ഗസ്സയില്‍ വെടിനിര്‍ത്തലിന് ഹമാസ് തന്നെ തീരുമാനിക്കണം: ബൈഡന്‍

ഗസ്സയില്‍ വെടിനിർത്തലിന് ഹമാസ് തന്നെ തീരുമാനിക്കണമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. ചർച്ചകള്‍ തുടരാൻ ബൈഡന്‍ ഖത്തറിനോട് ആവശ്യപ്പെട്ടു.

എന്നാല്‍ വെടിനിർത്തല്‍ കരാറിന് മുമ്ബ് ബന്ദിമോചനം സാധ്യമല്ലെന്ന നിലപാടിലാണ് ഹമാസ്. ഗസ്സയിലേക്ക് സഹായം എത്തിക്കാൻ വൈകിയാല്‍ ആയിരങ്ങള്‍ മരിക്കുമെന്ന് യു.എൻ ഏജൻസികള്‍ മുന്നറിയിപ്പ് നല്‍കി.

കൈറോയില്‍ തുടരുന്ന മധ്യസ്ഥ ചർച്ചകള്‍ എങ്ങുമെത്താത്ത സാഹചര്യത്തിലാണ് കരാറിന് തടസം നില്‍ക്കുന്നത് ഹമാസാണെന്ന ബൈഡന്‍റെ കുറ്റപ്പെടുത്തല്‍. പാരീസിലും ഖത്തറിലും നടന്ന ചർച്ചകളുടെ മാർഗരേഖ ഇസ്രായേല്‍ അംഗീകരിച്ചതായി നേരത്തെ ബൈഡൻ വ്യക്തമാക്കിയിരുന്നു.എന്നാല്‍ കൈറോയിലേക്ക് സംഘത്തെ അയക്കാൻ വിസമ്മതിക്കുന്ന ഇസ്രായേല്‍ ഗസ്സയില്‍ ഫലസ്തീൻ ജനതയെ പട്ടിണിക്കിട്ട് കൊല്ലാനാണ് ശ്രമിക്കുന്നതെന്ന് ഹമാസ് നേതാവ് ഒസാമ ഹംദാൻ കുറ്റപ്പെടുത്തി. വെടിനിർത്തല്‍ കരാറിന് പാതയൊരുക്കാൻ ബന്ദിമോചനം നടപ്പാക്കണമെന്ന ആവശ്യം ഹമാസ് തള്ളി. ഉപാധികളുടെ അടിസ്ഥാനത്തില്‍ വെടിനിർത്തല്‍ നടപ്പാക്കിയാല്‍ മാത്രമേ ബന്ദിമോചനത്തിന് തയാറാകൂ എന്നും ഹമാസ് നേതൃത്വം അറിയിച്ചു.

ഗസ്സയില്‍ ഉടൻ വെടിനിർത്തല്‍ അനിവാര്യമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കന്‍ പറഞ്ഞു. വാഷിങ്ടണില്‍ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ബിൻ ജാസിം ആല്‍ഥാനിക്കൊപ്പം സംയുക്ത വാർത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ബ്ലിങ്കന്‍. റമദാനു മുമ്ബ് കരാർ നടപ്പാക്കാൻ മധ്യസ്ഥ രാജ്യമായ ഖത്തറിനോട് യു.എസ് നേതൃത്വം നിർദേശിച്ചു. ഗസ്സയിലേക്ക് സഹായം എത്തിക്കാൻ വൈകിയാല്‍ ഗള്‍ഫ് മേഖല കൂടുതല്‍ പ്രക്ഷുബ്ധമാകുമെന്ന് മുസ്ലിം രാജ്യങ്ങളുടെ പൊതു കൂട്ടായ്മയായ ഒ.ഐ.സിയുടെ വദേശകാര്യ മന്ത്രിമാർ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. ഗസ്സയില്‍ തുടരുന്ന വംശഹത്യ എല്ലാ പരിധികളും ലംഘിച്ചതായും പ്രസ്താവനയില്‍ ഒ.ഐ.സി മന്ത്രിമാർ കുറ്റപ്പെടുത്തി.

ഇസ്രായേല്‍ യുദ്ധ കാബിനറ്റ് മന്ത്രി ബെന്നി ഗാന്‍റ്സിന്‍റെ അമേരിക്കൻ സന്ദർശനം തുടരുകയാണ്. അമേരിക്കൻ വൈസ് പ്രസിഡൻറ് കമലാ ഹാരിസ്, യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കന്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ എന്നിവരുമായി ഗാന്‍റ്സ് ചർച്ച നടത്തി. ഗസ്സയില്‍ സഹായം എത്തിക്കാൻ ബദല്‍ മാർഗങ്ങള്‍ ആരായുമെന്ന് അമേരിക്കൻ നേതൃത്വം ഗാന്‍റ്സിനെ ധരിപ്പിച്ചു. സഹായ വിതരണത്തിന് യു.എസ് സൈനിക സഹായം ലഭ്യമാക്കാൻ സന്നദ്ധത അറിയിച്ചതായി പെന്‍റഗണ്‍ വൃത്തങ്ങള്‍ പറഞ്ഞു. അതേ സമയം ഗസ്സയിലേക്ക് സൈന്യത്തെ അയക്കില്ലെന്ന മുൻനിലപാടില്‍ മാറ്റമില്ലെന്നും പെൻറഗണ്‍ കൂട്ടിച്ചേര്‍ത്തു. വടക്കൻ ഗസ്സയില്‍ ഭക്ഷണവും വെള്ളവും ഇല്ലാതെ ആയിരങ്ങള്‍ ദുരിതത്തിലാണ്. ഭക്ഷ്യവസ്തുക്കളും മറ്റും എയർഡ്രോപ്പ് ചെയ്തതു കൊണ്ട് പ്രതിസന്ധി അവസാനിക്കില്ലെന്ന് യു.എൻ ഏജൻസികള്‍ അറിയിച്ചു. അതിർത്തി മാർഗം കൂടുതല്‍ ട്രക്കുകള്‍ അയക്കുകയും താല്‍ക്കാലിക വെടിനിർത്തല്‍ നടപ്പാക്കുകയുമാണ് പ്രധാനമെന്നും യു.എൻ ഏജൻസികള്‍ വ്യക്തമാക്കി.

ചെങ്കടലില്‍ കേബിളുകള്‍ക്ക് തകരാർ സംഭവിച്ചത് ആഗോള ഇന്റർനെറ്റിലും വാർത്താവിനിമയത്തിലും തടസ്സങ്ങള്‍ സൃഷ്ടിച്ചേക്കുമെന്ന് മുന്നറിയിപ്പുണ്ട്. ഹൂതികള്‍ക്ക് ആധിപത്യമുള്ള മേഖലകളിലാണ് കേബിളുകള്‍ക്ക് പ്രശ്നം നേരിട്ടത്. ഏഷ്യ-ആഫ്രിക്ക-യൂറോപ്-1, യൂറോപ്-ഇന്ത്യ ഗേറ്റ്‍വേ, സീകോം, ടി.ജി.എൻ-ഗള്‍ഫ് എന്നീ കേബിളുകള്‍ തടസ്സം നേരിട്ടവയില്‍പെടും. ചെങ്കടല്‍ വഴിയുള്ള ഇന്റർനെറ്റിന്റെ 25 ശതമാനത്തെ ബാധിക്കുന്നതാണ് നടപടി. തങ്ങള്‍ക്ക് നേരെയുള്ള മിസൈല്‍ ആക്രമണത്തിന് തിരിച്ചടിയായി ലബനാനില്‍ ഹിസ്ബുല്ലയുടെ സൈനിക കേന്ദ്രത്തിനു നേർക്ക് ആക്രമണം നടത്തിയതായി ഇസ്രായേല്‍ അറിയിച്ചു.Dailyhunt

Leave a Reply

Your email address will not be published. Required fields are marked *