താലൂക്കാശുപത്രിയുടെ കാര്യത്തില്‍ ചികിത്സ വേണ്ടത് നഗരസഭയ്‌ക്കോ?

Image

മലപ്പുറം ജില്ലാ ആസ്ഥാനത്തെ ഒരേയൊരു ഗവ.ആശുപത്രിയുടെ കാര്യം പരിതാപകരമാണ്. ആയിരകണക്കിന്് സാധാരണക്കാര്‍ ദിനേന ആശ്രയിക്കുന്ന ഈ പൊതുജനാരോഗ്യകേന്ദ്രത്തിലെ കിടത്തി ചികിത്സ മുടങ്ങിയിട്ട് മാസങ്ങളായി. ഒപ്പറേഷന്‍ തിയേറ്ററില്‍ ഷോര്‍ട് സര്‍ക്യൂട്ട് മൂലം തീപിടിത്തം ഉണ്ടായതിനാല്‍ വയറിങ് കത്തിനശിച്ചു. ഇക്കാരണത്താല്‍ ശസ്ത്രക്രിയ മുടങ്ങിയിരിക്കുകയാണ്.

വിഷയത്തില്‍ അടിയന്തിര നടപടി വേണമെന്ന് പ്രതിപക്ഷനേതാവ് ഒ സഹദേവന്‍ നഗരസഭയില്‍ ആവര്‍ത്തിച്ചാവിശ്യപ്പെട്ടിട്ടുണ്ട്. കോട്ടപ്പടി വാര്‍ഡ് കൗണ്‍സിലര്‍ സി സുരേഷ് മാസ്റ്ററും ഇക്കാര്യത്തില്‍ നഗരസഭയുടെ ശ്രദ്ധയും പരിഗണനയും വേണമെന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കൗണ്‍സിലര്‍ സിഎച്ച് നൗഷാദും ഇക്കാര്യം പലകുറി ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്.

വിഷയത്തില്‍ ക്രിയാത്മക നടപടി ആവശ്യമാണെന്ന കാര്യത്തില്‍ ചെയര്‍മാന്‍ മുജീബ് കാടേരിക്കും വ്യത്യസ്ഥ അഭിപ്രായമില്ല. പക്ഷെ, തിരുമാനങ്ങള്‍ പലതും ചെയര്‍മാന്‍ പ്രഖ്യാപിച്ചിട്ടും ആശുപത്രിയുടെ കാര്യം എട്ടിലെ പശുവാണ്. അത് വെളളം കുടിക്കുകയോ പുല്ല് തിന്നുകയോ ചെയ്യുന്നില്ല.

ആശുപത്രിയുടെ ആരോഗ്യസ്ഥിതി മോശമാണെന്ന് ആശുപത്രി അധികൃതര്‍ തന്നെ തുറന്ന് കാട്ടിയതാണ്. ആശുപത്രി സംരക്ഷണ സമിതിയുടെ മുന്നറിയിപ്പ് വിഷയത്തിലുണ്ടായി. ഡിവൈഎഫ്‌ഐ പോലുളള യുവജനപ്രസ്ഥാനങ്ങള്‍ വിഷയത്തില്‍ അടിയന്തിര ഇടപ്പെടല്‍ ആവശ്യപ്പെട്ട് മുന്‍സിപ്പല്‍ സെക്രട്ടറിക്ക് പരാതി നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ സത്വരനടപടിയാവിശ്യപ്പെട്ട് സിപിഐയും രംഗത്തെത്തിയിരുന്നു.

ഇപ്പോള്‍ മുടങ്ങികിടക്കുന്ന കിടത്തി ചികിത്സയും ശസ്ത്രക്രിയയും പുനരാംരംഭിക്കുന്നതിനുളള നടപടി വേഗത്തിലാക്കാന്‍ എന്താണ് തടസമെന്ന് മനസിലാക്കാന്‍ പറ്റുന്നില്ല. നഗരസഭ മനസുവെച്ചാല്‍ ആശുപത്രിയിലെ പ്രശ്‌നം എളുപ്പം പരിഹരിക്കാന്‍ സാധിക്കുമെന്നാണ് ആശുപത്രി അധികൃതര്‍ കരുതുന്നത്. ആര്‍ക്കാണ് ചികിത്സ വേണ്ടതെന്ന് കൃത്യമായി പഠിച്ച് പ്രശ്‌നത്തില്‍ ഉടനെ തീര്‍പ്പുണ്ടായാല്‍ മാത്രമേ സാധാരണക്കാരുടെ ചികിത്സയ്ക്ക് മുന്‍ഗണന ലഭിക്കുകയുളളു. ചികിത്സാരംഗത്തെ ചിലവുകള്‍ അനുദിനം വര്‍ദ്ധിക്കുമ്പോള്‍ നടവൊടിയുന്നത് പാവപ്പെട്ട രോഗികളുടേതാണ്.

മലപ്പുറം നഗരസഭയിലേയും ചുറ്റുവട്ടത്തുളള പഞ്ചായത്തുകളിലേയും നിരവധി പേരാണ് കോട്ടപ്പടിയിലെ താലൂക്കാശുപത്രിയെ ദിനേന ആശ്രയിക്കുന്നത്. താലൂക്ക്ാശുപത്രി ജില്ലാ ആശുപത്രിയാക്കി പദവിയും സൗകര്യങ്ങളും വര്‍ദ്ധിപ്പിക്കണമെന്നാവശ്യവും കാലങ്ങളായി നാട്ടുകാരും രാഷ്ട്രീയപാര്‍ടികളും ഉയര്‍ത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *