കൊച്ചി: ഒടുവില്‍ മലയാളി ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആഹഌദം സമ്മാനിച്ചു കൊണ്ട് കൊച്ചി ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തെ ലോകകപ്പ് വേദിയായി ഫിഫ സംഘം അംഗീകരിച്ചു. അടുത്ത വര്‍ഷം നടക്കുന്ന അണ്ടര്‍ 17 ലോകകപ്പില്‍ കൊച്ചി വേദിയാകുമെന്ന് ഉറപ്പായി.
കഴിഞ്ഞ ദിവസം കൊച്ചിയില്‍ പരിശോധന നടത്തിയ ഫിഫ സംഘം ഒരുക്കങ്ങളില്‍ പൂര്‍ണ്ണ തൃപ്തി പ്രകടിപ്പിച്ചു. കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഏറെ ആനന്ദം പകരുന്ന വാര്‍ത്തയാണ് ഇത്. കൊച്ചിക്കൊപ്പം ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ഗോവ എന്നിവിടങ്ങളാണ് വേദിയാകുക. പ്രാഥമിക ഗ്രൂപ്പ് മത്സരങ്ങള്‍ക്കാണ് കൊച്ചി വേദിയാകുക. നേരത്തേ ഇന്ത്യയുടെ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ക്കും കൊച്ചി വേദിയായിരുന്നു.
കൊച്ചിയില്‍ നേരത്തേ ഇന്ത്യയുടെ ലോകകപ്പ് യോഗ്യതാമത്സരങ്ങള്‍ നടന്നിട്ടുണ്ട്. ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ ഏറ്റവും കൂടുതല്‍ കാണികളെ സമ്മാനിക്കുന്ന വേദികളില്‍ ഒന്നാണ് കൊച്ചി സ്റ്റേഡിയം. ലീഗിലെ ബഌസ്റ്റേഴ്‌സിന്റെ ഹോം മത്സരങ്ങള്‍ നടക്കുന്നത് ഇവിടെയാണ്. മൂന്ന് സീസസണിലെയും കണക്കുകള്‍ പരിശോധിച്ചാല്‍ 45,000 ആയിരുന്നു ഇവിടെ ഏറ്റവും കുറഞ്ഞ കാണികള്‍.
