ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സിഎഎ) സമർപ്പിക്കപ്പെട്ട ഹരജികള്‍ തീർപ്പാക്കുന്നതുവരെ പൗരത്വ അപേക്ഷകളുമായി മുമ്ബോട്ടു പോകരുതെന്ന ആവശ്യവുമായി അഭിഭാഷകൻ കപില്‍ സിബല്‍.
സുപ്രിം കോടതി ഹരജികള്‍ പരിഗണിച്ച വേളയിലായിരുന്നു സിബലിന്റെ ആവശ്യം. അത്തരത്തില്‍ നീക്കങ്ങളുണ്ടായാല്‍ കോടതിയെ സമീപിക്കാനുള്ള സ്വാതന്ത്ര്യം വേണമെന്ന് പറഞ്ഞ സിബലിനോട്, ഞങ്ങളിവിടെ ഉണ്ട് എന്നായിരുന്നു ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢിന്റെ മറുപടി. ഹരജികളില്‍ മറുപടി നല്കാൻ സുപ്രിംകോടതി കേന്ദ്രസർക്കാറിന് മൂന്നാഴ്ചത്തെ സമയം അനുവദിച്ചു. ഏപ്രില്‍ ഒമ്ബതിന് വീണ്ടും പരിഗണിക്കും.
കേന്ദ്രസർക്കാർ ഈയിടെ വിജ്ഞാപനം ചെയ്ത പൗരത്വ നിയമ ഭേദഗതിച്ചട്ടം നടപ്പാക്കുന്നതിനെതിരെ 237 റിട്ട് ഹർജികളാണ് സുപ്രിം കോടതിയില്‍ ഫയല്‍ ചെയ്യപ്പെട്ടിരുന്നത്. ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ്, ഡിവൈഎഫ്ഐ, അസം സ്റ്റുഡൻസ് യൂണിയൻ, അസം പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയ, എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി, കേരള ഗവണ്മെന്റ് തുടങ്ങിയവരാണ് ഹരജി സമർപ്പിച്ചതില്‍ പ്രമുഖർ. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, ജസ്റ്റിസുമാരായ ജെബി പർദിവാല, മനോജ് മിശ്ര എന്നിവടങ്ങുന്ന ബഞ്ചാണ് ഹരജികള്‍ പരിഗണിച്ചത്.
ഉച്ചയ്ക്ക് ശേഷം വിഷയം പരിഗണനയ്ക്കെടുത്ത ഉടൻ സോളിസിറ്റർ ജനറല്‍ തുഷാർ മേത്ത ഒരു ചെറിയ അഭ്യർത്ഥന നടത്താനുണ്ടെന് പറഞ്ഞു. തുടങ്ങാനുള്ള അവകാശം ഹർജിക്കാർക്കല്ലേ എന്നാണ് ഇതോട് മുതിർന്ന അഭിഭാഷക ഇന്ദിരാ ജെയ്സിങ് പ്രതികരിച്ചത്. അതേ, മെറിറ്റിലല്ല, ഇത് അപേക്ഷയാണ് എന്ന് മേത്ത മറുപടി നല്കി. ‘237 അപേക്ഷയുണ്ട്. 20 അപേക്ഷകള്‍ സ്റ്റേ ആവശ്യപ്പെടുന്നു. എനിക്ക് മറുപടി നല്കാൻ സമയം വേണം. ഒത്തു നോക്കാൻ സമയം ആവശ്യമാണ്. ഇത് ആരുടെയും പൗരത്വം എടുത്തു കളയില്ല. ഇക്കാര്യത്തില്‍ മുൻവിധിയുമില്ല. 2014ന് മുമ്ബെത്തിയ കുടിയേറ്റക്കാർക്കാണ് പൗരത്വം നല്‍കുന്നത്. പുതിയവർക്ക് നല്‍കുന്നില്ല.’ – മേത്ത പറഞ്ഞു.
‘വാദം കേള്‍ക്കാതെ ആർക്കും പൗരത്വം നല്‍കില്ലെന്നാണോ സുഹൃത്തായ സോളിസിറ്റർ ജനറല്‍ പറയുന്നത്, അങ്ങനെയാണ് എങ്കില്‍ ധാരാളം സമയം ലാഭിക്കാമല്ലോ’ എന്ന് മേത്തയുടെ വാദത്തോട് ഇന്ദിരാ ജെയ്സിങ് പ്രതികരിച്ചു. ഹരജികള്‍ വിശാല ബഞ്ച് പരിഗണിക്കമെന്നും അവർ ആവശ്യപ്പെട്ടു.
സോളിസിറ്റർ ജനറല്‍ സമയം ആവശ്യപ്പെടുകയാണ് എന്നും യുക്തിപരമായ സമയം കൊടുക്കേണ്ടതുണ്ട് എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. എത്ര സമയം വേണമെന്ന് ചോദിച്ചപ്പോള്‍ നാലാഴ്ച വേണമെന്നാണ് തുഷാർ മേത്ത മറുപടി നല്‍കിയത്. അതിനിടെ, ആരാണ് പ്രധാനവാദം നടത്തുന്നതെന്ന് കോടതി ചോദിച്ചു.
താനാണെന്ന് മുസ്ലിംലീഗിന് വേണ്ടി ഹാജരായ കപില്‍ സിബല്‍ പറഞ്ഞു. കേന്ദ്രം നാലാഴ്ച സമയം ആവശ്യപ്പെടുന്നുണ്ടല്ലോ എന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടിയപ്പോള്‍ നാലു വർഷത്തിന് ശേഷം പുറത്തിറക്കിയ വിജ്ഞാപനമാണ് പ്രശ്നമെന്ന് സിബല്‍ പറഞ്ഞു. ‘നിയമപ്രകാരം ആറു മാസത്തിനുള്ളില്‍ വിജ്ഞാപനം ചെയ്യേണ്ടതുണ്ട്. ആർക്കെങ്കിലും പൗരത്വം കിട്ടിയാല്‍ പിന്നീട് അത് തിരിച്ചെടുക്കാൻ സാധ്യമാകാതെ വരും. ഹരജികള്‍ കൊണ്ട് ഫലമില്ലാതാകുകയും ചെയ്യും. അവർ ഒരുപാട് കാത്തിരുന്നു. പിന്നെ നടപടിക്രമങ്ങള്‍ക്ക് എന്തിനാണ് ഇത്രയും സയമം. നാലാഴ്ച ദീർഘമായ കാലയളവാണ്. ഏപ്രില്‍ അവധി കഴിഞ്ഞുവരുന്നോടെ ഹർജികള്‍ പരിഗണിക്കണം എന്നാണ് എന്റെ അപേക്ഷ. ഇക്കാര്യത്തിന് (പൗരത്വം നല്കുന്നതില്) വലിയ അടിയന്തര സ്വഭാവമില്ല.’ – സിബല്‍ കൂട്ടിച്ചേർത്തു.
