നിലമ്പൂര്‍: ആശാവര്‍ക്കര്‍മാരുടെ സമരത്തെ കാണാത്ത സര്‍ക്കാര്‍ അദാനിക്ക് മുന്നിലാണ് കണ്ണ് തുറക്കുന്നതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. സര്‍ക്കാരിനെതിരെ ജനവികാരം അലയടിക്കുകയാണെന്നും നിലമ്പൂരില്‍ ചരിത്ര ഭൂരിപക്ഷത്തോടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലമ്പൂരില്‍ യു.ഡി.എഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
കേരള ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ സമരമാണ് ആശവര്‍ക്കര്‍മാര്‍ നടത്തിയത്. അവരുടെ ന്യായമായ ആവശ്യങ്ങള്‍ പോലും പരിഹരിക്കാന്‍ തയ്യാറാവാതെ സമരത്തെ പരിഹസിച്ച സര്‍ക്കാര്‍ അദാനി ബന്ധമുള്ള കപ്പല്‍ കമ്പനിയെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.
കപ്പല്‍ അപകടത്തില്‍ കേസെടുത്ത് നഷ്ടപരിഹാരം ഈടാക്കണമെന്നാണ് താന്‍ ആവശ്യപ്പെട്ടത്. മഹാരാഷ്ട്രയില്‍ കപ്പല്‍ അപകടത്തില്‍ അവിടുത്തെ സര്‍ക്കാര്‍ സ്വീകരിച്ച നടപടിയും ചൂണ്ടികാട്ടിയിരുന്നു. എന്നാല്‍ അദാനി ബന്ധമുള്ള കപ്പല്‍ കമ്പനിയെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. കേസെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നാണ് ആദ്യം പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ സി.പി.എം പ്രവര്‍ത്തകന്റെ പരാതിയില്‍ ദുര്‍ബല വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിട്ടുള്ളത്.
മലപ്പുറത്തെ അപമാനിച്ചതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മാപ്പ് പറയാന്‍ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. മലപ്പുറത്ത് നിന്ന് 150 കിലോ സ്വര്‍ണവും 123 കോടി രൂപയുടെ ഹവാലയും പോലീസ് പിടിച്ചെന്നും ഇത് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇതുവരെ ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഖേദം പ്രകടിപ്പിച്ചിട്ടില്ല. നിലമ്പൂരില്‍ പ്രചരണത്തിനെത്തും മുമ്പെങ്കിലും മാപ്പ് പറയാന്‍ തയ്യാറാകണം. സര്‍ക്കാരിനെ പ്രതികൂട്ടിലാക്കുന്ന തെരഞ്ഞെടുപ്പാണിത്.
കേരളം കണ്ട ഏറ്റവും വലിയ അഴിമതിയായ ദേശീയ പാത നിര്‍മ്മാണത്തിലെ തകര്‍ച്ചയില്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി ഗൗരവത്തോടെ പ്രതികരിച്ചിട്ടും മുഖ്യമന്ത്രി അതില്‍ ഗൗരവം കാണാനോ പ്രതികരിക്കാനോ തയ്യാറായിട്ടില്ല. നിലമ്പൂരില്‍ വരുന്ന മുഖ്യമന്ത്രി കൂരിയാട്ട് പോയി ദേശീയപാത തകര്‍ന്ന സ്ഥലം സന്ദര്‍ശിക്കാനെങ്കിലും തയ്യാറാകണം. പാര്‍ലമെന്റ് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാനെന്ന നിലയില്‍ ദേശീയപാത നിര്‍മ്മാണത്തിലെ അഴിമതിക്കെതിരായ ശക്തമായ നടപടി തുടരും. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തലാണ് പ്രധാനം. അഴിമതിക്കാരെ വെറുതെവിടില്ല.
ക്ഷേമ പെന്‍ഷനുകള്‍ കുടിശികയാക്കിയ ശേഷം തെരഞ്ഞെടുപ്പിന് മുമ്പ് വിതരണം ചെയ്യുന്നതിനെയാണ് താന്‍ വിമര്‍ശിച്ചത്. അല്ലാതെ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരെയല്ല. കെട്ടിട നിര്‍മ്മാണ തൊഴിലാളി പെന്‍ഷന്‍ 17 മാസമായി കുടിശികയാണ്. പി.എസ്.സി അംഗങ്ങള്‍ക്ക് ലക്ഷങ്ങളുടെ പെന്‍ഷനും ആനുകൂല്യങ്ങളും നല്‍കിയ സര്‍ക്കാരാണ് പാവങ്ങളുടെ ക്ഷേമ പെന്‍ഷന്‍ കുടിശികയാക്കുന്നത്. പെന്‍ഷന്‍ ഔദാര്യമല്ല അവകാശമാണ് എന്ന നിലപാടാണുള്ളത്. സമസ്ത ജനങ്ങളുടെയും ശാപം പേറുന്ന സര്‍ക്കാരാണിത്. അഭ്യസ്ത വിദ്യരായ യുവതീയുവാക്കളെ സര്‍ക്കാര്‍ വഞ്ചിക്കുകയാണ്. പി.എസ്.സി നിയമനങ്ങള്‍ നടത്താതെ സ്വന്തക്കാരെ പിന്‍വാതിലില്‍ നിയമിക്കുകയാണ്. 33,000 പേര്‍ക്ക് താല്‍ക്കാലിക നിയമനം നല്‍കിയപ്പോള്‍ കേവലം 10,000 പേരെ മാത്രമാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമിച്ചത് ബന്ധുക്കളും പാര്‍ട്ടിക്കാരുമായി 23,000 പേരെയാണ് പിന്‍വാതിലിലൂടെ നിയമിച്ചത്. കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ഭരണമല്ല ഇവിടെ നടക്കുന്നത്. ജനങ്ങളെ ദുരിതത്തിലാക്കിയ സര്‍ക്കാരിനെതിരായ വിധിയെഴുത്തായിരിക്കും നിലമ്പൂരിലുണ്ടാവുകയെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു. യു.ഡി.എഫ്. ചെയര്‍മാന്‍ അടൂര്‍ പ്രകാശ്, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, ഡി.സി.സി. പ്രസിഡന്റ് വി.എസ്. ജോയി എന്നിവരും സന്നിഹിതരായിരുന്നു.
