നിലമ്പൂർ താലൂക്കിലെ ആദിവാസികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട പൊതുതാല്‍പര്യ ഹർജിയുമായി ആര്യാടൻ ഷൗക്കത്ത് 2023ല്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
നിലമ്പൂർ താലൂക്കിലെ പോത്തുകല്ല്, വഴിക്കടവ്, കരുളായി പഞ്ചായത്തുകളിലെ ആദിവാസികളുടെ ദുരിത ജീവിതം പരിഹരിക്കാൻ പഠനം നടത്തി റിപ്പോർട്ട് നല്‍കാൻ ട്രൈബല്‍ മോണിറ്ററിംഗ് കമ്മിറ്റിയോട് നിർദേശിക്കണം എന്നായിരുന്നു ഹർജിയിലെ ആവശ്യം. ഹർജിയില്‍ നിന്ന് പിന്മാറാൻ ആര്യാടൻ ഷൗക്കത്ത് കോടതിയോട് അനുവാദം തേടിയെങ്കിലും ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചു. എംഎല്‍എ ആയി തെരഞ്ഞെടുക്കപെട്ട ആര്യാടൻ ഷൗക്കത്തിന് ആദിവാസി സമൂഹത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്നു എന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്വമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
എംഎല്‍എ എന്ന നിലയില്‍ വിഷയത്തില്‍ ഷൗക്കത്ത് ഇടപെടണമെന്നും നടക്കാതെ വന്നാല്‍ വീണ്ടും കോടതിയെ സമീപിക്കാമെന്നും ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ആദിവാസി ഊരുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, പ്രളയത്തില്‍ ഇരുട്ടുകുത്തി, പുഞ്ചക്കൊല്ലി പാലങ്ങള്‍ ഒലിച്ചു പോയത്, വനത്തിനകത്ത് ഷീറ്റ് കൊണ്ട് മറച്ച കൂരയില്‍ കഴിയുന്ന ആദിവാസികളുടെ ദുരിത ജീവിതം തുടങ്ങിയവ ഷൗക്കത്ത് ഉന്നയിച്ചിരുന്നു. എന്തിനാണ് ഹർജി പിൻവലിക്കുന്നത് എന്ന് ചോദിച്ച കോടതി പ്രദേശത്തെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി എന്ന നിലക്ക് വിഷയത്തില്‍ ഇടപെടാനും നിർദേശിച്ചു. എംഎല്‍എ ആയ സ്ഥിതിക്ക് ഈ വിഷയത്തില്‍ ഏറ്റവും നന്നായി ഇടപെടാൻ ആര്യാടൻ ഷൗക്കത്തിന് കഴിയുമെന്നും കോടതി പറഞ്ഞു.
