കോഴിക്കോട്: മലാപ്പറമ്പിലെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് അനാശാസ്യ കേന്ദ്രം നടത്തിയ സംഭവത്തിൽ പ്രതികളായ പോലീസുകാരുടെ വീട്ടിൽ മിന്നൽ പരിശോധന നടത്തി. കേസിൽ പ്രതി ചേർത്ത, പൊലീസ് ജില്ലാ ഹെഡ് ക്വാർട്ടേഴ്സ് സേന ഡ്രൈവർമാരായ സീനിയർ സിപിഒ ഷൈജിത്ത്, സിപിഒ സനിത്ത് എന്നിവർ മുങ്ങിയ സാഹചര്യത്തിലാണു കൂടുതൽ തെളിവുകൾ ശേഖരിക്കാൻ പോലീസ് ഇറങ്ങിയത്. തുടർന്നു പൊലീസുകാരുടെ വീടുകളിൽ പൊലീസ് മിന്നൽ പരിശോധന നടത്തി. ഷൈജിത്തിന്റെ വീട്ടിൽ നിന്നു പാസ്പോർട്ട് കണ്ടെടുത്തു. മറ്റു രേഖകളുമായാണ് ഇയാൾ മുങ്ങിയതെന്നു പൊലീസ് പറഞ്ഞു. സനിത്തിന്റെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും രേഖകളൊന്നും കിട്ടിയില്ല. ഇവർക്കായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇരുവർക്കുമായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും.
കേസിൽ അന്വേഷണം നടത്തി നടപടിക്രമം പൂർത്തിയായാൽ മുങ്ങിയ പൊലീസുകാർക്കെതിരെ തിരച്ചിൽ സർക്കുലർ ഇറക്കാൻ സംസ്ഥാന പൊലീസ് മേധാവിക്കു റിപ്പോർട്ട് നൽകുമെന്ന് ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. വിദേശത്തുള്ള പ്രതിക്കായി എമിഗ്രേഷൻ റിപ്പോർട്ട് നൽകിയിട്ടുണ്ട്. മുങ്ങിയ പൊലീസുകാരെ കണ്ടെത്തുന്നതിനു സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്റ്റേഷനിലും നോട്ടിസ് നൽകിയതായി അന്വേഷണ സംഘം പറഞ്ഞു. തിങ്കളാഴ്ച ഇവർ മുൻകൂർ ജാമ്യത്തിനു കോടതിയെ സമീപിക്കുമെന്നാണ് സൂചന. അതേസമയം, ഫ്ലാറ്റിൽ നിന്നും അറസ്റ്റ് ചെയ്ത ആദ്യ 3 പ്രതികളെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു. പ്രതികളായ വയനാട് ഇരുളം സ്വദേശി ബിന്ദു, ഇടുക്കി കട്ടപ്പന സ്വദേശി അഭിരാമി, പുറ്റേക്കാട് സ്വദേശി ഉപേഷ് എന്നിവരെയാണ് സ്റ്റേഷനിൽ എത്തിച്ചു മൊഴിയെടുത്തത്,,
സെക്സ് റാക്കറ്റ് കേന്ദ്രത്തിന്റെ നടത്തിപ്പുകാരനായ ബാലുശ്ശേരി വട്ടോളി ബസാർ സ്വദേശി അമനീഷിനെതിരെയും ലുക്കൗട്ട് സർക്കുലർ വരും. മൂന്ന് പേരുടെയും ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. കേസിലെ പ്രധാന പ്രതിയായ ബിന്ദുവുമായി പൊലീസുകാരായ രണ്ട് പേരും സാമ്പത്തിക ഇടപാടുകൾ നടത്തിയതിന്റെ രേഖകൾ അന്വേഷണസംഘത്തിന് കിട്ടിയിരുന്നു. ബിന്ദുവുമായി രണ്ട് പോലീസുകാരും ഫോണിൽ നിരന്തരം ബന്ധപ്പെട്ടതിനും തെളിവുകളുണ്ട്. ഇരുവരെയും സംഭവത്തിൽ കുറ്റക്കാരെന്ന് മനസിലായതിന് പിന്നാലെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും ഒളിവിൽ പോയത്.
സെക്സ് റാക്കറ്റുമായി ഇവർക്ക് നേരിട്ടു ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. രണ്ട് പൊലീസുദ്യോഗസ്ഥരുടെയും ബന്ധുക്കളിൽ നിന്ന് പൊലീസ് വിവരം തേടിയിട്ടുണ്ട്. പൊലീസുദ്യോഗസ്ഥരുടെ ഫോണിലേക്ക് നടത്തിപ്പുകാരൻ അമനീഷ് വലിയൊരു തുക കൈമാറിയതിന് തെളിവുണ്ട്. ഇവർ തമ്മിൽ കൂടുതൽ ബാങ്കിടപാടുകൾ ഉണ്ടോ എന്നും അന്വേഷണ സംഘം വിശദമായി പരിശോധിക്കും. കേസിൽ ആറ് സ്ത്രീകൾ ഉൾപ്പെടെ 9 പേരാണ് അറസ്റ്റിലായത്.
