ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്തക്ക് നേരെ ആക്രമണം. ഔദ്യോഗിക വസതിയിൽ നടത്തിയ ജന സമ്പർക്ക പരിപാടിക്കിടെയാണ് ആക്രമണമുണ്ടായത്. ഇതിൽ പങ്കെടുക്കാനെന്ന രീതിയിൽ ചില പേപ്പറുകളുമായി എത്തിയ യുവാവാണ് രേഖാ ഗുപ്തയെ ആക്രമിച്ചത്. മുഖ്യമന്ത്രി എത്തിയതിന് പിന്നാലെ ആക്രോശിച്ചുകൊണ്ട് ഇയാൾ മുഖത്തടിക്കുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ അറസ്റ്റ് ചെയ്ത് നീക്കി. പോലീസിന്റെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് ഈ സംഭവം നടന്നത്.
മുഖ്യമന്ത്രിയുടെ നേരെ ഇയാൾ ഭാരമേറിയ വസ്തു എറിഞ്ഞുവെന്നും വിവരമുണ്ട്. 35 വയസുള്ള ആളാണ് ആക്രമണം നടത്തിയത്. ഇയാളെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി, ചോദ്യം ചെയ്യുകയാണ്. ഇയാൾക്ക് ഏതെങ്കിലും രാഷ്ട്രീയ ബന്ധമുണ്ടോയെന്ന് അന്വേഷിക്കുകയാണ്. ഇയാളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇന്ന് രാവിലെയാണ് സംഭവം. അതേസമയം, ആക്രമണത്തിൽ പരിക്കേറ്റ മുഖ്യമന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റി. പരാതിക്കാരനെന്ന വ്യാജേന എത്തിയ യുവാവാണ് മുഖ്യമന്ത്രിയെ മർദിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സുരക്ഷാ വീഴ്ച്ചയുൾപ്പെടെ പൊലീസ് പരിശോധിച്ചു വരികയാണ്.
അതിനിടെ, ദില്ലി മുഖ്യമന്ത്രിക്ക് നേരെ ഉണ്ടായ ആക്രമണം ദൗർഭാഗ്യകരമായ സംഭവമാണെന്ന് ദില്ലി കോൺഗ്രസ് അധ്യക്ഷൻ ദേവേന്ദർ യാദവ് പ്രതികരിച്ചു. ദില്ലിയിലെ സ്ത്രീ സുരക്ഷയെ ബാധിക്കുന്നതാണ് സംഭവം. ദില്ലിയിലെ മുഖ്യമന്ത്രിക്ക് പോലും സുരക്ഷ ഇല്ലെങ്കിൽ എങ്ങനെയാണ് മറ്റു സ്ത്രീകൾ സുരക്ഷിതരാവുക എന്നും ദേവേന്ദർ യാദവ് പ്രതികരിച്ചു.
