നഗരസഭാ ചെയര്‍മാന്റെ വാഹനദുരുപയോഗം, ദയവായി വിജിലിന്റാവണം മുസ്ലിംലീഗ്

നാട്ടുകാര്യം / പരദേശി

കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാവിജിലന്‍സ് സമിതിയോഗശേഷം സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാകലക്ടര്‍ മലപ്പുറം നഗരസഭാ സെക്രട്ടറിക്ക് ഒരു കത്ത് നല്‍കിയിട്ടുണ്ടെന്നാണ് വിവരം. നഗരസഭ ചെയര്‍മാന്റെ ഔദ്യോഗിക വാഹനം ഡ്യൂട്ടി കഴിഞ്ഞശേഷം നഗരസഭാ ഓഫീസ് കോമ്പൗണ്ടില്‍ തന്നെ ഹാള്‍ട്ടാക്കണമെന്നാണ് കത്തിലെ ഉളളടക്കം.

നഗരസഭാ ചെയര്‍മാന്‍ ശ്രീമാന്‍ മുജീബ് കാടേരിക്കെതിരായി ഒരു വര്‍ഷം മുമ്പ് കൃത്യമായി പറഞ്ഞാല്‍ 2024 ഒക്ടോബര്‍ 18 ന് ഒരു പരാതി ജില്ലാ വിജിലന്‍സ് സമിതിക്ക് മുമ്പിലെത്തിയിരുന്നു. വിഷയത്തില്‍ കാര്യഗൗരവമായ നടപടികളൊന്നും ഉണ്ടായില്ല. ആയതിനാല്‍ വിവരാവകാപ്രവര്‍ത്തകനായ പരാതിക്കാരന്‍ വീണ്ടും സമിതിക്ക് പരാതി നല്‍കുകയായിരുന്നു.

നേരത്തെ തനിക്കെതിരായ വന്ന പരാതിയും അതെതുടര്‍ന്നുളള പത്രവാര്‍ത്തയ്ക്കും വിശദമായ മറുപടി ശ്രീമാന്‍ കാടേരി നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ പൊട്ടിത്തെറിച്ചുകൊണ്ട് നല്‍കിയിരുന്നു. അന്നദ്ദേഹം ഏറെ ക്ഷുഭിതനായിരന്നു. ഒന്നരമണിക്കൂര്‍ ആയിരുന്നു ആ പൊട്ടിത്തെറിയുടെ ദൈര്‍ഘ്യം. വിവരാവാകാശപ്രവര്‍ത്തകന്റെ പ്രതിലോമകരമായ പ്രവര്‍ത്തനങ്ങള്‍ നഗരസഭയുടെ വികസനപ്രവര്‍ത്തനങ്ങളെ തുരങ്കം വെയ്ക്കുന്നതാണെന്നും അദ്ദേഹം കൗണ്‍സില്‍ യോഗത്തില്‍ തുറന്നടിച്ചിരുന്നു. ഭാര്യയെ ഓഫീസില്‍ കൊണ്ടാക്കുന്നതും തിരിച്ചുകൊണ്ടുവരുന്നതും കുഞ്ഞിനെ അംഗനവാഡിയില്‍ വിടുന്നതും നഗരസഭ അനുവദിച്ചിട്ടുളള ഔദ്യോഗിക വാഹനത്തിലാണെന്നായിരുന്നു വിവരാവാകാശപ്രവര്‍ത്തകന്റെ മുഖ്യആരോപണം.

എന്നാല്‍, ജൂലൈ 28ന് ചേര്‍ന്ന ജില്ലാവിജിലന്‍സ് സമിതിക്കുമുമ്പാകെ വിവരാവാകശപ്രവര്‍ത്തകന്‍ നല്‍കിയ പരാതിയില്‍ മറ്റൊരു പരാതിക്കായിരുന്നു ഊന്നല്‍ നല്‍കിയത്. ചെയര്‍മാന്‍ തന്റെ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്യുന്നത് തടയാന്‍ ജില്ലാ ഭരണകൂടത്തിന് പറ്റുന്നില്ലെങ്കില്‍ വാഹനം രാത്രിയില്‍ വീട്ടില്‍ കൊണ്ടിടുന്നതെങ്കിലും നിര്‍ത്തലാക്കണം. ജില്ലയിലെ മറ്റു നഗരസഭാ ചെയര്‍മാനാന്‍മാരൊന്നും അത് ചെയ്യുന്നില്ലെന്നും പരാതിക്കാരന്‍ തദ്ദേശവകുപ്പ് ഉപഡയരക്ടറെ ബോധ്യപ്പെടുത്തി. ഡ്യൂട്ടി കഴിഞ്ഞ് വാഹനം വീട്ടില്‍ ഹാള്‍ട്ടാക്കുന്ന പതിവ് ചട്ടവിരുദ്ധമാണെന്ന്് സമിതി ചെയര്‍മാനും ബോധ്യപ്പെട്ടു. അതോടെ, സമിതി നടപടി സ്വീകരിക്കുകയായിരുന്നു.

ഊര്‍ജ്ജസ്വലനായ യൂത്ത്‌ലീഗ് നേതാവ് ശ്രീമാന്‍ മുജീബ് കാടേരി ഒരു പക്ഷെ, ഈ നടപടിക്കെതിരെ വീണ്ടും ക്ഷുഭിതനായാക്കാം. കൗണ്‍സില്‍ യോഗത്തില്‍ പൊട്ടിത്തെറിച്ചേക്കാം. അത് ‘പായസകപ്പി’ലെ കൊടുങ്കാറ്റായി ദയവായി ലീഗ് നേതൃത്വം അവഗണിക്കരുത്. അദ്ദേഹത്തിന്റെ മികച്ച രാഷ്ട്രീയ പാരമ്പര്യം സംരക്ഷിക്കാന്‍ അദ്ദേഹം തയ്യാറായില്ലെങ്കിലും ലീഗ് അതിനായി മുണ്ട് മുറുക്കിയുടക്കണം. ദശാബ്ദങ്ങളായി നിയമസഭയിലും ലോക്‌സഭയിലും തിളങ്ങിയ മുസ്ലിം ലീഗ് രാഷ്ട്രീയത്തിലെ ശക്തനായ നേതാവും മലപ്പുറം ലോക് സഭാ എം പിയുമായ ജനാബ് ഇടി മുഹമ്മദ് ബഷീര്‍ സാഹിബിന്റെ സഹോദരി പുത്രന്‍ കൂടിയാണ് ശ്രീമാന്‍ മുജീബ് കാടേരി. അതുകൊണ്ട് ദയവായി വിജിലന്റാകണം മുസ്ലിം ലീഗ്.

Leave a Reply

Your email address will not be published. Required fields are marked *