ആസിയാനില്‍ തിളങ്ങി മോദി, കടന്നുകയറ്റം ചെറുക്കാൻ കൂട്ടായ്‌മയ്ക്ക് ആഹ്വാനം

ന്യൂഡല്‍ഹി: ഇന്തോ-പസഫിക് മേഖലയുടെ തന്ത്രപരമായ പ്രാധാന്യം കണക്കിലെടുക്കുമ്ബോള്‍ ആസിയാൻ രാജ്യങ്ങളുമായുള്ള സഹകരണം നിര്‍ണായകമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

ഇൻഡോനേഷ്യൻ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ 20-ാമത് ഇന്ത്യാ-ആസിയാൻ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉച്ചകോടിയില്‍ സഹ അദ്ധ്യക്ഷനായിരുന്നു മോദി.

പേരെടുത്ത് പറഞ്ഞില്ലെങ്കിലും, ചൈനയുടെ കടന്നു കയറ്റം തടയാൻ ഇന്തോ-പസഫിക്കിലെ ശാക്തീകരണമായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ പ്രധാന ആഹ്വാനം. ചരിത്രവും ഭൂമിശാസ്ത്രവും ഇന്ത്യയെയും ആസിയാനെയും ഒന്നിപ്പിക്കുന്നു. പ്രാദേശിക ഏകീകരണം, സമാധാനം, സമൃദ്ധി എന്നിവയിലെ പങ്കാളിത്തവും ഇരുപക്ഷത്തെയും ഒന്നിപ്പിക്കുന്നെന്ന് മോദി പറഞ്ഞു.

ആസിയാൻ -വളര്‍ച്ചയുടെ മഹാകേന്ദ്രം എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. ഇവിടെ എല്ലാവരുടെയും ശബ്ദം കേള്‍ക്കുന്നു, ആഗോള വളര്‍ച്ചയില്‍ ആസിയാൻ പ്രധാന പങ്ക് വഹിക്കുന്നു. കഴിഞ്ഞ വര്‍ഷം ഇന്ത്യ-ആസിയാൻ സൗഹൃദ ദിനം ആഘോഷിക്കുകയും തന്ത്രപരമായ പങ്കാളിത്തത്തിന് രൂപം നല്‍കുകയും ചെയ്തതും മോദി ഓര്‍മ്മിപ്പിച്ചു.

ആസിയാൻ-ഇന്ത്യ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ഭാവി രൂപപ്പെടുത്തുന്നതിനും പ്രധാനമന്ത്രി അംഗരാജ്യങ്ങളുമായി ചര്‍ച്ച നടത്തി. കണക്റ്റിവിറ്റി, ഡിജിറ്റല്‍ പരിവര്‍ത്തനം, വ്യാപാരം, സാമ്ബത്തിക രംഗം, സമകാലിക വെല്ലുവിളികളെ നേരിടല്‍ എന്നിവയില്‍ ഇന്ത്യ – ആസിയാൻ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പ്രധാനമന്ത്രി അവതരിപ്പിച്ചു. ഇന്ത്യയ്ക്കും ആസിയാൻ നേതാക്കള്‍ക്കും പുറമേ, തിമോര്‍-ലെസ്റ്റെയും നിരീക്ഷകരായി ഉച്ചകോടിയില്‍ പങ്കെടുത്തു.

ജക്കാര്‍ത്തയില്‍ മോദിക്ക് വൻ വരവേല്‍പ്പാണ് ലഭിച്ചത്. ഇന്ത്യൻ പ്രവാസികളുമായി പ്രധാനമന്ത്രി സംവദിച്ചു. ആസിയാൻ ഉച്ചകോടിക്ക് ശേഷം പ്രധാനമന്ത്രി ഈസ്റ്റ് ഏഷ്യ ഉച്ചകോടിയിലും പങ്കെടുത്തു. പ്രധാനമന്ത്രി ഇന്നലെ വൈകുന്നേരം ഡല്‍ഹിയില്‍ തിരിച്ചെത്തി.

പ്രധാനമന്ത്രിയുടെ

നിര്‍ദ്ദേശങ്ങള്‍

തെക്ക് കിഴക്കൻ ഏഷ്യ- ഇന്ത്യ – പടിഞ്ഞാറൻ ഏഷ്യ -യൂറോപ്പ് കണക്റ്റിവിറ്റിയും സാമ്ബത്തിക ഇടനാഴിയും

 ഡിജിറ്റല്‍ പരിവര്‍ത്തനത്തിനും സാമ്ബത്തിക ബന്ധത്തിനുമായി ആസിയാൻ-ഇന്ത്യ ഫണ്ട്

 എക്കണോമിക് ആൻഡ് റിസര്‍ച്ച്‌ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആസിയാനുമായി സഹകരണം

 ദക്ഷിണേഷ്യൻ രാജ്യങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ബഹുമുഖ വേദികളില്‍ കൂട്ടായി ഉന്നയിക്കല്‍

 ഇന്ത്യയില്‍ ലോകാരോഗ്യ സംഘടന സ്ഥാപിക്കുന്ന പാരമ്ബര്യ ഔഷധ കേന്ദ്രത്തില്‍ ആസിയാനും പങ്കാളിത്തം

 കുറഞ്ഞ വിലയ്ക്ക് ഗുണമേന്മയുള്ള മരുന്നുകള്‍ ലഭ്യമാക്കുന്ന ജൻ-ഔഷധി മാതൃക ആസിയാനിലും

 ഭീകരതയ്‌ക്ക് ധനസഹായം നല്‍കുന്നവര്‍ക്കെതിരെ പോരാട്ടം. ദുരന്തനിവാരണത്തില്‍ സഹകരണം

Leave a Reply

Your email address will not be published. Required fields are marked *