മലപ്പുറം-ഇന്ത്യയിലെ ഗ്രാമീണ വികസനത്തിന് നൂതനമായ പദ്ധതികള്‍ ആവിഷകരിച്ച് നടപ്പിലാക്കുകയാണ് നബാര്‍ഡ് ലക്ഷ്യം വെക്കുന്നതെന്ന് ചെയര്‍മാന്‍ കെ.വി ഷാജി. നിലമ്പൂരിലെ നബാര്‍ഡ് ധനസഹായത്തോടെയുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വര്‍ധിച്ചുവരുന്ന ജനസംഖ്യയുടെ ആശയങ്ങള്‍ നിറവേറ്റാന്‍ ആവശ്യമായ നൂതന സാങ്കേതിക വിദ്യകളും വിവരസാങ്കേതിക വിദ്യയും പ്രയോജനപ്പെടുത്തി ഗ്രാമീണ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്താനുള്ള സത്വര നടപടികള്‍ സ്വീകരിച്ചുവരുകയാണ്. സുസ്ഥിര വികസന സൂചികയില്‍ മുന്നേറാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്. ഇതിനായി മലപ്പുറത്തിന് കൂടുതല്‍ സഹായം നല്‍കാന്‍ നബാര്‍ഡ് ഒരുക്കമാണ്. ശരിയായ രീതിയില്‍ പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കാനുള്ള സംവിധാനം ഒരുക്കാന്‍ പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് ബാദ്ധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരള ഗ്രാമീണ ബാങ്കിന്റെ സാമൂഹിക ബാധ്യത ഫണ്ട് ഉപയോഗിച്ച് പണി പൂര്‍ത്തീകരിച്ച് വഴിക്കടവ് ഗ്രാമപഞ്ചായത്തിലെ അളക്കല്‍ പട്ടികവര്‍ഗ കോളനിയിലെ കുടിവെള്ള പദ്ധതിയും, ഐ.ആര്‍.ടി.സിയും നബാര്‍ഡും നടപ്പിലാക്കുന്ന പദ്ധതികള്‍ക്ക് വേണ്ടി നിലമ്പൂര്‍ എരഞ്ഞിമങ്ങാട് നിര്‍മ്മിച്ച കോഫി പ്രോസസിങ് സെന്ററിന്റെയും, ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ നബാര്‍ഡുമായി ചേര്‍ന്ന് നടത്തുന്ന ആദിവാസി വികസന പദ്ധതിയില്‍ രൂപീകരിച്ച ഗോത്രാമൃത് കമ്പനിയുടെ ഉല്‍പ്പന്നങ്ങളുടെ വിപണനോദ്ഘാടനവുമാണ് അദ്ദേഹം നിര്‍വ്വഹിച്ചത്.
ജെ.എസ്.എസ് ചെയര്‍മാന്‍ പി.വി.അബ്ദുള്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തി. കേരള ഗ്രാമീണ ബാങ്ക് ചെയര്‍മാന്‍ സി. ജയപ്രകാശ്, നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ ഡോ. ഗോപകുമാരന്‍ നായര്‍, വഴിക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ നെടുമ്പ, ചാലിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോഹരന്‍, നബാര്‍ഡ് ജില്ലാ മാനേജര്‍ മുഹമ്മദ് റിയാസ് തുടങ്ങിയവര്‍ സംസാരിച്ചു.
