തിരൂരങ്ങാടി: ഭീകരതക്കും തീവ്രവാദത്തിനുമെതിരെ ആദ്യശബ്ദം ഉയരേണ്ടത് പള്ളികളില്‍ നിന്നാണെന്നു കെ.എന്‍.എം പ്രസിഡന്റ് ടി.പി. അബ്ദുല്ല കോയ മദനി പറഞ്ഞു. ചെമ്മാട് താജ് കണ്‍വന്‍ഷന്‍ന്‍ സെന്ററില്‍
കെ.എന്‍.എം കേരള മസ്ജിദ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വഖ്ഫ് നിയമ ഭേദഗതി മഹല്ലുകളുടെ ദൗത്യം എന്ന പ്രമേയത്തില്‍ നടന്ന സമ്മേളനത്തില്‍ കേരളത്തിലെ
കെ.എന്‍.എം മഹല്ല് പ്രധാന
ഭാരവാഹികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്.
മതത്തെ തെറ്റായി വ്യാഖ്യാനിച്ചു അതിവാദങ്ങള്‍ക്കും അതിര് വിട്ട പ്രവര്‍ത്തനങ്ങള്‍ക്കും ന്യായീകരണം ചമക്കുന്നവരെ
കരുതിയിരിക്കണമെന്നും കെ.എന്‍.എം പ്രസിഡന്റ് ആവശ്യപ്പെട്ടു.
സാമൂഹ്യ സൗഹാര്‍ദ്ദം
നിലനിര്‍ത്തുന്നതില്‍ പള്ളികളുടെ പങ്ക് വളരെ വലുതാണ്. സമൂഹത്തെ ഭിന്നിപ്പിക്കുന്ന വാക്കുകള്‍ പള്ളികളില്‍ നിന്നും ഉണ്ടാകരുത്. കേരളത്തില്‍ വിഭാഗീയത തടഞ്ഞു നിര്‍ത്തുന്നതില്‍ പള്ളികള്‍ വഹിച്ച പങ്ക് എല്ലാവരും അംഗീകരിക്കുന്നതാണ്.സമൂഹത്തെ ബാധിക്കുന്ന ഏത് പ്രശ്‌നത്തിലും പള്ളികളില്‍ നിന്നും ഉദ്‌ബോധനം ഉണ്ടാകുന്നതിനാല്‍ സമൂഹത്തെ പെട്ടെന്ന് ബോധവത്കരിക്കാന്‍ കഴിയുന്നുവെന്നും അദ്ദേഹം പറഞ്ഞു. സമാധാനത്തിന്റെ സന്ദേശമാണ് പള്ളികള്‍ സമൂഹത്തിന് നല്‍കുന്നത്. ലഹരിക്കെതിരെയുള്ള ശക്തമായ
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മഹല്ലുകളില്‍ നടക്കണമെന്നും അദ്ദേഹം പറഞ്ഞു.
വഖ്ഫ് നിയമം ഭേദഗതിയില്‍
കേന്ദ്ര സര്‍ക്കാര്‍ പുനര്‍വിചിന്തനം നടത്തണമെന്ന് കെ എന്‍ എം ആവശ്യപ്പെട്ടു. തീര്‍ത്തും ഭരണഘടന വിരുദ്ധമായ വഖ്ഫ് നിയമ ഭേദഗതി കോടതി കയറിയ നിലക്ക് കേന്ദ്ര സര്‍ക്കാര്‍ അവരുടെ അതിര് വിട്ടവാദങ്ങള്‍ പിന്‍വലിക്കണമെന്നും കെ എന്‍ എം ആവശ്യപ്പെട്ടു. രാജ്യത്തെ മുസ്ലിം ന്യുനപക്ഷത്തിന്റെ സമൂഹ്യ പുരോഗതിക്ക് വലിയ തടസ്സം നില്‍ക്കുന്ന
നിയമഭേദഗതിയാണ് വഖ്ഫില്‍ ഉണ്ടായിരിക്കുന്നത്. യുവതലമുറയുടെ വിദ്യാഭ്യാസ സാംസ്‌ക്കാരിക മുന്നേറ്റത്തിന് ഉപകരിക്കേണ്ട വഖഫ് സ്വത്തുകള്‍ അന്യായമായി അധീനപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്. വഖ്ഫ് സ്വത്തുക്കള്‍ മരവിപ്പിച്ചു മുസ്ലിം ന്യുനപക്ഷത്തിന്റെ പുരോഗതി ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ മതേതരസമൂഹം ഒന്നിച്ചു നില്‍ക്കണമെന്നും
കെ.എന്‍.എം ആവശ്യപ്പെട്ടു.
രാജ്യത്തെ മത നിരപേക്ഷ സമൂഹം ഇക്കാര്യത്തില്‍ പാര്‍ലമെന്റിലും സുപ്രീം കോടതിയിലും നടത്തുന്ന പോരാട്ടങ്ങള്‍ക്കു
കെ.എന്‍.എം സമ്മേളനം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
വഖ്ഫ് നിയമ ഭേദഗതി യുടെ പശ്ചാത്തലത്തില്‍ മഹല്ല്, സ്ഥാപന മേധാവികള്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്ന് അഡ്വ ഹാരിസ്
ബീരാന്‍ എം.പി. ആവശ്യപെട്ടു. സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം യാതൊരു അടിസ്ഥാനവുമില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.വഖ്ഫ് ഭേദഗതിയെ ന്യായീകരിക്കുന്നവര്‍ക്ക് ഒരു തെളിവുമില്ല. വിഭാഗീയത വളര്‍ത്താന്‍ മത്രമേ ഇത്തരം അടിസ്ഥാന രഹിതമായ വാദങ്ങള്‍ ഉപകരിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
സമുദായങ്ങളെ തമ്മിലടിപ്പിച്ചു രാഷ്ട്രീയ ലാഭം കൊയ്യാനുള്ള ശ്രമമാണ് വഖ്ഫ് നിയമ ഭേദഗതിയുടെ മറവില്‍
നടക്കുന്നത്.
വഖഫ് സ്വത്ത് അധിനിവേശ ശ്രമമാണ് ഇതെന്ന് തിരിച്ചറിയാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ഏക സിവില്‍ കോഡിലേക്കുള്ള നീക്കമാണ് നടക്കുന്നത്. മതേതര രാജ്യത്ത് സംഭവിക്കാന്‍ പറ്റാത്ത കാര്യങ്ങള്‍ നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭരണ ഘടന സംരക്ഷണമാണ് നമ്മുടെ
ബാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ.എന്‍.എം ജനറല്‍ സെക്രട്ടറി പി.പി. ഉണ്ണീന്‍ കുട്ടി മൗലവി അധ്യക്ഷത വഹിച്ചു. അഡ്വ ഹാരിസ് ബീരാന്‍ എം.പി മുഖ്യാതിഥിയായിരുന്നു.മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി അഡ്വ: പി.എം.എ സലാം, അഡ്വ: പി.വി. സൈനുദ്ദീന്‍,
ഡോ.ഹുസൈന്‍ മടവൂര്‍, പ്രൊഫ എന്‍.വി അബ്ദു റഹ്‌മാന്‍, എ.പി. അബ്ദു സമദ്, എം. സ്വലാഹുദ്ധീന്‍ മദനി, എ. അസ്ഗര്‍ അലി, ഡോ. എ.ഐ. അബ്ദുല്‍ മജീദ് സ്വലാഹി, എം. ടി. അബ്ദു സമദ് സുല്ലമി, അബ്ദു റഹ്‌മാന്‍ മദനി പാലത്ത്, ഡോ.സുള്‍ഫിക്കര്‍ അലി, വി.കെ. സക്കരിയ്യ, സി. മുഹമ്മദ് സലീം സുല്ലമി,ഹനീഫ് കായക്കൊടി, ഷറഫുദ്ദീന്‍ തെയ്യമ്പാട്ടില്‍, എന്‍. കുഞ്ഞിപ്പ മാസ്റ്റര്‍, എ.കെ. ഈസ മദനി , പി. കുഞ്ഞി മുഹമ്മദ് അന്‍സാരി, എം.കെ. ബാവ, പി. സി. കുഞ്ഞഹമ്മദ് മാസ്റ്റര്‍ ,ടി. യുസുഫ് അലി സ്വലാഹി, എന്‍. വി. ഹാഷിം ഹാജി, അഷ്‌റഫ് ചെട്ടിപ്പടി, ഉബൈദുല്ല താനാളൂര്‍, സിറാജ് ചേലേമ്പ്ര, സുഹ്ഫി ഇമ്രാന്‍, കെ. ഹംസ മാസ്റ്റര്‍, പി.പി.എം. അഷ്‌റഫ്, ഫൈസല്‍ ബാബു സലഫി എന്നിവര്‍ പ്രസംഗിച്ചു.
