ചു കഴിഞ്ഞു. നേരിട്ടും ഫോണിലൂടെയും വിവിധ മത രാഷ്ട്രീയ വിഭാഗങ്ങളുടെ പ്രശംസയും പിന്തുണയും എത്തുകയും ചെയ്യുന്നു.

വിദ്വേഷ പ്രസംഗം നടത്തുന്നുവെന്ന നിരന്തര ആക്ഷേപം ശശികലക്കെതികെ നേരത്തേ ഉയര്‍ന്നിരുന്നു. ശശികല, ആറ്റിങ്ങല്‍ കടലിനെ സംബന്ധിച്ച് നടത്തിയ പ്രസംഗവും, ഓണവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങളുമെല്ലാം വ്യാപകമായ പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു. പ്രസംഗങ്ങള്‍ അധികവും വര്‍ഗീയ വിഷം വമിക്കുന്നതാണെന്ന ആരോപണം മുന്‍പുതന്നെ നിലനിലവിലുണ്ട്. ഇതിന് പിന്നാലെയാണ് പ്രസംഗത്തിനെതിരെ പരാതി പൊലീസിന് മുന്നിലെത്തുന്നത്.

പ്രാഥമിക ദൃഷ്ടിയില്‍ കേസെടുക്കാന്‍ നിരവധി വകുപ്പുകളുണ്ടെന്നാണ് പൊലീസ് നിരീക്ഷണം. പരാതിയില്‍ പറഞ്ഞ ലിങ്കുകളും സിഡികളും പരിശോധിച്ചു വരികയാണെന്നും പ്രസംഗങ്ങള്‍ ഓരോന്നും എവിടെയൊക്കെ നടത്തിയതാണെന്നും പരിശോധിച്ച ശേഷമായിരിക്കും എവിട കേസ് രജിസ്റ്റര്‍ ചെയ്യണമെന്നത് തീരുമാനിക്കുകയെന്ന് കാസര്‍കോട് ജില്ലാ പൊലീസ് മേധാവി മറുനാടന്‍ മലയാളിയോടു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *