വേള്‍ഡ് ഡസ്‌ക്
ഗാസാ നഗരം അല്‍-ഷിഫ ആശുപത്രിക്ക് പുറത്ത് മാധ്യമപ്രവര്‍ത്തകരുടെ ക്യാമ്പില്‍ ഉണ്ടായ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ പ്രമുഖ അല്‍ ജസീറാ അറബിക് ജേണലിസ്റ്റ് അനസ് അല്‍-ഷെരീഫ് ഉള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടു.
അനസ് അല്‍-ഷെരീഫിനൊപ്പം മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ് ഖുറൈഖ, ക്യാമറാമാന്‍മാരായ ഇബ്രാഹിം സഹര്‍, മുഹമ്മദ് നൗഫല്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
ഇസ്രയേല്‍ സേന (IDF) ആക്രമണം സ്ഥിരീകരിച്ചെങ്കിലും അല്‍-ഷെരീഫ് ഹമാസിലെ ”ഒരു ഭീകര സംഘം തലവനായിരുന്നു” എന്നും ”ഇസ്രയേല്‍ പൗരന്മാര്‍ക്കും സൈനികര്‍ക്കുമെതിരെ റോക്കറ്റ് ആക്രമണം ഏകോപിപ്പിച്ചിരുന്നതിന് ഉത്തരവാദിയായിരുന്നു” എന്നും അവകാശപ്പെട്ടു.
22 മാസമായി ഗാസയില്‍ നിന്നും നേരിട്ടുള്ള റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്ന അല്‍-ഷെരീഫ്, നേരത്തെ തന്നെ ”എപ്പോഴും കൊല്ലപ്പെടാമെന്ന ഭയം” തനിക്കുണ്ടെന്ന് പറഞ്ഞിരുന്നു. ഹമാസ്-ഇസ്രയേല്‍ വെടിനിര്‍ത്തല്‍ ഘട്ടത്തില്‍ ലൈവ് റിപ്പോര്‍ട്ടിംഗിനിടെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് അഴിച്ചുമാറ്റിയ സംഭവം ലോക ശ്രദ്ധ നേടിയിരുന്നു.
ആക്രമണത്തിന് മിനിറ്റുകള്‍ക്ക് മുമ്പ്, ”ഗാസാ നഗരത്തിന്റെ കിഴക്കും തെക്കും ഭാഗങ്ങളില്‍ ഇസ്രയേല്‍ സേന ശക്തമായ ‘ഫയര്‍ ബെല്‍റ്റ്’ ബോംബാക്രമണം നടത്തുന്നു” എന്ന് അല്‍-ഷെരീഫ് X-ല്‍ പോസ്റ്റ് ചെയ്തിരുന്നു.
സംഭവസ്ഥലത്തിന് സമീപം റിപ്പോര്‍ട്ടിങ്ങ് ചെയ്തിരുന്ന സഹപ്രവര്‍ത്തകന്‍ ഹാനി മഹ്‌മൂദ്, ”ഞാന്‍ ഒരു ബ്ലോക്കിന് അകലെയാണ് ഉണ്ടായിരുന്നത്. വലിയ സ്‌ഫോടനം ആകാശം പ്രകാശിപ്പിക്കുന്നത് കണ്ടു. നിമിഷങ്ങള്‍ക്കുള്ളില്‍ അത് മാധ്യമപ്രവര്‍ത്തകരുടെ ക്യാമ്പാണെന്ന് അറിഞ്ഞു” എന്നു പറഞ്ഞു.
”ഒരു ആഴ്ച മുന്‍പ് ഒരു ഇസ്രയേല്‍ സൈനിക ഉദ്യോഗസ്ഥന്‍ അനസിനെ നേരിട്ട് കുറ്റപ്പെടുത്തുകയും, പട്ടിണി, ക്ഷാമം, പോഷകാഹാരക്കുറവ് സംബന്ധിച്ച റിപ്പോര്‍ട്ടിംഗിനെതിരെ പ്രചാരണം നടത്തുകയും ചെയ്തിരുന്നു” മഹ്‌മൂദ് അന്താരാഷ്ട്ര മാധ്യമത്തോട് വിശദീകരിച്ചു.
