ന്യൂഡല്‍ഹി: വിദ്യാര്‍ഥിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ (ജെഎന്‍യു) വിദ്യാര്‍ഥികളുടെ ഉപരോധം. ബുധനാഴ്ച രാത്രി സര്‍വകലാശാല ക്യാംപസില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ സര്‍വകലാശാല വൈസ് ചാന്‍സിലറെ തടഞ്ഞു വച്ചു. ഇടതു അനുകൂല സംഘടനയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധക്കാര്‍ വിസി അടക്കമുള്ള സര്‍വകലാശാല ജീവനക്കാരെ ഓഫീസില്‍ നിന്നും പുറത്തുപോകാന്‍ അനുവദിച്ചില്ലെന്ന് ആരോപണമുണ്ട്.
അതേസമയം, എബിവിപി വിദ്യാര്‍ഥികളുടെ മര്‍ദനമേറ്റശേഷം കാണാതായ വിദ്യാര്‍ഥി നജീബ് അഹമ്മദിനെക്കുറിച്ച് അഞ്ചു ദിവസത്തിനു ശേഷവും വിവരമില്ല. നജീബിന്റെ തിരോധാനത്തെത്തുടര്‍ന്ന് കാമ്പസില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രതിഷേധം ശക്തമാക്കാനാണ് വിദ്യാര്‍ഥി സംഘടനകളുടെ തീരുമാനം. നജീബിന് എന്തുസംഭവിച്ചുവെന്ന് സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു.
