കാക്കി യൂണിഫോമണിഞ്ഞ് ഒരു വർഷത്തോളമായി ആളുകളെ കബളിപ്പിച്ച് കഴിഞ്ഞിരുന്ന വ്യാജ ആർപിഎഫ് എസ്ഐ അറസ്റ്റിലായി. സ്വന്തം വിവാഹ നിശ്ചയത്തിന് പോലും കാക്കി അണിഞ്ഞെത്തിയതോടെയാണ് കള്ളി പൊളിഞ്ഞത്.
നല്‍ഗോണ്ട പോലീസ് അറസ്റ്റ് ചെയ്ത ജദല മാളവികയെ റെയില്‍വേ പോലീസീന് കൈമാറി. വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് ആർപിഎഫും പോലീസും ചേർന്ന് ഇവരെ പിടികൂടിയത്. ഇവരെ കോടതിയില്‍ ഹാജരാക്കിയ ശേഷം 14 ദിവസത്തെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
പോലീസുകാരിയാകാൻ ഏറെ ആഗ്രഹിച്ചിരുന്ന മാളവിക കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദധാരിയാണ്. ഹൈദരാബാദിലെ പ്രശസ്തമായ ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നാണ് ബിരുദാനന്തര ബിരുദം നേടിയത്. 25കാരിയായ ഈ യുവതി തെലങ്കാനയിലെ നാർക്കട്ട്പള്ളെ സ്വദേശിയാണ്. ആർപിഎഫ് എസ്ഐ റിക്രൂട്ട്മെൻറ് പരീക്ഷ എഴുതുകയും പാസ്സാവുകയും ചെയ്തിട്ടുള്ള ആളാണ് മാളവിക. 2018ലാണ് എസ്ഐ പരീക്ഷ പാസ്സായത്. മെഡിക്കല്‍ ടെസ്റ്റില്‍ മാളവിക പുറത്താവുകയായിരുന്നു. കണ്ണിൻെറ കാഴ്ചക്കുറവാണ് വിനയായത്. പരീക്ഷ ജയിച്ചിട്ടും യൂണിഫോം അണിഞ്ഞ് ഉദ്യോഗസ്ഥയാവാൻ സാധിക്കാതെ പോയത് മാളവികയെ മാനസികമായി വല്ലാതെ തളർത്തിയിരുന്നു.
ഒടുവില്‍ രക്ഷിതാക്കളെയും നാട്ടുകാരെയും ബോധ്യപ്പെടുത്താൻ വേണ്ടിയാണ് മാളവിക കാക്കി യൂണിഫോം അണിഞ്ഞ് ജീവിക്കാൻ തുടങ്ങിയതെന്ന് പോലീസ് പറഞ്ഞു. പിന്നീട് എല്ലായിടങ്ങളിലും അവർ കാക്കി അണിഞ്ഞാണ് പോവാറുള്ളത്. യൂണിഫോമിനോടുള്ള വല്ലാത്ത താല്പര്യവും ആളുകളുടെ പരിഹാസത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള വഴിയുമായാണ് അവർ ഇങ്ങനെ ചെയ്യാൻ തുടങ്ങിയത്. പരിപാടികളില്‍ പങ്കെടുക്കുമ്ബോഴും യാത്ര ചെയ്യുമ്ബോഴും അങ്ങനെ പോവുന്നിടത്തെല്ലാം മാളവിക കാക്കി യൂണിഫോം ധരിച്ചാണ് പോയത്. ഒടുവില്‍ സ്വന്തം വിവാഹ നിശ്ചയത്തിനും കാക്കി അണിയാനുള്ള തീരുമാനം വിനയായി മാറി.
ഈ മാസം ആദ്യം നല്‍ഗൊണ്ടയില്‍ വെച്ചാണ് നിശ്ചയം നടന്നത്. മാളവികയുമായി വിവാഹം ഉറപ്പിച്ച ഐടി പ്രൊഫഷണലിന് പെരുമാറ്റത്തില്‍ ചില അസ്വാഭാവികതകള്‍ തോന്നി. സ്വന്തം നിശ്ചയത്തിന് പോലും എന്തിനാണ് കാക്കി അണിഞ്ഞെത്തിയതെന്നത് അയാളില്‍ സംശയത്തിന് കാരണമായി മാറി. ഒടുവില്‍ റെയില്‍വേ പോലീസില്‍ നടത്തിയ അന്വേഷണമാണ് മാളവിക നടത്തിയത് ആള്‍മാറാട്ടമാണെന്ന് ബോധ്യപ്പെടാൻ കാരണമായത്. ഇൻസ്റ്റഗ്രാമില്‍ 500ലധികം ഫോളോവേഴ്സ് മാളവികയ്ക്ക് ഉണ്ടെന്ന് പോലീസ് പറഞ്ഞു. ആളുകള്‍ക്ക് സംശയമൊന്നും തോന്നാത്ത രീതിയിലായിരുന്നു അവരുടെ ഇടപെടല്‍. ഇക്കഴിഞ്ഞ മാർച്ച് 8ന് ഒരു സംഘടനയുടെ വനിതാദിന പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കാൻ പോലും മാളവികയ്ക്ക് ക്ഷണം ലഭിച്ചിരുന്നു.
ക്ഷേത്രങ്ങളിലും മറ്റും യൂണിഫോമണിഞ്ഞ് ചെല്ലുന്നതിനാല്‍ വിഐപി പരിഗണന അവർക്ക് ലഭിച്ചിരുന്നുവെന്നും സെക്കന്തരാബാദ് ആർപിഎഫ് സൂപ്രണ്ട് ഷെയ്ഖ സലിമ പറഞ്ഞു. ആള്‍മാറാട്ടം നടത്തി ആളുകളെ കബളിപ്പിച്ചുവെന്ന കുറ്റത്തിനാണ് ഇപ്പോള്‍ മാളവികയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വ്യാജ പോലീസുകാരിയായി ചമഞ്ഞ് എന്തെങ്കിലും നിയമലംഘനം നടത്തിയിട്ടുണ്ടോയെന്നാണ് ഇനി പോലീസ് അന്വേഷിക്കുന്നത്. കൂടുതല്‍ കുറ്റങ്ങള്‍ തെളിഞ്ഞാല്‍ കടുത്ത ശിക്ഷ തന്നെ മാളവികയ്ക്ക് ലഭിക്കുമെന്ന് സലിമ വ്യക്തമാക്കി. പോലീസുകാരായി ആള്‍മാറാട്ടം നടത്തുന്നവർക്ക് കടുത്ത ശിക്ഷയാണ് ലഭിക്കുകയെന്ന് മനസ്സിലാക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
