റീത്ത ബഹുഗുണജോഷി ബിജെപിയിലേക്ക്

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഷീലാ ദീക്ഷിതിനെ കൊണ്ട് വന്നതില്‍ അവര്‍ക്ക് അതൃപ്തി ഉണ്ടായിരുന്നു.

ലക്‌നോ: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് മുന്‍ സംസ്ഥനഅധ്യക്ഷ റീത്ത ബഹുഗുണ ജോഷി ബിജെപിയില്‍ ചേരുന്നു. ഷീലാ ദീക്ഷിതിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിലെ അതൃപ്തിയാണ് റീത്ത പാര്‍ട്ടി വിടാന്‍ കാരണമെന്നാണ് സൂചന. ഉത്തര്‍പ്രദേശ് മുന്‍ പിസിസി അധ്യക്ഷയും ലക്‌നൗവില്‍ നിന്നുള്ള കോണ്‍ഗ്രസ് നിയമസഭാംഗവുമായ റീത്ത ബഹുഗുണ ജോഷി കഴിഞ്ഞ കുറച്ച് ദിവസമായി പാര്‍ട്ടിയുമായി അകല്‍ച്ചയിലായിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഷീലാ ദീക്ഷിതിനെ കൊണ്ട് വന്നതില്‍ അവര്‍ക്ക് അതൃപ്തി ഉണ്ടായിരുന്നു. പുറത്ത് നിന്നൊരാളെ സംസ്ഥാനത്തേക്ക് കൊണ്ട് വന്നത് ഗുണം ചെയ്യില്ലെന്നാണ് റീത്തയുടെ നിലപാട് മുന്നോക്ക വോട്ട് ലക്ഷ്യമിട്ടാണ് ഷീലയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയത്. എന്നാല്‍ മുന്നോക്കസമുദായത്തില്‍ നിന്നുള്ള റീത്ത പാര്‍ട്ടി വിടുന്നത് കോണ്‍ഗ്രസിന് തിരിച്ചടിയാണ്. 2007 മുതല്‍ 2012വരെ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷയായിരുന്ന റീത്ത ഇപ്പോള്‍ ലക്‌നൗ കണ്‍ന്റോണ്‍മെന്റ് മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമാണ്.

ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി ഹേമതി നന്ദന്‍ ബഹുഗുണയുടെ മകളും ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി വിജയ് ബഹുഗുണയുടെ സഹോദരിയുമാണ്. വിജയ് ബഹുഗുണ ഒമ്ബത് എംഎല്‍എമാരുമായി കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത് ഉത്തരാഖണ്ഡില്‍ പാര്‍ട്ടിക്ക് വലിയ തിരിച്ചടിയായിരുന്നു. അതിന് ശേഷം റീത്ത ബഹുഗുണ ജോഷിയെ പാര്‍ട്ടി അവഗണിക്കുകയായിരുന്നുവെന്നാണ് അവരോടൊപ്പമുള്ളവരുടെ ആരോപണം.

ഇതിനിടെ അയോദ്ധ്യയില്‍ 225 കോടി രൂപ ചെലവിട്ട് ശ്രീരാമ മ്യൂസിയം നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങി. ഇതിനായി 25 ഏക്കര്‍ ഭൂമി എറ്റെടുക്കാന്‍ കേന്ദ്രസര്‍ക്കാരും ഉത്തര്‍പ്രദേശ് സര്‍ക്കാരും തമ്മില്‍ ധാരണയിലെത്തി. തെരഞ്ഞെടുപ്പ് അടുത്തതോടെ അയോധ്യ വിഷയം സജീവമാക്കി നിര്‍ത്തുകയാണ് ബിജെപിയുടെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *